ഒട്ടാവ (കാനഡ): ഇന്ത്യ-കാനഡ നയതന്ത്രപ്രതിസന്ധി തുടരുന്നതിനിടെ നേരത്തെ കാനഡ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് തെളിവുചോദിച്ച് ഇന്ത്യ. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്‍റ കൊലയിൽ (Hardeep Singh Nijjar Murder) ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ് ആവശ്യപ്പെട്ടത് (Indian Envoy Asks Canada To Produce Evidence In Nijjars Killing Says Trudeaus Statements Damaged Probe). കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമയാണ് (Sanjay Kumar Verma) ആവശ്യം ഉന്നയിച്ചത്.
നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ച് കാനഡയോ സഖ്യകക്ഷികളോ വ്യക്തമായ തെളിവുകൾ ഇന്ത്യയെ കാണിച്ചിട്ടില്ലെന്നും കനേഡിയൻ മാധ്യമമായ ദി ഗ്ലോബ് ആൻഡ് മെയിലിന് (The Globe and Mail) നൽകിയ അഭിമുഖത്തിൽ വർമ്മ ഊന്നിപ്പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന കനേഡിയൻ പൊലീസ് അന്വേഷണം പ്രധാനമന്ത്രി ട്രൂഡോയുടെ (Justin Trudeau) പരസ്യ പ്രസ്‌താവനകൾ വന്നതോടെ നശിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
“അന്വേഷണത്തിൽ അവരെ സഹായിക്കാൻ ഞങ്ങൾക്ക് ഈ കേസിൽ പ്രസക്തമായ വിവരങ്ങളൊന്നും നൽകിയിട്ടില്ല. തെളിവുകൾ എവിടെ? അന്വേഷണത്തിൻ്റെ നിഗമനങ്ങൾ എവിടെ? അന്വേഷണം ഇതിനോടകം തന്നെ മലിനമായിക്കഴിഞ്ഞു. ഇതിന് പിന്നിൽ ഇന്ത്യയോ ഇന്ത്യൻ ഏജന്‍റുമാരോ ആണെന്ന് പറയാൻ ഉന്നത തലത്തിൽ നിന്ന് നിർദേശം വന്നിട്ടുണ്ട്." സഞ്ജയ് കുമാർ വർമ പറഞ്ഞു.
കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് പൂർണ്ണമായും നിഷേധിക്കവേ, നയതന്ത്രജ്ഞർ തമ്മിലുള്ള സംഭാഷണങ്ങൾ സംരക്ഷിതമാണെന്നും തെളിവായി ഉപയോഗിക്കാൻ കഴിയില്ലെന്നും പരസ്യമാക്കാനാകില്ലെന്നും വർമ്മ വ്യക്തമാക്കി. "നിങ്ങൾ നിയമവിരുദ്ധമായ വയർടാപ്പുകളെക്കുറിച്ചാണ് സംസാരിക്കുന്നത്, തെളിവുകളെക്കുറിച്ചാണ് സംസാരിക്കുന്നത്. രണ്ട് നയതന്ത്രജ്ഞർ തമ്മിലുള്ള സംഭാഷണങ്ങൾ എല്ലാ അന്താരാഷ്ട്ര നിയമങ്ങളാലും സുരക്ഷിതമാണ്. നിങ്ങൾ എങ്ങനെയാണ് ഈ സംഭാഷണങ്ങൾ ശേഖരിച്ചതെന്ന് എന്നെ കാണിക്കൂ. ആരെങ്കിലും ശബ്‌ദം അനുകരിച്ചിട്ടില്ലെന്ന് എന്നെ കാണിക്കൂ." -വർമ വ്യക്തമാക്കി.
നിജ്ജാർ വധത്തിൽ ഉൾപ്പെട്ടിരിക്കുന്ന ആരെയെങ്കിലും ഇന്ത്യ കൈമാറണമെന്ന് ഒട്ടാവ ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന്, "ആ സംഭാഷണങ്ങൾ രണ്ട് സർക്കാരുകൾ തമ്മിലുള്ളതാണ്" എന്നും വർമ്മ പറഞ്ഞു. കാനഡയിലുള്ള കുറ്റവാളികളെ ഇന്ത്യയ്ക്ക് കൈമാറുന്നതിനായി കഴിഞ്ഞ അഞ്ചോ ആറോ വർഷത്തിനിടെ ന്യൂഡൽഹി ഒട്ടാവയോട് 26 അഭ്യർത്ഥനകൾ നടത്തിയിട്ടുണ്ടെന്നും ഇപ്പോഴും നടപടിക്കായി കാത്തിരിക്കുകയാണെന്നും ഇന്ത്യൻ ഹൈക്കമ്മീഷണർ പറഞ്ഞു.
അതേസമയം കാനഡയിലെ തൻ്റെ സുരക്ഷയിൽ ആശങ്കയുള്ളതായും അദ്ദേഹം വെളിപ്പെടുത്തി. കാനഡയിലുള്ള കോൺസൽ ജനറൽമാരുടെ സുരക്ഷയിലും ആശങ്കയുണ്ട്. എന്തെങ്കിലും സംഭവിച്ചാൽ ദൈവം അതിനെ തടയും. ഭീഷണിയുള്ളതിനാൽ തനിക്ക് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) സുരക്ഷ നൽകിയിട്ടുണ്ടെന്നും കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ കൂട്ടിച്ചേർത്തു.