ഒട്ടാവ: ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിന് (Hardeep Singh Nijjar Murder Case) പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാറാണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിസ് ട്രൂഡോയുടെ (Canadian Prime Minister Justin Trudeau) ആരോപണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ പ്രതിഷേധ പ്രകടനവുമായി ഖാലിസ്ഥാന്‍ അനുകൂലികള്‍. കോണ്‍സുലേറ്റിന് മുന്നില്‍ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാക കത്തിക്കുകയും ചവറ്റു കുട്ടയില്‍ എറിയുകയും ചെയ്‌തു. കാനഡയിലെ പ്രധാന നഗരമായ ടൊറന്‍റോയിലും സമാന സ്ഥിതിയാണ് നിലവിലുള്ളത് (Canadian Prime Minister Justin Trudeau's Allegation On Hardeep Singh Murder).
നിജ്ജാര്‍ കൊലപാതക കേസില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കാനഡയിലുടനീളമുള്ള നഗരങ്ങളില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധം ആസൂത്രണം ചെയ്‌തിട്ടുണ്ട്. അതിലൊന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നിലെ പ്രതിഷേധം.
കനത്ത സുരക്ഷയൊരുക്കി പൊലീസ് (Police Protection In Canda): വാന്‍കൂറിലെ സിഖുക്കാരുടെ പ്രതിഷേധത്തിന് മുന്നോടിയായി മേഖലയില്‍ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റിന് ചുറ്റുമുള്ള റോഡ് അടക്കുകയും ഹൗ സ്‌ട്രീറ്റിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ പ്രവേശന കവാടം ബാരിക്കേഡ് വച്ച് തടയുകയും ചെയ്‌തിരുന്നു. സംഭവത്തിന് പിന്നാലെ ഡബ്ല്യു കോര്‍ഡോവയ്‌ക്കും ഡബ്ല്യു ഹോസ്‌റ്റിങ്സ് സ്‌ട്രീറ്റിനും ഇടയിലുള്ള വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ടെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം നിലനില്‍ക്കുമെന്നും പൊലീസ് എക്‌സില്‍ കുറിച്ചിരുന്നു. പ്രതിഷേധം അവസാനിച്ചതോടെ റോഡ് ഗതാഗത യോഗ്യമായെന്നും പൊലീസ് എക്‌സില്‍ കുറിച്ചു.
വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷന്‍ (World Sikh Organization): സംഭവത്തില്‍ വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷന്‍ ഇടപെടാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ കുറ്റക്കാരെ കണ്ടെത്തണമെന്ന് വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്‍റ് തേജീന്ദര്‍ സിങ് സിദ്ദു (World Sikh Organization President Tejinder Singh Sidhu) പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ സുരക്ഷിതരല്ലെന്ന് തോന്നുകയോ അംഗങ്ങള്‍ക്കെതിരെ അക്രമത്തിന് ശ്രമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തുകയോ ചെയ്‌താല്‍ ഉടന്‍ തന്നെ നിയമപാലകരുമായി ബന്ധപ്പെടണമെന്നും തേജീന്ദര്‍ സിങ് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂണ്‍ 18നാണ് ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് മേധാവി ഹര്‍ദീപ് സിങ് നിജ്ജാര്‍ സിഖ് ക്ഷേത്രത്തില്‍ വച്ച് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിസ് ട്രൂഡോ രംഗത്തെത്തി. സെപ്‌റ്റംബര്‍ 18നാണ് ഇന്ത്യക്കെതിരെ ട്രൂഡോ ആരോപണം ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് ഇന്ത്യ-കാനഡ ബന്ധം വഷളായി.
നിജ്ജാര്‍ കൊലക്കേസില്‍ പ്രധാനമന്ത്രി ട്രൂഡോ പാര്‍ലമെന്‍റില്‍ നടത്തിയ പ്രസ്‌താവനയും ഇന്ത്യക്കെതിരെയുള്ള ആരോപണങ്ങളും അസംബന്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം (Ministry of External Affairs (MEA) പ്രസ്‌താവനയില്‍ വ്യക്തമാക്കി. ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കെതിരെയുള്ള കാനഡയുടെ ആരോപണങ്ങള്‍ രാഷ്‌ട്രീയമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു. കാനഡ സര്‍ക്കാറിന്‍റെ ആരോപണങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.