ടെഹ്‌റാന്‍ (ഇറാന്‍): എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്‌ദിക്കെതിരായ ആക്രമണത്തില്‍ പങ്കുണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് ഇറാന്‍. റുഷ്‌ദിക്കെതിരായ ആക്രമണത്തില്‍ ഇറാനെ ആര്‍ക്കും കുറ്റപ്പെടുത്താന്‍ അവകാശമില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞു. റുഷ്‌ദിക്കെതിരായ ആക്രമണത്തെ കുറിച്ച് ആദ്യമായാണ് ഇറാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിക്കുന്നത്.
യു എസില്‍ വച്ച് സല്‍മാന്‍ റുഷ്‌ദി ആക്രമണത്തിനിരയായ സംഭവത്തില്‍ അദ്ദേഹത്തിന്‍റെ അനുയായികളൊഴികെ മറ്റാരും കുറ്റപ്പെടുത്തലുകള്‍ അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ ഇറാനെ കുറ്റപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും കനാനി അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കനാനിയുടെ പ്രതികരണം.
ഓഗസ്റ്റ് 12ന് അമേരിക്കയിലെ ന്യൂയോർക്കില്‍ വച്ച് നടന്ന പരിപാടിക്കിടെയാണ് സൽമാൻ റുഷ്‌ദിക്ക് നേരെ ആക്രമണമുണ്ടായത്. വേദിയിലേക്ക് കയറി വന്ന അക്രമി റുഷ്‌ദിയുടെ കഴുത്തിലും വയറിലും കുത്തുകയായിരുന്നു. റുഷ്‌ദിക്ക് പത്ത് തവണ കുത്തേറ്റതായാണ് അന്താരാഷ്‌ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ന്യൂജേഴ്‌സി സ്വദേശിയായ ഹാദി മാതർ എന്ന 24 കാരനാണ് റുഷ്‌ദിയെ ആക്രമിച്ചതെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ അക്രമി കുറ്റം നിഷേധിച്ചിട്ടുണ്ട്. വധശ്രമം, അതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഇയാള്‍ക്ക് ശിക്ഷിക്കപ്പെട്ടാൽ 32 വർഷം വരെ ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റുഷ്‌ദിയെ ലക്ഷ്യമിട്ടുള്ള, പ്രകോപനപരമല്ലാത്ത, മുൻകൂട്ടി ആസൂത്രണം ചെയ്‌ത ആക്രമണമായിരുന്നുവെന്നാണ് കൗണ്ടി പ്രോസിക്യൂട്ടര്‍ ജാസണ്‍ ഷ്‌മിത്ത് കോടതിയില്‍ വാദിച്ചത്.
അതേസമയം അമേരിക്കയിലെ ന്യൂയോർക്കില്‍ ഒരു പരിപാടിക്കിടെ അക്രമിയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രമുഖ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്‌ദിയുടെ ആരോഗ്യനിലയില്‍ പുരോഗതി. വെന്‍റിലേറ്ററില്‍ നിന്ന് സല്‍മാന്‍ റുഷ്‌ദിയെ മാറ്റി. റുഷ്‌ദി സംസാരിച്ചു തുടങ്ങിയെന്നും അല്‍പ ദൂരം നടന്നുവെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
Also read: 'അടുത്തത് നിങ്ങൾ'; സല്‍മാന്‍ റുഷ്‌ദിക്ക് കുത്തേറ്റതിന് പിന്നാലെ ജെ കെ റൗളിങ്ങിന് വധഭീഷണി