സാൻഫ്രാൻസിസ്കോ: ഇലോണ്‍ മസ്‌കിന്‍റെ അന്ത്യശാസനയെ തുടര്‍ന്ന് ട്വിറ്ററില്‍ കൂട്ടരാജി. ട്വിറ്ററില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ വ്യാഴാഴ്‌ച (17.11.22) വൈകുന്നേരത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്ന് ഉടമ ഇലോണ്‍ മസ്‌ക് ഇമെയിലിലൂടെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജി.
തീരുമാനം അറിയിക്കാന്‍ നല്‍കിയ സമയ പരിധിക്ക് മുമ്പ് തന്നെ നൂറുകണക്കിന് ജീവനക്കാരാണ് രാജി വച്ചത്. പുതിയ ട്വിറ്ററിന്‍റെ ഭാഗമാകണമെങ്കില്‍ ഇമെയിലില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ കയറി യെസ് (yes) എന്ന് ക്ലിക്ക് ചെയ്യണമെന്ന് മസ്‌ക് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ ട്വിറ്റര്‍ ഏറ്റെടുത്ത മസ്‌ക് നവംബര്‍ നാലിന് വലിയൊരു ശതമാനം തൊഴിലാളികളെയും പിരിച്ച് വിട്ടിരുന്നു.
3000ത്തോളം തൊഴിലാളികളെയാണ് ആദ്യം പിരിച്ച് വിട്ടത്. 'പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഞാന്‍ ട്വിറ്റര്‍ വിട്ടു. എന്‍റെ മുഴുവന്‍ സഹപ്രവര്‍ത്തകരോടും സ്‌നേഹമല്ലാതെ മറ്റൊന്നുമില്ല. ആയിര കണക്കിന് മുഖങ്ങളാണിപ്പോള്‍ എന്‍റെ മനസില്‍ മിന്നിമറയുന്നു. ഐ ലവ് യു ട്വിറ്റര്‍ ' കമ്പനിയിലെ ജീവനക്കാരനായിരുന്ന സതഞ്ജീവ് ബാനർജി രാജിയ്ക്ക് ശേഷം ട്വിറ്ററില്‍ കുറിച്ചു.
കമ്പനിയിലെ നൂറുകണക്കിന് ജീവനക്കാരാണ് ട്വിറ്ററില്‍ ഇത് സംബന്ധിച്ച് പോസ്‌റ്റുകളിട്ടത്. സംഭവത്തെ തുടര്‍ന്ന് ഓഫിസ് അടച്ചു. ബാഡ്‌ജ് ആക്‌സസ് താത്ക്കാലികമായി നിര്‍ത്തി വച്ചു. വിഷയത്തെ കുറിച്ച് മസ്‌ക് വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. നവംബര്‍ 21ന് ഓഫിസ് വീണ്ടും തുറക്കുമെന്നാണ് സൂചന.