ലണ്ടൻ: ബ്രിട്ടണിലെ മൂന്നാമത്തെ വനിത പ്രധാനമന്ത്രി, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന രാജ്യത്തെ സാമ്പത്തികമായി കരകയറ്റുമെന്ന വാഗ്‌ദാനവുമായാണ് ലിസ്ട്രസ് അധികാരത്തിലെത്തിയത്. എന്നാൽ നികുതിയിളവും സബ്‌സിഡിയും പ്രഖ്യാപിച്ച് ജനപിന്തുണ നേടാനുള്ള ലിസ്ട്രസിന്‍റെ ശ്രമം തിരിച്ചടിയായി.
അധികാരമേറ്റ് 45-ാം ദിവസം പണപ്പെരുപ്പം മൂലം ലിസിന് രാജിവെക്കേണ്ടി വന്നു. ബ്രിട്ടന്‍റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞകാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി എന്ന പേരുമായാണ് ലിസ്ട്രസ് പടിയിറങ്ങുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ബ്രിട്ടൻ.
തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ ദിവസം തന്നെ നികുതി വെട്ടിക്കുറയ്‌ക്കുമെന്ന പ്രഖ്യാപനമാണ് ലിസിനെ പ്രധാനമന്ത്രി സ്ഥാനത്തെത്തിച്ചതെങ്കിൽ അതേ പ്രഖ്യാപനത്താൽ തന്നെ ട്രസിന് പടിയിറങ്ങേണ്ടിയും വന്നു. പ്രധാനമന്ത്രി പദത്തിലെത്തിയതിന് പിന്നാലെ ബ്രിട്ടനില്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങൾക്ക് പിന്നാലെയാണ് ലിസ് ട്രസിന്‍റെ രാജി.
രാജിക്ക് പിന്നിൽ: തന്നെ ഏൽപിച്ച ദൗത്യം നിറവേറ്റാന്‍ കഴിയുന്നില്ലെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുവരെ സ്ഥാനത്ത് തുടരുമെന്നുമാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് ലിസ്ട്രസ് വ്യക്തമാക്കിയത്. വീണ്ടുവിചാരമില്ലാതെ ലിസ്ട്രസ് നടപ്പാക്കിയ പരിഷ്‌കരണങ്ങൾ ബ്രിട്ടണെ കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്കാണ് എത്തിച്ചത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ലക്ഷ്യമിട്ട് ലിസ്ട്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ സാമ്പത്തിക നയങ്ങളും നികുതി നയങ്ങളും ബ്രിട്ടന് ഗുണംചെയ്യില്ലെന്ന് സ്വന്തം പാര്‍ട്ടിയിലെ മന്ത്രിമാരും എംപിമാരും ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. വ്യാപകമായി നികുതി വെട്ടിക്കുറച്ച് വളർച്ചയെ പുനരുജ്ജീവിപ്പിക്കുക എന്ന അജണ്ടയായിരുന്നു ട്രസിന്‍റേത്.
എന്നാൽ നികുതി വെട്ടിക്കുറക്കലുകളും ചെലവ് വർധനയും രാജ്യത്തെ സാമ്പത്തിക അവസ്ഥയെ തകർച്ചയിലേക്ക് നയിച്ചു. വന്‍കിട കമ്പനികള്‍ക്കുള്ള കോര്‍പറേഷന്‍ ടാക്‌സ് മുന്‍ സര്‍ക്കാര്‍ 19 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ലിസ്‌ട്രസ് സർക്കാർ ഇത് മരവിപ്പിച്ച് വീണ്ടും 19 ശതമാനമാക്കി കുറച്ചു.
ഇതോടെ വിപണിയില്‍ വന്‍ തകര്‍ച്ചയ്‌ക്ക് വഴിവച്ചു. പൗണ്ടിന്‍റെ മൂല്യം കുത്തനെ ഇടിഞ്ഞു. ബ്രിട്ടനിൽ പണപ്പെരുപ്പം കഴിഞ്ഞ 40 വർഷത്തെ ഉയർന്ന നിരക്കായ 10.1 ശതമാനത്തിലേക്ക് എത്തിയിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രതീക്ഷിച്ചതിന്‍റെ അഞ്ചിരട്ടിയാണിത്.
തമ്മിലടിയും രാജികളും: അധികാരമേറ്റതിന് പിറകെ ലിസ്ട്രസ് അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനും മിനി ബജറ്റിനും എതിരെ വൻ വിമർശനമാണ് ഉയർന്നത്. നികുതിയിളവുകൾ സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന് പ്രതിപക്ഷത്തിനൊപ്പം പാർട്ടിയിലേയും കാബിനറ്റിലെയും പ്രമുഖർ വിമർശിച്ചു. പ്രതിരോധത്തിലായതോടെ ധനമന്ത്രി ക്വാസി കോർട്ടെങ്ങ് രാജിവച്ചു. പിറകെ ലിസ്‍ ട്രസിനെതിരെ ആരോപണൾ ഉന്നയിച്ച് ആഭ്യന്തരമന്ത്രിയും ഇന്ത്യൻ വംശജയുമായ സുവല്ലെ വെർമനും സ്ഥാനം ഒഴിഞ്ഞു.
ജെറമി ഹണ്ടിന്‍റെ നടപടിയിൽ പതറി ട്രസ്: മുൻ ധനമന്ത്രി ക്വാസി ക്വാർടെങ് അവതരിപ്പിച്ച ഇടക്കാല ബജറ്റ് ബ്രിട്ടന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. പൗണ്ടിന്‍റെ മൂല്യം ഇടിയാനും വിലക്കയറ്റം രൂക്ഷമാകാനും ഇത് ഇടയാക്കി. ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച നികുതിയിളവുകളിലേറെയും പുതിയ ധനമന്ത്രി ജെറമി ഹണ്ട് റദ്ദാക്കി. അധികാരത്തിലെത്തിയതോടെ ഹണ്ട് ലിസിന്‍റെ അജൻഡകളെല്ലാം കീറിമുറിച്ചു.
അടുത്തതാര്: ആരാവും അടുത്ത പ്രധാനമന്ത്രി എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങൾ ഏറെയാണ്. ഒക്‌ടോബർ 28നകം പുതിയ നേതാവിനെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കുമെന്ന് പാർട്ടി വ്യക്തമാക്കി. അതുവരെ ട്രസ് പ്രധാനമന്ത്രിയായി തുടരും.
ലിസി ട്രസിന്‍റെ മുൻഗാമിയായിരുന്ന ബോറിസ് ജോണ്‍സൻ വീണ്ടും പ്രധാനമന്ത്രിയാകാൻ മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. എന്നാൽ, മത്സരിക്കുമോ ഇല്ലെയോ എന്ന കാര്യത്തിൽ ബോറിസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
നിലവിൽ റിഷി സുനകും പെന്നി മോർഡൗൻഡും മാത്രമാണ് മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളുത്. 100 എംപിമാരുടെ പിന്തുണയുളളവർക്ക് മാത്രമേ മത്സരത്തിന് യോഗ്യതയുണ്ടാവുകയുളളൂ. ആകെ 357 എംപിമാരാണ് ഭരണ കക്ഷിയായ കണ്‍സർവേറ്റീവ് പാർട്ടിക്കുളളത്.
ഋഷി സുനകിന് സാധ്യതയേറെ: ബ്രിട്ടന്‍റെ അടുത്ത പ്രധാനമന്ത്രിയാകാൻ ഇന്ത്യൻ വംശജൻ ഋഷി സുനകിന് സാധ്യതയേറെയാണ്. നേരത്തെ കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ ഋഷി സുനകിനെയാണ് ട്രസ് കീഴടക്കിയത്. ട്രസിനെതിരായ മത്സരത്തിൽ ആദ്യഘട്ടത്തിൽ മുന്നിലായിരുന്ന സുനക് അവസാന ഘട്ടത്തിലാണ് പിന്നാക്കം പോയത്.
എന്നാൽ അന്നത്തേക്കാൾ പിന്തുണ ഇപ്പോൾ സുനക് പക്ഷത്തിനുണ്ട്. ലിസിന്‍റെ സാമ്പത്തിക നയം അപ്രായോഗികമാണെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുനക് പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ നടന്നിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യൻ വംശജനായ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും ഋഷി സുനക്. പഞ്ചാബിൽ ജനിച്ച് ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും പിന്നീട് ബ്രിട്ടനിലേക്കും കുടിയേറിയവരാണ് സുനകിന്‍റെ പൂർവികർ.