ജെറുസലേം : പലസ്‌തീന്‍ അതിര്‍ത്തിയായ വെസ്‌റ്റ് ബാങ്കിന് സമീപം വച്ച് മൂന്ന് സായുധരെ ഉള്‍പ്പടെ അഞ്ച് പലസ്‌തീനികളെ വധിച്ച് ഇസ്രയേല്‍ സൈന്യം (Israeli Troops kills 5 Palestinians). ഇസ്രയേല്‍ ഗാസയില്‍ യുദ്ധം തുടരുന്ന വേളയില്‍ തന്നെയാണ് അതിര്‍ത്തി പ്രദേശത്തും ആക്രമണം ശക്തമാവുന്നത്. ഇതോടെ ഒക്‌ടോബര്‍ ഏഴിന് ഗാസയിലേക്ക് ഇസ്രയേല്‍ യുദ്ധമാരംഭിച്ചതിന് പിന്നാലെ വെസ്‌റ്റ് ബാങ്കില്‍ മാത്രം 205 പലസ്‌തീനികളാണ് കൊല്ലപ്പെട്ടിട്ടുള്ളത് (Israel attacks in Gaza).
2000 ങ്ങള്‍ക്ക് ശേഷം പലസ്‌തീന്‍ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുന്നതിനിടെയുള്ള ഏറ്റവും ഗുരുതരമായ അവസ്ഥയ്‌ക്ക് കൂടിയാണ് വെസ്‌റ്റ് ബാങ്ക് സാക്ഷിയാകുന്നത്. അതേസമയം വെസ്‌റ്റ് ബാങ്കില്‍ ഗാസയുടെ അധികാരമുള്ള ഹമാസും മറ്റ് സായുധ സംഘങ്ങളും പ്രവര്‍ത്തിക്കുന്നതായാണ് ഇസ്രയേല്‍ വാദം. എന്നാല്‍ ഈ വാദം തന്നെ റെയ്‌ഡുകൾ, വീടുകൾ തകർക്കലുകളും അറസ്‌റ്റുകളും നിര്‍ലോഭം നടത്താനുള്ള ഇസ്രയേല്‍ തന്ത്രമാണെന്നാണ് പലസ്‌തീനികളുടെ മറുവാദം.
ആക്രമണം ആരംഭിക്കുന്നത് ഇങ്ങനെ: വ്യാഴാഴ്‌ച (16.11.2023) രാത്രിയോടെ ഇസ്രയേല്‍ സൈന്യം സൈനിക ട്രക്കുകളും ബുള്‍ഡോസറുകളുമായി പ്രദേശത്ത് അതിക്രമിച്ച് കയറിയതോടെയാണ് വെസ്‌റ്റ് ബാങ്കില്‍ സംഘര്‍ഷാവസ്ഥ ആരംഭിക്കുന്നത്. ഈ പ്രദേശത്തേക്ക് കടന്നുകയറയ ഇസ്രയേല്‍ സൈന്യം ജെനിന്‍ അഭയാര്‍ഥി ക്യാമ്പിലേക്ക് നിര്‍ത്താതെ വെടിയുതിര്‍ത്തതോടെയാണ് ആക്രമണം ആരംഭിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. എന്നാല്‍ ഹമാസിനെ ലക്ഷ്യം വച്ചുള്ള ആക്രമണമായിരുന്നു ഇതെന്നാണ് ഇസ്രയേല്‍ വിശദീകരണം. ഇതിനൊപ്പം ഇസ്രയേലി വിമാനങ്ങള്‍ കൂടി ആക്രമണം തുടര്‍ന്നതോടെയാണ് വെസ്‌റ്റ് ബാങ്ക് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നീണ്ടത്.
സൈന്യത്തിന്‍റെ വിളി കേള്‍ക്കാതെ: അതേസമയം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ കൂടാതെ 15 പേര്‍ക്ക് പരിക്കേറ്റതായി പലസ്‌തീന്‍ ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ സമീപത്തുള്ള ഇബ്‌ന് സിന ഹോസ്‌പിറ്റലിലേക്ക് ജനം ഒഴുകിയതായും അവര്‍ വ്യക്തമാക്കി. പുലര്‍ച്ചെ നാല് മണിയോടെ ഇസ്രേയലി സൈനിക വാഹനങ്ങള്‍ കെട്ടിടങ്ങള്‍ വളയുകയും ആരോഗ്യപ്രവര്‍ത്തകരോട് പുറത്തേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ വളരെ ചെറിയ സംഘം ആളുകളാണ് പുറത്തേക്ക് പോയതെന്നും ഒരൊറ്റ ഡോക്‌ടര്‍മാര്‍ പോലും എമര്‍ജന്‍സി മുറി വിട്ട് പുറത്തിറങ്ങിയില്ലെന്നും ചീഫ് സര്‍ജന്‍ ഡോ. തൗഫീക് അല്‍ ഷൊബാക്കി പറഞ്ഞു.
ഞങ്ങളുടെ രോഗികളില്‍ പലരുടെയും പരിക്കുകള്‍ ഗുരുതരവും ചിലര്‍ മരിക്കുകയും ചെയ്‌തിരുന്നതിനാല്‍ സൈന്യത്തിന്‍റെ വിളി ഡോക്‌ടര്‍മാരോ നഴ്‌സുമാരോ മുഖവിലയ്‌ക്കെടുത്തില്ല. ഇതോടെ സൈന്യം എമര്‍ജന്‍സി റൂമിന്‍റെ ഡ്രോപ്പ് ഓഫ് ഏരിയ വരെ എത്തി ആരോഗ്യപ്രവര്‍ത്തകരെ ചോദ്യം ചെയ്‌തുവെന്നും എന്നാല്‍ ആശുപത്രിയുടെ അകത്തേക്ക് പ്രവേശിച്ചില്ലെന്നും ഡോ. തൗഫീക് അല്‍ ഷൊബാക്കി അറിയിച്ചു. ഇസ്രയേൽ സൈന്യം എല്ലാ എമർജൻസി റൂം സ്‌റ്റാഫുകളെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ആശുപത്രിയുടെ പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടത് ഇതാദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഗാസയുടെ അയല്‍പക്കത്തായുള്ള ഏറ്റവും ജനസാന്ദ്രമായ പ്രദേശമാണ് ജെനിന്‍ അഭയാര്‍ഥി ക്യാമ്പ്. എന്നാല്‍ ഇവിടേക്ക് ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്‍റെ ആരംഭഘട്ടം മുതല്‍ സായുധ പോരാളികള്‍ നുഴഞ്ഞുകയറുന്നതായാണ് ഇസ്രയേലിന്‍റെ അവകാശവാദം.