വാഷിംഗ്‌ടൺ : ഇസ്രയേൽ - ഹമാസ് യുദ്ധം (Israel - Hamas War) രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിന് കൂടുതൽ സാമ്പത്തിക സഹായം നൽകണമെന്ന് യുഎസ് കോൺഗ്രസിനോട് ആവശ്യപ്പെട്ട് പ്രസിഡന്‍റ് ജോ ബൈഡൻ (US President Joe Biden). ഇസ്രയേൽ യാത്ര സംബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു ബൈഡൻ. മിഡിൽ ഈസ്‌റ്റ് രാജ്യങ്ങളുടെ ഭാവി മികച്ചതാക്കാൻ അമേരിക്കയും സഖ്യകക്ഷികളും പ്രവർത്തിക്കും.
ഈ വർഷം ഉച്ചകോടിയിൽ പ്രഖ്യാപിച്ച പ്രകാരം ഇന്ത്യൻ മിഡിൽ ഈസ്റ്റ് യൂറോപ്പ് റെയിൽ കോറിഡോർ (Indian Middle East Europe rail corridor) പോലുള്ള നൂതന പദ്ധതികൾ നടപ്പാക്കും. ഇതിലൂടെ വിപണി സാധ്യത ഉയർത്താനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനും രാജ്യങ്ങൾ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങൾ കുറയ്ക്കാനും സാധിക്കുമെന്നും ബൈഡൻ പറഞ്ഞു. ഇത് അമേരിക്കയ്ക്കും മിഡിൽ ഈസ്‌റ്റിലെ എല്ലാ ജനങ്ങൾക്കും ഗുണകരമാകും.
അമേരിക്കൻ നേതൃത്വമാണ് ലോകത്തെ ഒരുമിച്ച് നിർത്തുന്നതെന്നും ബൈഡന്‍ കൂട്ടിച്ചേർത്തു. ഒക്‌ടോബർ 18 നാണ് ജോ ബൈഡന്‍ ഇസ്രയേൽ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയത്. യാത്രയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും അദ്ദേഹത്തിന്‍റെ മന്ത്രിസഭയിലെ അംഗങ്ങളെയും നേരിൽ കണ്ടതായും ഹമാസ് ആക്രമണത്തിന്‍റെ ഭീകരത അനുഭവിച്ച ഇസ്രയേലികളുമായി ആശയവിനിമയം നടത്തിയതായും ബൈഡന്‍ തന്‍റെ രണ്ടാമത്തെ ഓവൽ ഓഫിസ് പ്രസിഡൻഷ്യൽ പ്രസംഗത്തിൽ പറഞ്ഞു.
ഏകദേശം 32 അമേരിക്കൻ പൗരന്മാരുൾപ്പടെ 1,300 ലധികം പേരാണ് ഇസ്രയേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ കുട്ടികളും സാധാരണക്കാരും ഉൾപ്പെടുന്നു. ഇസ്രയേലികളും അമേരിക്കക്കാരും ബന്ദികളാക്കപ്പെട്ടിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇസ്രയേലിനൊപ്പം താനും രാജ്യവും നിലകൊള്ളും.
ഇസ്രയേലിന്‍റെയും യുക്രെയ്‌ന്‍റെയും ജയം അമേരിക്കയുടെ ദേശീയ സുരക്ഷയ്‌ക്ക് ആവശ്യമാണ്. ആ സാഹചര്യത്തിൽ രാജ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള അടിയന്തര ബജറ്റ് നടപ്പാക്കാൻ കോൺഗ്രസിനോട് ആവശ്യപ്പെടും. ഇതിലൂടെ ഇസ്രയേലിലെ അമേരിക്കൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും ആ രാജ്യത്തെ കുട്ടികളുൾപ്പടെയുള്ളവർക്ക് സമാധാനപരമായ ജീവിത സാഹചര്യം കെട്ടിപ്പടുക്കുവാനും സാധിക്കും.
അതേസമയം, യുദ്ധത്തിൽ നിന്നും സാധാരണക്കാർക്ക് സംരക്ഷണം നൽകാനും ഗാസയിലെ ജനങ്ങൾക്ക് അടിയന്തരമായി ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കാനുമുള്ള നടപടി കൈക്കൊണ്ടിട്ടുണ്ട്. ഇസ്രയേൽ - ഈജിപ്‌ത് നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഗാസയിലെ പലസ്‌തീൻ പൗരന്മാർക്ക് ഐക്യരാഷ്‌ട്രസഭയിൽ നിന്നുള്ള മാനുഷിക സഹായം എത്തിക്കുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അമേരിക്കൻ പ്രസിഡന്‍റ് പറഞ്ഞു.
റഷ്യയേയും ഹമാസിനേയും ഉപമിച്ച് ബൈഡൻ : യുക്രെയ്‌ൻ - റഷ്യ യുദ്ധത്തിൽ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പരാജയപ്പെട്ടതായി ബൈഡന്‍ പറഞ്ഞു. യുക്രെയ്‌ൻ ജനതയുടെ ധീരത കൊണ്ടാണ് കീവ് ഇപ്പോഴും നിലകൊള്ളുന്നത്. റഷ്യൻ സൈന്യം ഒരിക്കൽ പിടിച്ചടക്കിയ പ്രദേശത്തിന്‍റെ 50 ശതമാനത്തിലധികം യുക്രെയ്‌ൻ തിരിച്ചുപിടിച്ചുകഴിഞ്ഞു.
യുക്രെയ്‌ൻ ജനതയ്‌ക്കെതിരായ ആക്രമണത്തിന് ഡ്രോണുകളും വെടിക്കോപ്പുകളും വാങ്ങാൻ പുടിൻ ഇറാനിലേക്കും ഉത്തരകൊറിയയിലേക്കും പോയി. എന്നാൽ റഷ്യയ്‌ക്ക് ഇക്കാര്യത്തിൽ സഹായം ചെയ്യില്ലെന്ന് അമേരിക്ക നേരത്തേതന്നെ അറിയിച്ചിരുന്നതാണെന്നും റഷ്യയേയും ഹമാസിനേയും ഉപമിച്ച് ബൈഡൻ പറഞ്ഞു.