ഗസ്സ: മൂന്ന് ദിവസം നീണ്ടുനിന്ന വെടിവയ്‌പ്പിനും വ്യോമാക്രമണങ്ങൾക്കും ശേഷം ഇസ്രായേലിനും പലസ്‌തീനും ഇടയിൽ വെടിനിർത്തൽ കരാര്‍ നിലവിൽ വന്നു. മൂന്ന് ദിവസത്തെ ആക്രമണത്തിൽ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 44 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 2021 മെയില്‍ ഗസ്സയില്‍ 11 ദിവസം നീണ്ടുനിന്ന ഇസ്രായേല്‍ ആക്രമണത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ സംഘർഷമാണിത്.
വ്യോമാക്രമണം നിർത്തണമെന്ന ഈജിപ്‌തിന്‍റെ നിർദേശത്തെ തുടർന്നാണ് ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചത്. യുഎസും യുഎന്നും വെടിനിർത്തൽ പാലിക്കണമെന്ന് ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു.
ലക്ഷ്യം ഇസ്‌ലാമിക് ജിഹാദ്: പലസ്‌തീനില്‍ പുതുതായി രൂപം കൊണ്ട പലസ്‌തീൻ ഇസ്‌ലാമിക് ജിഹാദ് (പിഐജെ) എന്ന പ്രതിരോധ സംഘത്തിന് നേർക്കായിരുന്നു തങ്ങളുടെ ആക്രമണമെന്നാണ് ഇസ്രായേൽ സൈന്യത്തിന്‍റെ അവകാശ വാദം. ഉടമ്പടി നിലവിൽ വന്നതിന് ശേഷം ഗസ്സയിൽ നിന്ന് ചില ഒറ്റപ്പെട്ട റോക്കറ്റ് ആക്രമണങ്ങൾ ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ പിന്നീട് മറ്റ് അക്രമങ്ങളൊന്നും ഇരു രാജ്യത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ആക്രമണം ഒരു വർഷത്തിന് ശേഷം: ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തോടെയാണ് പലസ്‌തീൻ നീണ്ട ഒരു വർഷത്തിന് ശേഷം വീണ്ടും അശാന്തമായത്. ഇങ്ങോട്ടുള്ള ആക്രമണം മുന്നില്‍ കണ്ട് ആദ്യം പ്രതിരോധിക്കുകയായിരുന്നുവെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലായം അവകാശപ്പെടുന്നത്.
15 കുട്ടികളടക്കം 44 പേരാണ് പലസ്‌തീനിൽ കൊല്ലപ്പെട്ടത്. 300ലധികം ആളുകൾക്ക് പരിക്കേറ്റുവെന്നും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലെ ആശുപത്രികളിലെ ഇന്ധന ക്ഷാമം ഉൾപ്പെടെയുള്ളവ കണക്കിലെടുത്താണ് വെടിനിർത്തൽ കരാർ അംഗീകരിച്ചതെന്നാണ് ഇസ്രായേല്‍ പറയുന്നത്.
ആക്രമണത്തിൽ ഇസ്‌ലാമിക് ജിഹാദിന്‍റെ രണ്ട് മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇസ്‌ലാമിക് ജിഹാദിന്‍റെ സൈനിക വിഭാഗമായ അല്‍ഖുദ്‌സ് ബ്രിഗേഡിന്‍റെ കമാൻഡര്‍മാരായ തയ്‌സിര്‍ അല്‍ജബാരിയും ഖാലിദ് മൻസൂറുമാണ് കൊല്ലപ്പെട്ടത്. ഗസ്സയുടെ ഭരണച്ചുമതലയുള്ള ഹമാസ് സംഘർഷത്തിൽ ഇടപെടാതെ മാറിനിൽക്കുകയാണ്. വെസ്റ്റ് ബാങ്കിലെ പിഐജെ തലവൻ ബാസിം സാദിയെ ഒരാഴ്‌ച മുമ്പ് ഇസ്രായേൽ അറസ്റ്റ് ചെയ്‌തതാണ് ഏറ്റവും പുതിയ സംഘർഷങ്ങൾക്ക് തുടക്കമിട്ടത്.