ഖാന്‍ യൂനിസ്: ഇസ്രയേലിന്‍റെ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4137 ആയി. ഇതില്‍ ഭൂരിപക്ഷവും സ്‌ത്രീകളും കുട്ടികളും പ്രായമായവരുമാണെന്നും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12,500 ലധികം പേർക്ക് പരിക്കേറ്റുവെന്നും 1,300 പേർ കൂടി അവശിഷ്‌ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായും മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം വെള്ളിയാഴ്‌ച പുലര്‍ച്ചെ ഇസ്രയേല്‍ വീണ്ടും ഗാസ മുനമ്പിലേക്ക് ബോംബ് വര്‍ഷിച്ചിരുന്നു. പലസ്‌തീനികളോട് അഭയം തേടാന്‍ ആവശ്യപ്പെട്ട മേഖലകളില്‍ തന്നെയായിരുന്നു ഈ ആക്രമണങ്ങള്‍ നടന്നത്. എന്നാല്‍ ലെബനനുമായുള്ള അതിർത്തി പങ്കിടുന്ന ഇസ്രയേലി നഗരം ഒഴിപ്പിക്കാനും ഇവര്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിനിടെ ഹമാസ് പോരാളികള്‍ക്കെതിരെയുള്ള യുദ്ധത്തെക്കുറിച്ചും തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് നിയമനിര്‍മാതാക്കളോട് പ്രതികരിച്ചിരുന്നു.
യുദ്ധം കടുപ്പിക്കാന്‍ ഇസ്രയേല്‍: കര, ആകാശമാര്‍ഗം ഉള്‍പ്പടെ മൂന്ന് ഘട്ടങ്ങളായുള്ള യുദ്ധമാണ് ഇസ്രയേല്‍ പ്രതീക്ഷിക്കുന്നതെന്നും ചെറുത്തുനിൽപ്പിന്‍റെ പോക്കറ്റുകളെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. 200 ഓളം പേരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ബന്ദികളാക്കിയവരുടെ കുടുംബങ്ങള്‍ തന്നെയാണ് ഇത് അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ഗാസ അതിർത്തിയിലെ സൈനികരോട് അകത്തേക്ക് കടന്നുചെല്ലാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനായി ഏകദേശം 360,000 കരുതൽ ശേഖരവും പതിനായിരക്കണക്കിന് സൈനികരെയും ഗാസ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഇസ്രയേലി സൈന്യത്തിലെ ഉദ്യോഗസ്ഥനും വ്യക്തമാക്കി. ഗാസയെ നിലവില്‍ ദൂരെ നിന്ന് കാണുന്നവർ അതിനെ ഉള്ളിൽ നിന്ന് കാണുമെന്നും ഞങ്ങൾ അവരെ നശിപ്പിക്കാൻ ഒരാഴ്‌ച, അല്ലെങ്കില്‍ ഒരു മാസമോ രണ്ട് മാസമോ എടുത്തേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാല്‍ സമ്പൂർണ ഇസ്രയേലി ഉപരോധം കാരണം സപ്ലൈസ് കുറഞ്ഞതോടെ ചില ഗാസ നിവാസികൾ ദിവസത്തിൽ ഒരു നേരം മാത്രം ഭക്ഷണം കഴിക്കുകയും മലിനമായ വെള്ളം കുടിക്കുകയും ചെയ്യുന്നതായാണ് ഗാസ അധികൃതരുടെ വിശദീകരണം.