സൊഖ്വാതാര്‍ (മിസോറാം) : മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വ്യോമാക്രമണം തുടങ്ങിയതോടെ ഇന്ത്യയില്‍ അഭയം തേടി മ്യാന്‍മറില്‍ നിന്നുള്ള ജനത. അതേസമയം ഇന്തോ -മ്യാന്‍മര്‍ അതിര്‍ത്തിയില്‍ പുതിയ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല (Myanmar air strike). ഇന്ത്യയുടെ അതിര്‍ത്തി ഗ്രാമമായ ഛംഫായ് ജില്ലയിലെ സൊഖ്വാതര്‍ മേഖലയിലാണ് പുതിയ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്. ഇവിടം ഇപ്പോള്‍ ശാന്തമാണ്.
മ്യാന്‍മര്‍ സൈനികര്‍ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് 5000ത്തിലേറെ മ്യാന്‍മറുകാര്‍ രാജ്യാന്തര അതിര്‍ത്തി കടന്ന് സൊഖ്വാതര്‍ മേഖലയില്‍ അഭയം തേടിയിട്ടുണ്ട്. അതിര്‍ത്തിയില്‍ ഇപ്പോള്‍ സ്ഥിതി ശാന്തമാണെന്നും നാട്ടുകാരനായ രാമ പറഞ്ഞു. പക്ഷേ ഒന്നും പ്രവചിക്കാനാകില്ലെന്നും എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസം മുന്‍പ് വരെ കാര്യങ്ങള്‍ അത്ര സന്തോഷകരമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ സുരക്ഷ സേന തികഞ്ഞ ജാഗ്രതയിലാണ്. തൈയ്‌വു പാലം വഴി ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പോക്ക് വരവുകള്‍ സൈന്യം നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെ സൊഖ്വറിനെയും മ്യാന്‍മറിലെ ചിന്‍ സംസ്ഥാനത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്.
ബോംബ് വര്‍ഷിച്ച ദിവസം തങ്ങള്‍ ഏറെ പേടിച്ചതായി സംഭവത്തിന് സാക്ഷിയായ സൊഹാന്‍ ഗ്ലിയാന പറഞ്ഞു. നവംബര്‍ 13ന് പകലും രാത്രിയും ബോംബ് വര്‍ഷം നടന്നതായി അദ്ദേഹം പറഞ്ഞു. പുലര്‍ച്ചെ നാല് മണിയോടെ ബോംബിടലും വെടിവയ്ക്കലും തുടങ്ങിയെന്നും ഗ്രാമത്തിലെ മറ്റൊരു യുവാവ് പറഞ്ഞു. മിസോറാം സര്‍ക്കാരും പ്രാദേശിക എന്‍ജിഒയും ചേര്‍ന്ന് ഒരുക്കിയിട്ടുള്ള സൗകര്യങ്ങളില്‍ തങ്ങള്‍ സന്തുഷ്‌ടരാണെന്ന് അഭയാര്‍ഥികള്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ അഭയം തേടിയിട്ടുള്ളവരില്‍ പ്രസവം അടുത്ത ഗര്‍ഭിണികള്‍ വരെയുണ്ട്. ഇവര്‍ക്ക് മിസോറം സര്‍ക്കാര്‍ വൈദ്യ സഹായം ലഭ്യമാക്കിയിട്ടുണ്ട്. തങ്ങള്‍ക്ക് മിസോറാം സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളില്‍ അവര്‍ നന്ദി പ്രകടിപ്പിച്ചു. എട്ട് ഗര്‍ഭിണികള്‍ അഭയാര്‍ഥി ക്യാമ്പില്‍ ഉണ്ട്. ആറ് കേന്ദ്രങ്ങളിലായാണ് അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്നത്. സ്‌കൂളുകളും കമ്യൂണിറ്റി ഹാളുകളും ഇതിനായി വിട്ട് നല്‍കിയിട്ടുണ്ട്. നിരവധി കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ ഇവിടെ താത്ക്കാലിക ഷെഡുകളിലും കഴിയുന്നുണ്ട്.
മ്യാന്‍മർ പൗരൻമാർ ഇന്ത്യയിലേക്ക് വരുന്നതില്‍ മിസോറാം, മണിപ്പൂര്‍ സര്‍ക്കാരുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. മ്യാന്‍മര്‍ ജനതയ്ക്ക് അഭയം ഒരുക്കുമ്പോള്‍ ആ അവസരം മുതലെടുത്ത് ഇന്ത്യ വിരുദ്ധ ശക്തികള്‍ രാജ്യത്തേക്ക് നുഴഞ്ഞ് കയറാനുള്ള സാഹചര്യമുണ്ടെന്നാണ് മുന്നറിയിപ്പ്. മ്യാന്‍മര്‍ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായതോടെയാണ് മ്യാന്‍മറില്‍ നിന്നെത്തുന്നവര്‍ക്ക് മണിപ്പൂരും മിസോറാമും അഭയം നല്‍കാന്‍ തുടങ്ങിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
അതിര്‍ത്തികളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അസം റൈഫിള്‍സ് അടക്കമുള്ള സുരക്ഷ ഏജന്‍സികളോടും നിര്‍ദേശിച്ചിട്ടുണ്ട്. അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് മ്യാന്‍മര്‍. 1643 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തിക്കുള്ളത്. ഇതില്‍ 1472 കിലോമീറ്റര്‍ കൃത്യമായി വേര്‍തിരിച്ചിട്ടുണ്ട്.
നിലവിലുള്ള നിരീക്ഷണങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നൂറ് കിലോമീറ്ററില്‍ സ്‌മാര്‍ട്ട് വേലി സ്ഥാപിച്ചിട്ടുണ്ട്. ചിന്‍ സംസ്ഥാനത്തെ രണ്ട് സൈനിക കേന്ദ്രങ്ങള്‍ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സ് എന്ന സംഘടന പിടിച്ചെടുത്തതോടെ 43 മ്യാന്‍മര്‍ സൈനികരും മിസോറാമില്‍ അഭയം തേടിയിട്ടുണ്ട്. 40 സൈനികരെ അസം റൈഫിള്‍സ് മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിന് പിന്നീട് കൈമാറി. മ്യാന്‍മറിലെ കലാപങ്ങള്‍ ഇന്ത്യയിലേക്കും വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര സുരക്ഷ ഏജന്‍സികള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
സംഘര്‍ഷം പുകയുന്ന അതിര്‍ത്തികള്‍: അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മല്‍ അത് സസൂക്ഷ്‌മം നിരീക്ഷിക്കേണ്ടതുണ്ട്. മിസോറമിലെയും മണിപ്പൂരിലെയും രാജ്യാന്തര അതിര്‍ത്തികളിലാണ് പ്രശ്‌നങ്ങള്‍ ഏറെയും. മ്യാന്‍മറിലെ സംഘര്‍ഷം ഇരുവശത്തും ഇതുവരെ നിരവധി പേരുടെ ജീവനെടുത്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ചില പൊലീസ് സ്റ്റേഷനുകളും സൈനിക കേന്ദ്രങ്ങളും വിമതര്‍ പിടിച്ചെടുത്തു കഴിഞ്ഞു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ മിക്കയിടങ്ങും കലാപ ബാധിതമാകാന്‍ സാധ്യതയുണ്ടെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്. കുറച്ച് സ്ഥലത്ത് മാത്രമാണ് വേലികള്‍ സ്ഥാപിച്ചിട്ടുള്ളത്.