ഹൈദരാബാദ്: മെയ് മൂന്നിന് നടന്ന ക്രെംലിൻ ആക്രമണം റഷ്യയുടെ തന്നെ ബോധപൂർവ്വമായ പദ്ധതിയാണെന്ന യുക്രേനിയൻ വാദം ശക്തിപ്പെടുന്നു. യുദ്ധ പഠന ഇൻസ്‌റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോട്ടിലാണ് വാദം ശരിവക്കുന്ന വിവരങ്ങൾ ഉള്ളത്. മെയ് മൂന്നിനാണ് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ മോസ്‌കോയിലെ ക്രെംലിൻ കൊട്ടാരത്തെ ലക്ഷ്യമാക്കി രണ്ട് ഡ്രോണുകൾ എത്തിയത്.
എന്നാൽ രണ്ട് ഡ്രോണുകളും റഷ്യൻ സുരക്ഷ ഉദ്യോഗസ്ഥർ വെടിവച്ച് വീഴ്‌ത്തിയിരുന്നു. റഷ്യൻ പ്രാദേശിക മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ആക്രമണം നടന്ന സമയത്ത് പുടിൻ ക്രെംലിനിൽ ഉണ്ടായിരുന്നില്ലെന്നും നോവോ ഒഗാരിയോവോ വസതിയിൽ നിന്നാണ് ജോലി ചെയ്‌തിരുന്നതെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
എന്നാൽ ക്രെലിനിൽ ഡ്രോണുകൾ എത്തുന്നതിന്‍റേയും കൊട്ടാര പരിസരത്ത് രണ്ട് തീ ഗോളങ്ങൾ ഉണ്ടാകുകയും പുക ഉയരുകയും ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പുടിനെ വധിക്കാൻ യുക്രൈൻ നടത്തിയ ആക്രമണമാണ് ഇതെന്നായിരുന്നു സംഭവത്തിൽ റഷ്യയുടെ വാദം. അതേസമയം ഈ ആരോപണം നിഷേധിച്ച് കൊണ്ട്, തങ്ങൾക്കെതിരെ വലിയ ആക്രമണം നടത്താൻ റഷ്യ തന്നെ ഉണ്ടാക്കിയെടുത്ത ഒരു കാരണമാണിതെന്നും തങ്ങൾ പ്രതിരോധത്തിന് വേണ്ടി മാത്രമാണ് യുദ്ധം ചെയ്യുന്നതെന്നും ഫിൻലൻഡ് സന്ദർശനത്തിനിടെ യുക്രൈൻ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു.
also read: യുക്രൈനിലെ ബഖ്‌മുട്ട് പിടിച്ചെടുത്തതായി റഷ്യയുടെ വാഗ്നര്‍ ഗ്രൂപ്പ്: പ്രദേശത്ത് റഷ്യൻ പതാക ഉയർത്തി
വ്യോമ പ്രതിരോധ സംവിധാനങ്ങൾ: യുക്രൈനെതിരെ റഷ്യ വലിയൊരു ആക്രമണത്തിനൊരുങ്ങുകയാണെന്ന വാദങ്ങൾ ശക്തിപ്പെടുത്തുന്ന രീതിയിൽ റഷ്യൻ ആഭ്യന്തര വ്യോമ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള നടപടികൾ റഷ്യൻ അധികാരികൾ സ്വീകരിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
മോസ്‌കോ നഗരത്തിന് ചുറ്റും വ്യോമ പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്ന ചിത്രങ്ങളും ജനുവരിയിൽ പുറത്ത് വന്നിട്ടുണ്ട്. അതിനാൽ റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനം ഭേദിച്ച് രണ്ട് ഡ്രോണുകൾ ക്രെംലിനിലെത്താനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് ക്രെലിനിലെ ആക്രമണം റഷ്യയുടെ മറ്റൊരു യുദ്ധ നീക്കത്തിന്‍റെ ഭാഗമായാണ് സംശയിക്കപ്പെടുന്നത്.
ഒഴിയാത്ത യുദ്ധ ഭീഷണി: റഷ്യയുടെ സ്വകാര്യ അർധ സൈനിക വിഭാഗമായ വാഗ്‌നർ ഗ്രൂപ്പ് യുക്രൈനിലെ ബഖ്‌മുട്ട് പിടിച്ചെടുത്തതായും സ്ഥലത്ത് റഷ്യൻ പതാക സ്ഥാപിച്ചതായുമുള്ള റിപ്പോട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. കൂടാതെ ബെലാറസിൽ ആണവായുധങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതി വ്‌ളാഡിമിർ പുടിൻ വെളിപ്പെടുത്തിയതിന് പിന്നാലെ ആണവ ഭീഷണി നേരിടുന്നതിന് യുക്രൈൻ സർക്കാർ യുഎൻ കൗൺസിലിന്‍റെ അടിയന്തര യോഗം മാർച്ചിൽ വിളിച്ച് ചേർക്കുകയും ചെയ്‌തിരുന്നു. യുക്രൈന് യുറേനിയം ഉൾപ്പടെയുള്ള ആയുധങ്ങൾ നൽകാൻ യുകെ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ യുക്രൈന് പാശ്ചാത്യ സൈനിക പിന്തുണ കൂടുന്നതിലാണ് തങ്ങൾ ആണവായുധങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിയെന്നായിരുന്നു വിഷയത്തിൽ റഷ്യയുടെ പക്ഷം.
also read: ബെലാറസിൽ ആണവായുധങ്ങൾ സ്ഥാപിക്കാൻ റഷ്യ; യുഎൻ സുരക്ഷ കൗൺസിലിന്‍റെ അടിയന്തര യോഗം വിളിച്ച് യുക്രെയ്ൻ