തിരുവനന്തപുരം : മാലിദ്വീപ് തെരഞ്ഞെടുപ്പ് ആവേശം കേരള തലസ്ഥാനത്തും (Maldives Election Excitement In The Capital). മാലിദ്വീപ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനായി ഇന്ത്യയിലെ ഏക പോളിംഗ് ബൂത്ത് തിരുവനന്തപുരത്താണ് ഒരുക്കിയിട്ടുള്ളത്. കുമാരപുരം മാലിദ്വീപ് കോണ്‍സുലേറ്റിലാണ് (Maldives Consulate Administrator) പോളിംഗ് ബൂത്ത്. രാവിലെ മുതല്‍ രാജ്യത്തിന്‍റെ വിവിധ ഭാഗത്ത് നിന്നും നിരവധി പേരാണ് വോട്ട് ചെയ്യാന്‍ ബൂത്തില്‍ എത്തിയത്.
മാലിദ്വീപ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ രാജ്യത്ത് 412 വോട്ടുകളാണുള്ളത്. രാവിലെ 8:30 മുതല്‍ 4:30 വരെയാണ് പോളിംഗ് സമയം. ഉച്ച വരെ ഏകദേശം 50 ശതമാനത്തോളമാണ് തെരഞ്ഞെടുപ്പിലെ പോളിംഗ്. മാലിദ്വീപിലെ നിലവിലെ പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദിന്‍റെ മാലിദീവ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (Maldivian Democratic Party) ഉള്‍പ്പെടെ 7 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്. വോട്ടര്‍മാരില്‍ ഭൂരിഭാഗം പേരും തിരുവനന്തപുരത്താണ്.
തിരുവനന്തപുരം കുമാരപുരത്തെ കോണ്‍സുലേറ്റ് ജനറലിന്‍റെ ഓഫീസിലാണ് പോളിംഗ് ബൂത്ത് സ്ഥാപിച്ചിട്ടുള്ളത് പോളിംഗ് ബൂത്തില്‍ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് പൊലീസിനാണ് സുരക്ഷ ചുമതല. പോളിംഗിന് ശേഷം ഇന്ന് തന്നെ വോട്ടെണ്ണലും തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനവുമുണ്ടാകും.
തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ആര്‍സിസി തുടങ്ങിയ ആശുപത്രികളില്‍ ചികിത്സ തേടുന്നവരാണ് രാജ്യത്തെ മാലിദ്വീപ് പൗരന്മാരില്‍ ഭൂരിഭാഗവും. ഇന്ത്യയിലെ മാലിദ്വീപ് പൗരന്മാര്‍ ഉള്‍പ്പെടെ 2.82 ലക്ഷം വോട്ടര്‍മാരാണ് മാലിദ്വീപ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ വോട്ടര്‍മാര്‍. മാലിദ്വീപിലെ നിലവിലെ പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ഈ തിരഞ്ഞെടുപ്പിലും ഫലം തേടുന്നുണ്ട്. മുന്‍ പ്രസിഡന്‍റ് മുഹമ്മദ് നഷീദിന്‍റെ ഡെമോക്രാറ്റ്‌സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഇല്യാസ് ലബീദാണ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്‍റെ മുഖ്യ എതിരാളി. മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.
രാജ്യത്തെ ഏക പോളിംഗ് ബൂത്തില്‍ വോട്ടര്‍മാരുടെ വലിയ രീതിയിലുള്ള പങ്കാളിത്തമാണ് ഉണ്ടായതെന്ന് മാലിദ്വീപ് കോണ്‍സുലേറ്റ് അഡ്‌മിനിസ്‌ട്രേറ്റര്‍ ബെന്‍ ജോണ്‍സണ്‍ ഇടിവി ഭാരതിനോട് പറഞ്ഞു. 417 വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. സാധാരണ ഗതിയില്‍ പോളിംഗ് ദിവസം തന്നെയാണ് ഫലം പ്രഖ്യാപനം. ഇത്തവണയും അങ്ങനെ തന്നെയാകുമെന്നാണ് കരുതുന്നത്. ഇതു വരെ 50 ശതമാനം വോട്ടര്‍മാരുടെ പങ്കാളിത്തം തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ട്.
കേരളത്തിലെ വോട്ടര്‍മാരുടെ എണ്ണം കൃത്യമായി അറിയില്ല എന്നാല്‍ 150 ഓളം വോട്ടര്‍മാര്‍ കേരളത്തില്‍ നിന്നാണെന്ന് കരുതുന്നു. കേരളം കഴിഞ്ഞാല്‍ മൈസൂരു, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒരുപാട് മാലിദ്വീപ് നിവാസികള്‍ പാര്‍ക്കുന്നുണ്ട്. മുംബൈയിലും വലിയൊരു കമ്മ്യൂണിറ്റിയുണ്ട്. ഇവിടങ്ങളില്‍ നിന്നും രാവിലെ തന്നെ നിരവധി വോട്ടര്‍മാര്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി എത്തിച്ചേര്‍ന്നുവെന്നും ബെന്‍ ജോണ്‍സണ്‍ പറഞ്ഞു.