മോഡലും നടിയുമായ കിം കർദാഷിയാന്‍റെ രൂപസാദൃശ്യം ലഭിക്കാൻ വേണ്ടി വെർസേസ് മോഡൽ ജെന്നിഫർ പാംപ്ലോണ മുടക്കിയത് ആറ് ലക്ഷം ഡോളർ. എന്നാൽ ഇപ്പോൾ പഴയ രൂപത്തിലേക്ക് മടങ്ങി വരണമെന്ന ആഗ്രഹം വന്നപ്പോൾ പാംപ്ലോണ മുടക്കിയത് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം ഡോളര്‍. സെലിബ്രിറ്റിയെ അനുകരിക്കാനുള്ള ശ്രമത്തിനിടെ 29കാരിയായ മോഡലിന് 12 വർഷത്തിനിടെ 40ഓളം സർജറികൾക്കാണ് വിധേയയാകേണ്ടി വന്നത്.
എന്നാൽ ആളുകൾ കർദാഷിയാൻ എന്ന് വിളിക്കാൻ തുടങ്ങിയത് അരോചകമായി മാറാൻ തുടങ്ങി. ഇതോടെ കർദാഷിയാന്‍റെ രൂപസാദൃശ്യം നൽകുന്ന സന്തോഷം വെറും ഉപരിപ്ലവം മാത്രമാണെന്ന് പാംപ്ലോണ തിരിച്ചറിയുകയായിരുന്നു.
"ഞാൻ ജോലി ചെയ്യുകയും പഠിക്കുകയും ബിസിനസ് ചെയ്യുകയും ചെയ്‌തു. വ്യക്തി ജീവിതത്തിൽ പലതും നേടി. എന്നാൽ കർദാഷിയാനെ പോലെയായി മാറിയതിന് ശേഷമാണ് ആളുകൾ എന്നെ അംഗീകരിക്കാൻ തുടങ്ങിയത്", പാംപ്ലോണ പറയുന്നു.
2010ൽ 17 വയസുള്ളപ്പോഴാണ് പാംപ്ലോണ ആദ്യമായി സർജറിക്ക് വിധേയയായത്. കർദാഷിയാൻ ജനപ്രീതി നേടി തുടങ്ങിയ സമയമായിരുന്നു അത്. ആദ്യത്തെ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം പാംപ്ലോണ കർദാഷിയാനെ പോലെ തോന്നിക്കുന്നതിനുള്ള ശസ്‌ത്രക്രിയകൾക്ക് അടിമയാകാൻ തുടങ്ങി. തുടർന്ന് മൂന്ന് റൈനോപ്ലാസ്റ്റികളും (മൂക്കിന് രൂപമാറ്റം വരുത്തുന്നതിന് നടത്തുന്ന പ്ലാസ്റ്റിക് സർജറി), നിതംബത്തിന്‍റെ വലിപ്പം കൂട്ടുന്നതിനും കൊഴുപ്പ് കുത്തിവയ്‌പ്പുകളും ഉൾപ്പെടെ ശരീരത്തിന്‍റെ താഴ്‌ഭാഗത്ത് എട്ട് ഓപ്പറേഷനുകളും ഉൾപ്പെടെ 40ഓളം ശസ്‌ത്രക്രിയകൾക്ക് പാപ്ലോണ വിധേയയായി.
കിം കർദാഷിയാന്‍റെ ഇരട്ട എന്ന പേരിൽ പാംപ്ലോണ അതിവേഗം അന്താരാഷ്‌ട്ര ശ്രദ്ധയാകർഷിച്ചു. ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് ഒരു ദശലക്ഷത്തില്‍ അധികമായി. എന്നാൽ ഈ സന്തോഷങ്ങൾക്ക് അധിക കാലം ആയുസ് ഉണ്ടായിരുന്നില്ല.
താൻ ശസ്‌ത്രക്രിയയ്‌ക്ക് അടിമയാണെന്ന് പാംപ്ലോണ തിരിച്ചറിഞ്ഞു. സൂപ്പർ മാർക്കറ്റിലേത് പോലെ താൻ മുഖത്ത് ഫില്ലറുകൾ ഇടുകയായിരുന്നുവെന്നും ഒരുപാട് ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നുവെന്നും പാംപ്ലോണ പറയുന്നു.
തനിക്ക് ബോഡി ഡിസ്‌മോർഫിയ എന്ന മാനസിക ബുദ്ധിമുട്ട് ഉണ്ടെന്ന് മനസിലാക്കാൻ വർഷങ്ങളെടുത്തു. എന്നാൽ അതിന് മുൻപ് വളരെയധികം അസ്വസ്ഥയായിരുന്നു. പിന്നീട് സ്വാഭാവിക രൂപത്തിലേക്ക് മടങ്ങാൻ ആഗ്രഹം തോന്നിയെന്നും അവർ പറയുന്നു.
തുടർന്ന് ഇസ്‌താംബൂളിലെ ഡോക്‌ടർ തന്‍റെ പഴയ രൂപം വീണ്ടെടുത്ത് നൽകാമെന്ന് പറഞ്ഞു. ശസ്‌ത്രക്രിയകൾക്ക് ശേഷം എങ്ങനെയായിരിക്കും രൂപം എന്ന് ഞാൻ കമ്പ്യൂട്ടറിൽ കണ്ടു. അത് എനിക്ക് ഒരു പുനർജന്മം പോലെയായിരുന്നു. മുഖവും കഴുത്തും ഉയർത്തൽ, കവിളിലെ കൊഴുപ്പ് നീക്കം ചെയ്യൽ, കണ്ണിലെ ശസ്‌ത്രക്രിയ, ചുണ്ടുകൾ ഉയർത്തൽ, മൂക്കിന്‍റെ ശസ്‌ത്രക്രിയ എന്നിവയ്‌ക്കെല്ലാം ഒരുമിച്ച് വിധേയയായി. ഓപ്പറേഷൻ റൂമിലേക്ക് പോയത് പോലെയായിരുന്നില്ല താൻ തിരിച്ചിറങ്ങിയത് എന്നും പാംപ്ലോണ പറയുന്നു.
പഴയ രൂപം വീണ്ടെടുക്കാനുള്ള ശസ്‌ത്രക്രിയയെ തുടർന്ന് നിരവധി ആരോഗ്യ പ്രശ്‌നങ്ങളും വേട്ടയാടാൻ തുടങ്ങി. മൂന്ന് ദിവസത്തേക്ക് കവിളിൽ നിന്ന് രക്തസ്രാവം ഉണ്ടായി. മരിക്കുമെന്ന് വരെ തോന്നി. ഇനി ഇത്തരം സാഹസത്തിന് മുതിരില്ലെന്നും പാംപ്ലോണ പറഞ്ഞു.