ദമാസ്‌കസ് : ഞായറാഴ്‌ച പുലർച്ചെ സെൻട്രൽ ഡമാസ്‌കസിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി സിറിയൻ സ്റ്റേറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു. ഡമാസ്‌കസ് പൊലീസ് കമാൻഡിലെ വിവരങ്ങൾ അനുസരിച്ച് ഒരുപാട് ആളുകൾ കൊല്ലപ്പെടുകയും ഒരുപാട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി സിറിയൻ സ്റ്റേറ്റ് മീഡിയ ഏജൻസി (SANA) റിപ്പോർട്ട് ചെയ്‌തു.
പ്രാദേശിക സമയം പുലർച്ചെ 12.30 ഓടെ തലസ്ഥാനത്ത് ഉച്ചത്തിലുള്ള സ്ഫോടനശബ്‌ദങ്ങൾ കേൾക്കുകയും സിറിയൻ വ്യോമ പ്രതിരോധം 'ഡമാസ്‌കസിന് ചുറ്റുമുള്ള ആകാശത്ത് ശത്രുവിമാനങ്ങളെ നേരിടുകയും ചെയ്‌തു' എന്ന് SANA റിപ്പോർട്ട് ചെയ്‌തു. ആക്രമണത്തെക്കുറിച്ച് ഇസ്രയേലിൽ നിന്ന് പ്രസ്‌താവനയൊന്നും തന്നെ ഉണ്ടായിട്ടില്ല. ഈയിടെയായി ദമാസ്‌കസിൻ്റെ സമീപ പ്രദേശങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം പതിവായികൊണ്ടിരിക്കുകയാണ്.
ശനിയാഴ്‌ച രാത്രിയുണ്ടായ ആക്രമണം ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം ആദ്യത്തെതാണ്. ദമാസ്‌കസിൽ അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണം ജനുവരി രണ്ടിന്, തിങ്കളാഴ്‌ച പുലർച്ചെ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഇസ്രായേൽ സൈന്യം മിസൈലുകൾ തൊടുത്തുവിട്ടതും വിമാനത്താവളത്തിൻ്റെ സേവനം നിർത്തി വയ്‌ക്കുകയും, രണ്ട് സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതാണ്.
സമീപ വർഷങ്ങളിൽതന്നെ സിറിയയുടെ സർക്കാർ നിയന്ത്രണത്തിലുള്ള ഭാഗങ്ങളിൽ ഇസ്രായേൽ നൂറുകണക്കിന് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്, എന്നാൽ അപൂർവ്വസന്ദർഭങ്ങളിൽ മാത്രമേ ആക്രമണം അംഗീകരിക്കുകയോ അതിനെപ്പറ്റി ചർച്ച ചെയ്യാൻ തയ്യാറാകുകയോ ചെയ്‌തിട്ടുള്ളൂ. എന്നാൽ സിറിയൻ പ്രസിഡൻ്റ് ബാഷർ അസദിൻ്റെ സേനയെ പിന്തുണയ്ക്കാൻ ആയിരക്കണക്കിന് പോരാളികളെ അയച്ച ലെബനൻ്റെ ഹിസ്ബുള്ള പോലുള്ള ഇറാൻ സഖ്യകക്ഷി തീവ്രവാദ ഗ്രൂപ്പുകളുടെ താവളങ്ങൾ ലക്ഷ്യമിടുന്നതായി ഇസ്രായേൽ സമ്മതിച്ചിട്ടുണ്ട്. ഇസ്രായേലും ഇറാനും തമ്മിലുള്ള നിഴൽ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇസ്രായേലിൻ്റെ ഈ ആക്രമണം. ഇറാൻ്റെ ആയുധശേഖരം രാജ്യത്തേക്ക് എത്തിക്കാൻ വിമാനത്താവളങ്ങൾ ഉപയോഗിക്കുമെന്ന ഭയത്തിൻ്റെ പേരിലാണ് ദമാസ്‌കസിലെയും, അലപ്പോയിലെയും വിമാനത്താവളങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയത്.