ലുബിയാന : സ്ലൊവേനിയയില്‍ നതാസ പിർക് മുസാർ പ്രസിഡന്‍റ് സ്ഥാനത്തേക്കെന്ന് അഭിപ്രായ സര്‍വേകള്‍. ഞായറാഴ്‌ച നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ മധ്യയൂറോപ്യന്‍ രാജ്യമായ സ്ലൊവേനിയയുടെ ആദ്യത്തെ വനിത പ്രസിഡന്‍റായിരിക്കും മനുഷ്യാവകാശ അഭിഭാഷക കൂടിയായ നതാസ പിർക് മുസാർ. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ വലതുപക്ഷ പാര്‍ട്ടി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ ആന്‍സെ ലോഗറിനെതിരെ മുസാറിന് വ്യക്തമായ ലീഡുണ്ടെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
മത്സരിച്ച ഏഴ് സ്ഥാനാര്‍ഥികള്‍ക്കും അമ്പത് ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. രണ്ടാം റൗണ്ടില്‍ രാഷ്‌ട്രീയമായി മധ്യ നിലപാടുകള്‍ വച്ച് പുലര്‍ത്തുന്നവരും ഉദാരവാദികളും മുസാറിന് വോട്ട് ചെയ്യുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സ്ലൊവേനിയയിലെ ഇടത് വലത് രാഷ്‌ട്രീയ വിടവ് നികത്താന്‍ ശ്രമിച്ച, ഒരു ദശാബ്‌ദക്കാലം പ്രസിഡന്‍റ് സ്ഥാനത്തിരുന്ന ബോറൂട്ട് പഹോറിന്‍റെ പിന്‍ഗാമിയായിട്ടായിരിക്കും രണ്ടാം റൗണ്ടിലെ വിജയി അധികാരത്തില്‍ വരിക.
പ്രസിഡന്‍റിന് ചില നിര്‍ണായക അധികാരങ്ങള്‍ : സ്ലൊവേനിയയില്‍ പ്രഥമ പൗരസ്ഥാനം വലിയൊരളവ് വരെ ആലങ്കാരിക പദവിയാണെങ്കിലും ഭരണകൂടത്തിന്‍റ നേതൃത്വം എന്ന നിലയില്‍ ചില നിര്‍ണായക അധികാരങ്ങള്‍ പ്രസിഡന്‍റിനുണ്ട്. പ്രധാനമന്ത്രിയേയും ഭരണഘടന കോടതിയിലെ അംഗങ്ങളേയും നാമനിര്‍ദേശം ചെയ്യുന്നത് പ്രസിഡന്‍റാണ്. പിന്നീടാണ് ഇവരെ പാര്‍ലമെന്‍റ് തെരഞ്ഞെടുക്കുന്നത്. അഴിമതി വിരുദ്ധ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതും പ്രസിഡന്‍റാണ്.
മുന്‍ യുഎസ് പ്രഥമ വനിത മിലാനിയ ട്രംപിന് വേണ്ടി പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ പിർക് മുസാർ അഭിഭാഷക എന്ന നിലയില്‍ വാദിച്ചിട്ടുണ്ട്. മെലാനിയ ട്രംപ് സ്ലൊവേനിയയില്‍ നിന്നാണ് യുഎസിലേക്ക് കുടിയേറുന്നത്. പിര്‍ക് മുസാറിന്‍റെ ഭര്‍ത്താവിന്‍റെ ബിസിനസ് സാമ്രാജ്യവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളാണ് അവര്‍ക്കെതിരായുള്ള രാഷ്‌ട്രീയ എതിരാളികളുടെ പ്രധാന വിമര്‍ശനം.
ലോഗര്‍ വിജയിക്കുകയാണെങ്കില്‍ ലിബറല്‍ മുന്നണിക്ക് തിരിച്ചടി : എല്‍ജിബിടി വിഭാഗങ്ങള്‍ക്ക് വേണ്ടി നിരവധി നിയമ പോരാട്ടങ്ങള്‍ നടത്തിയ വ്യക്തിയാണ് പിര്‍ക് മുസാര്‍. ഉദാര ആശയങ്ങളും പരമ്പരാഗത ആശയങ്ങളും തമ്മിലുള്ള മത്സരമാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ നടക്കുകയെന്ന് പിര്‍ക് മുസാര്‍ പറഞ്ഞു. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി അല്ല എന്നുള്ളത് തനിക്ക് തെരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്ന് അവര്‍ പറഞ്ഞു.
വലതുപക്ഷ നിലപാടുള്ള പ്രധാനമന്ത്രിയായിരുന്ന ജാനസ് ജാൻസയുടെ മന്ത്രിസഭയിലാണ് ലോഗര്‍ വിദേശകാര്യമന്ത്രിയായിരുന്നത്. വിഭജന നയങ്ങളും ജനാധിപത്യ വിരുദ്ധ സമീപനങ്ങളും ജാനസ് ജാന്‍സയുടെ മേല്‍ ആരോപിക്കപ്പെട്ടിരുന്നു. ലോഗര്‍ വിജയിക്കുകയാണെങ്കില്‍, ജാനസ് ജാന്‍സയെ പരാജയപ്പെടുത്തി ആറ് മാസം മുന്‍പ് അധികാരത്തില്‍ വന്ന ലിബറല്‍ സംഖ്യത്തിനുള്ള തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുക.