ടെല്‍ അവീവ് : പുതുവര്‍ഷത്തിലും ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍ (Israel Attack in Gaza). മധ്യ ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് സമീപവും തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലുമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ആക്രമണത്തില്‍ നൂറോളം പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഇസ്രയേല്‍ നഗരങ്ങള്‍ ലക്ഷ്യമാക്കി ഹമാസ് കഴിഞ്ഞ ദിവസം രാത്രിയില്‍ മിസൈല്‍ ആക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
ഗാസ നഗരത്തില്‍ ഉണ്ടായ ആക്രമണത്തില്‍ 48 പേരോളം കൊല്ലപ്പെട്ടെന്നാണ് ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക്. അൽ-അഖ്‌സ സർവകലാശാലയിൽ അഭയം പ്രാപിച്ചിരുന്നവര്‍ക്ക് നേരെയും ഇസ്രയേല്‍ ആക്രമണം ഉണ്ടായെന്നാണ് വിവരം. ഇതില്‍ 20 പേര്‍ക്ക് ജീവന്‍ നഷ്‌ടമായെന്നാണ് റിപ്പോര്‍ട്ട്.
നുസെറാത്ത്, മഗാസി, ബുറൈജ് എന്നീ അഭയാര്‍ഥി ക്യാമ്പുകളെയാണ് നിലവില്‍ ഇസ്രയേല്‍ ലക്ഷ്യമിടുന്നത്. ഈ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. രാജ്യത്തെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ചില സൈനികരെ ഇസ്രയേല്‍ മടക്കി വിളിക്കാന്‍ ഒരുങ്ങുന്നെന്ന് സൈനിക വക്താവ് ഡാനിയേൽ ഹഗാരി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
അഞ്ച് ബ്രിഗേഡുകളിലായുള്ള ആയിരത്തോളം പേരെയാകും ഇസ്രയേല്‍ തിരിച്ചുവിളിക്കുക എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, എത്ര സൈനികരെയാകും ഗാസയില്‍ നിന്നും തിരിച്ച് വിളിക്കുക എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല. അതേസമയം, കപ്പല്‍ മാര്‍ഗം ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇസ്രയേല്‍ നഗരങ്ങളിലേക്ക് ഹമാസ് ആക്രമണം : കഴിഞ്ഞ ദിവസം രാത്രിയില്‍ ഇസ്രയേല്‍ നഗരങ്ങളിലേക്ക് ഹമാസ് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. പുതുവര്‍ഷത്തില്‍ ഇസ്രയേലിലെ വിവിധ നഗരങ്ങള്‍ ലക്ഷ്യമാക്കി ഇരുപതോളം മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് ഹമാസ് നടത്തിയതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിന്‍റെ സഹായത്തോടെയുള്ള ഹമാസ് ആക്രമണം ചെറുക്കാന്‍ ഇസ്രയേലിനായി (Hamas Missile Attack Against Israel).
Also Read : വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ഇസ്രയേല്‍ ആക്രമണം; 6 പേര്‍ കൊല്ലപ്പെട്ടു
തെക്കന്‍ നഗരങ്ങളായ അഷ്‌ഡോദ്, സ്‌ഡെറോട്ട് കൂടാതെ റെഹോവോട്ട്, നെസ് സിയോണ, ഹോലോൺ എന്നീ പ്രദേശങ്ങള്‍ക്ക് നേരെയാണ് ഹമാസ് ആക്രമണം ഉണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.