ശ്രീനഗർ: അതിർത്തി തർക്കങ്ങളിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം സമാധാനപരമായി പരിഹരിക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ട് ചൈനീസ് വിദേശകാര്യ മന്ത്രാലയം. ബീജിങ്ങിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ പാകിസ്ഥാൻ മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ്ങിന്‍റെ പ്രതികരണം. ഇന്ത്യയും പാകിസ്ഥാനും കശ്‌മീർ പ്രശ്‌നം ചർച്ചയിലൂടെയും നയതന്ത്രപരമായ കൂടിയാലോചനയിലൂടെയും പരിഹരിക്കണമെന്നും ഏകപക്ഷീയമായ നടപടികൾ ഒഴിവാക്കണമെന്നും മാവോ നിങ് പറഞ്ഞു.
കശ്‌മീർ വിഷയത്തിൽ ചൈനയുടെ നിലപാട് വ്യക്തമാണ്. കശ്‌മീർ തർക്കം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചരിത്രപരമായ പ്രശ്‌നമാണ്. യുഎൻ ചാർട്ടർ, സുരക്ഷ കൗൺസിൽ പ്രമേയങ്ങൾ, ഉഭയകക്ഷി കരാറുകൾ എന്നിവയ്ക്ക് അനുസൃതമായി തർക്കം സമാധാനപരമായി പരിഹരിക്കപ്പെടണമെന്നും മാവോ നിങ് പറഞ്ഞു.
സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്ന ഏകപക്ഷീയമായ നടപടികളിൽ നിന്ന് ഇരുരാജ്യങ്ങളും വിട്ടുനിൽക്കണം. ചൈന ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ കശ്‌മീർ വിഷയത്തിൽ പലപ്പോഴും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തിൽ മൂന്നാമതൊരു രാജ്യത്തിന്‍റെ ഇടപെടൽ എല്ലായ്‌പ്പോഴും നിരസിക്കുമെന്നതാണ് ഇന്ത്യയുടെ നിലപാട്. കേന്ദ്രഭരണ പ്രദേശവുമായി ബന്ധപ്പെട്ട ജമ്മു കശ്‌മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് എന്നാണ് ഇന്ത്യ എപ്പോഴും പറയുന്നതെന്നും മാവോ നിങ് കൂട്ടിച്ചേർത്തു.
ചൈന ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾക്ക് കശ്‌മീർ വിഷയത്തിൽ അഭിപ്രായം പറയാൻ അവകാശമില്ലെന്നും ഇന്ത്യ അതിന്‍റെ ആഭ്യന്തര വിഷയങ്ങളിൽ മറ്റുള്ളവരുടെ അഭിപ്രായം സ്വീകരിക്കില്ലെന്നും ഈ വർഷം മാർച്ചിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. കശ്‌മീരിനെ ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പതിറ്റാണ്ടുകളായി തർക്കം നിലനിൽക്കുകയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കശ്‌മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കിയതോടെ സംഘർഷം രൂക്ഷമായി.