ജയ്‌പൂര്‍ : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി ഇന്ത്യന്‍ യുവതി പാകിസ്ഥാനില്‍. രാജസ്ഥാനിലെ ഭീവണ്ഡി സ്വദേശി അഞ്ജു (34) ആണ് ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ യുവാവിനെ തേടി പാകിസ്ഥാന്‍റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്‌തൂൺഖ്വ പ്രവിശ്യയിലെത്തിയത്. ജയ്‌പൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അഞ്ജു വീട് വിട്ടിറങ്ങിയതെന്ന് ഭര്‍ത്താവ് അരവിന്ദ് മാധ്യമങ്ങളോട് വ്യക്തമാക്കി.
കുറച്ചുദിവസത്തേക്ക് ജയ്‌പൂരിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വ്യാഴാഴ്‌ചയാണ് (20 ജൂലൈ) അഞ്ജു വീട്ടില്‍ നിന്നും പോയത്. ഇന്നലെ ആണ്, അഞ്ജു പാകിസ്ഥാനിലാണെന്ന വിവരം തങ്ങള്‍ അറിയുന്നതെന്നും അരവിന്ദ് പറഞ്ഞു. ഭാര്യ തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അരവിന്ദ് കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന പാകിസ്ഥാന്‍ പൗരന്‍ നസറുള്ളയെ കാണാനായാണ് രാജസ്ഥാന്‍ സ്വദേശിനി പാകിസ്ഥാനിലേക്ക് എത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇവര്‍ ഫേസ്‌ബുക്കിലൂടെ സൗഹൃദത്തിലാകുന്നത്. പാകിസ്ഥാനില്‍ എത്തിയ യുവതിയെ അവിടെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
തുടര്‍ന്ന് ഇവരുടെ യാത്രാരേഖകള്‍ പരിശോധിക്കുകയും രേഖകള്‍ എല്ലാം ശരിയായതിനാല്‍ വിട്ടയക്കുകയും ചെയ്‌തിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി ഇവര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
പബ്‌ജിയിലൂടെ പ്രണയം, അറസ്റ്റ് പിന്നെ ജാമ്യം : ഓൺലൈൻ ഗെയിമായ പബ്‌ജി കളി വഴി പരിചയത്തിലായ യുവാവിനെ തേടി പാകിസ്ഥാനിൽ നിന്ന് യുവതി ഇന്ത്യയിലെത്തിയിരുന്നു. ന്യൂഡൽഹി സ്വദേശിയായ സച്ചിൻ എന്ന യുവാവുമായി പ്രണയത്തിലായതോടെയാണ് സീമ എന്ന പാകിസ്ഥാനി യുവതി ഇന്ത്യയിലെത്തിയത്. വിവാഹ മോചനം നേടിയ യുവതിക്ക് നാല് കുട്ടികളാണുള്ളത്. തുടർന്നാണ് സീമ സച്ചിനുമായി സൗഹൃദത്തിലായത്.
ഇക്കഴിഞ്ഞ മാർച്ചിൽ ഇരുവരും നേപ്പാളിലെ പശുപതിനാഥ ക്ഷേത്രത്തിലെത്തി വിവാഹിതരായി. ഇതിന് ശേഷം ഇരുവരും സ്വന്തം ദേശങ്ങളിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മെയ് മാസത്തില്‍ സീമ ഇന്ത്യയിലേക്ക് എത്തി.
പാകിസ്ഥാന്‍ സ്വദേശിയായ സീമ ദുബായിയില്‍ പോയ ശേഷമാണ് അവിടെ നിന്നും നേപ്പാളിലേക്ക് എത്തിയത്. ശരിയായ രേഖകളുമായി നേപ്പാളില്‍ എത്തിയെങ്കിലും അവിടെ നിന്നും ഇന്ത്യയിലേക്ക് തിരിക്കാന്‍ ഇവരുടെ പക്കല്‍ മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ല. ഇതോടെ ഇവര്‍ നിയമവിരുദ്ധമായി അതിര്‍ത്തി കടന്ന് ഗ്രേറ്റർ നോയിഡയിലെ റബുപുരയിലെത്തുകയായിരുന്നു.
ഇതിന് പിന്നാലെ സീമയേയും സച്ചിനേയും പൊലീസ് അറസ്റ്റ് ചെയ്‌തു. അനധികൃതമായി രാജ്യത്തേക്ക് കടന്നതിനായിരുന്നു സീമയ്‌ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കിയെന്ന കുറ്റം ചുമത്തിയായിരുന്നു സച്ചിനെ ജയിലിലടച്ചത്.
ജയിലില്‍ ആയിരുന്ന ഇരുവര്‍ക്കും ജൂലെ 7 നാണ് കോടതി ജാമ്യം അനുവദിച്ചത്. ഇന്ത്യയില്‍ ഒരുമിച്ച് താമസിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്.