കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. മഹിന്ദ രജപക്‌സെ അനുകൂലികളും സർക്കാർ വിരുദ്ധ പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഭരണപക്ഷ എംപി അമരകീർത്തി അത്തുകോറള കൊല്ലപ്പെട്ടു. കാർ തടഞ്ഞ പ്രതിഷേധക്കാർക്ക് നേരെ എംപി ആദ്യം വെടിയുതിർക്കുകയായിരുന്നു.
എംപിയുടെ വെടിയേറ്റ് പ്രതിഷേധക്കാരില്‍ ഒരാൾ കൊല്ലപ്പെട്ടു. പിന്നീട് പ്രതിഷേധക്കാരില്‍ നിന്ന് രക്ഷപെട്ട എംപിയെ സമീപത്തെ കെട്ടിടത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതിഷേധം കലാപത്തിലേക്ക് വഴിമാറിയതോടെ ആദ്യം കൊളംബോയിലും പിന്നീട് രാജ്യം മുഴുവനും ഇപ്പോൾ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതിനിടെ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജി പ്രഖ്യാപിച്ചു. രണ്ട് മന്ത്രിമാരും പ്രസിഡന്‍റിന് രാജി നല്‍കിയിട്ടുണ്ട്. കൂടുതല്‍ മന്ത്രിമാർ രാജിവെക്കാൻ തയ്യാറായതായാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി പദത്തില്‍ തുടരാൻ നടത്തിയ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടതോടെയാണ് മഹിന്ദ രാജിവെച്ചത്.
മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസിന് സമീപമാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഇത് പിന്നീട് കൊളംബോ നഗരത്തിലേക്കും രാജ്യം മുഴുവനും കലാപമായി മാറുകയായിരുന്നു. നിരവധി പേർക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.