റമല്ല: വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്‌പ്പില്‍ ഒരു വൃദ്ധ ഉള്‍പ്പടെ 9 പലസ്‌തീനികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെയുണ്ടായ വെടിവയ്പ്പിന് ശേഷം സൈന്യം അഭയാര്‍ഥി ക്യാമ്പില്‍ നിന്നും പിന്മാറി.
പലസ്‌തീനിയൻ റെഡ് ക്രസന്‍റ് (പിആർസി) പുറത്ത് വിട്ട വിവരം അനുസരിച്ച് പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. വെടിയേറ്റവരെയും കൊണ്ട് പോയ ആംബുലൻസ് യുദ്ധ ടാങ്ക് ഉപയോഗിച്ച് തടഞ്ഞിട്ടതായും പലസ്തീൻ അധികൃതർ അറിയിച്ചു. സൈന്യം കണ്ണീര്‍ വാതകം ഉള്‍പ്പടെ ഉപയോഗിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് ഉള്‍പ്പടെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
നിരപരാധികളായ പലസ്‌തീനികള്‍ കൊല്ലപ്പെട്ടെ വാര്‍ത്ത ഇസ്രായേല്‍ സേന നിഷേധിച്ചു. ഈ വർഷം മാത്രം വെസ്റ്റ് ബാങ്കിൽ 29 സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന് പലസ്തീൻ പ്രസിഡന്‍റിന്‍റെ വക്താവ് പറഞ്ഞു.