ബെയ്‌ജിങ്: ടിബറ്റില്‍ ഉടനീളം ചൈന നഴ്‌സറി കുട്ടികളുടെയടക്കം ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നുവെന്ന് മനുഷ്യാവകാശ സംഘടന. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്സ്‌വാച്ചാണ് കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. പൗരന്‍മാരുടെ ഡിഎന്‍എ സമ്മതമില്ലാതെ അധികൃതര്‍ ശേഖരിക്കുന്നതിന്‍റെ തെളിവുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഇന്നലെ (05.09.2022) ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പ്രസിദ്ധീകരിച്ചു.
ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ ബുദ്ധമത വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള ടിബറ്റില്‍ പ്രതിഷേധങ്ങള്‍ നടക്കാറുണ്ട്. ചൈനയുടെ മറ്റ് അതിര്‍ത്തി പ്രവിശ്യകളായ ഷിന്‍ജിയാങ്, മങ്കോളിയ എന്നിവിടങ്ങള്‍ പോലെ ചൈനയിലെ പ്രധാനപ്പെട്ട വിഭാഗമായ ഹാന്‍ വംശജര്‍ക്ക് ഭൂരിപക്ഷമില്ലാത്ത പ്രവിശ്യയാണ് ടിബറ്റ്. ടിബറ്റിലെ ജനങ്ങളുടെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന ചൈനീസ് സുരക്ഷ സേനയുടെ ആവനാഴിയിലെ പുതിയൊരു ആയുധമായി മാറിയിരിക്കുകയാണ് ടിബറ്റിലെ ജനങ്ങളുടെ ഡിഎന്‍എ സാമ്പിളുകളെന്ന് മനുഷ്യാവകാശ സംഘടനകള്‍ വാദിക്കുന്നു.
കുറ്റകൃത്യം തടയാനാണെന്ന് വാദം: കുറ്റകൃത്യങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്തുക എന്നതിന്‍റെ ഭാഗമായിട്ടാണ് ടിബറ്റിലെ എല്ലാവരില്‍ നിന്നും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നത് എന്നാണ് ചൈനീസ് അധികൃതര്‍ വാദിക്കുന്നത്. 70 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടിബറ്റ് ചൈനീസ് ഭരണത്തിന്‍റെ ഭാഗമാകുന്നത്. പല ടിബറ്റന്‍ പൗരന്‍മാരും ഇതിനെ അധിനിവേശമായിട്ടാണ് കാണുന്നത്. എന്നാല്‍ ചൈനീസ് അധികൃതര്‍ ഇതിനെ കാണുന്നത് ടിബറ്റന്‍ ജനതയുടെ പൗരോഹിത്യ ഭരണത്തില്‍ നിന്നുള്ള മോചനമായിട്ടാണ്.
1959ല്‍ ചൈനീസ് ഭരണത്തിനെതിരെ ടിബറ്റിലെ ജനങ്ങള്‍ പോരാട്ടം നടത്തിയിരുന്നു. ഇതിനെ ചൈന സായുധമായി അടിച്ചമര്‍ത്തുകയായിരുന്നു. ആ വര്‍ഷം ദലൈലാമ ഇന്ത്യയില്‍ അഭയം തേടി. ചൈനയുടെ താഴെ തലത്തിലുള്ള പൊലീസ് കുറ്റന്വേഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കുന്നത്. 2019മുതല്‍ ഡിഎന്‍എ ശേഖരണം നടക്കുകയാണ്. ടിബറ്റന്‍ സ്വയംഭരണ പ്രദേശത്തിന്‍റെ 14 മേഖലകളില്‍ ഡിഎന്‍എ ശേഖരണം നടക്കുന്നുണ്ട്. പൊലീസിനേയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും ഉപയോഗിച്ചാണ് ഡിഎന്‍എ ശേഖരിക്കുന്നത്.
സ്വകാര്യ വിവരങ്ങള്‍ വ്യാപകമായി ശേഖരിച്ച് സുരക്ഷ ഏജന്‍സികള്‍: സ്വകാര്യതയിലേക്ക് കടന്ന് കയറിയുള്ള പൊലിസ് നടപടിയായാണ് ഇതിനെ റിപ്പോര്‍ട്ടില്‍ ഹ്യൂമന്‍ റൈറ്റ്സ്‌വാച്ച് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു പ്രത്യേക വിഭാഗത്തില്‍ നിന്നുള്ള എല്ലാവരുടേയും സിഎന്‍എ സാമ്പിളുകളാണ് ശേഖരിക്കുന്നത് എന്നുള്ളത് കൊണ്ടാണ് ഇത്. അഞ്ച് വയസുള്ള കുട്ടികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. കുട്ടികളില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുമ്പോള്‍ അവരുടെ മാതപിതാക്കളോട് അറിയിക്കുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.
ചൈന ദേശീയ വ്യാപകമായും പൗരന്‍മാരുടെ ഡിഎന്‍എ ശേഖരിക്കാറുണ്ട്. ഇതില്‍ പല മനുഷ്യാവകാശ സംഘടനകളും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാറിന് പൗരന്‍മാരില്‍ വലിയ അധികാരങ്ങള്‍ കൈയാളാന്‍ സഹായിക്കുന്നതാണ് ഇതെന്നാണ് ആരോപണം. സമഗ്രാധിപത്യ സര്‍ക്കാറിന്‍റെ പ്രവണതയാണ് ഇതെന്നും മനുഷ്യവകാശ സംഘടനകള്‍ വാദിക്കുന്നു. 2000ത്തിലാണ് ചൈന ദേശീയ ഡിഎന്‍എ ഡാറ്റാബേസ് സ്ഥാപിച്ചത്. നാല് കോടി ജനങ്ങളുടെ വിവരങ്ങള്‍ ഈ ഡാറ്റാബേസില്‍ ഉണ്ട്.
കമ്മ്യൂണിസ്റ്റ് ഏകാധിപത്യ സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് വേണ്ടി വന്‍ രീതിയില്‍ പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ഏജന്‍സികള്‍ ശേഖരിക്കുന്നു എന്നുള്ള ആരോപണം വ്യാപകമാണ്. ഡിഎന്‍എ ഡാറ്റബേസിനോടൊപ്പം മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യകള്‍, ഫോണ്‍ ചോര്‍ത്തല്‍ എന്നിവയും സര്‍ക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്നു. സര്‍ക്കാറിനെതിരായുള്ള പ്രതിഷേധങ്ങള്‍ ഉടനെ അടിച്ചമര്‍ത്താന്‍ വേണ്ടിയാണ് ഇത്തരം നടപടികള്‍ ചൈനീസ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് ആരോപണം.