ന്യൂഡല്‍ഹി: ഭീകരവാദത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ ഒരു ദശലക്ഷം ഡോളറിന്‍റെ പകുതിയിലേറെ തുക ഇന്ത്യ യുഎന്നിന്‍റെ ട്രസ്‌റ്റ് ഫണ്ടിന് സംഭാവന നല്‍കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍. ഭീകരവാദ ഭീഷണിയെ ചെറുക്കുകയും തടയുകയും ചെയ്യുന്നതിന് അംഗരാജ്യങ്ങളെ ശക്തിപ്പെടുത്തുന്ന പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം നിക്ഷേപമെന്ന് ജയ്‌ശങ്കര്‍ വ്യക്തമാക്കി.
കൗണ്ടര്‍ ടെററിസം കമ്മിറ്റിയുടെ പ്രത്യേക സമ്മേളനത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി നിലപാട് വ്യക്തമാക്കിയത്. സാങ്ഷന്‍ കമ്മിറ്റിയുടെ 1267 റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭീകരവാദ ഭീഷണി വര്‍ധിച്ചുവരികയാണ്. ഏറ്റവുമധികം ഭീഷണി നേരിടുന്നത് ഏഷ്യയിലും ആഫ്രിക്കയിലുമാണ്.
സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള പുതിയതും ഉയര്‍ന്നുവരുന്നതുമായ തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള അന്താരാഷ്‌ട്ര രാജ്യങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയുടെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം വിലയിരുത്തി. സിടിസിയുടെ യോഗത്തില്‍ അംഗീകരിക്കാന്‍ പോകുന്ന "ഡൽഹി പ്രഖ്യാപനം" ഭീകരവാദത്തെ ചെറുക്കുവാനുള്ള അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ പ്രതിബദ്ധതെക്കുറിച്ച് വിശദീകരിക്കും.
സമീപകാലങ്ങളില്‍ ഭീകരവാദ ഗ്രൂപ്പുകള്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തങ്ങളുടെ പ്രവര്‍ത്തനം വിപുലമാക്കാന്‍ തുടങ്ങി. ഒരു രാജ്യത്തിന്‍റെ സ്വാതന്ത്ര്യം, സഹിഷ്‌ണുത, പുരോഗതി എന്നിവയെ ആക്രമിക്കാന്‍ ഇത്തരം സംഘങ്ങള്‍ സാങ്കേതികവിദ്യയും പണവും ധാർമ്മികതയും ഉപയോഗിക്കുന്നു. ഇന്‍റർനെറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും തീവ്രവാദികളുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും ടൂൾകിറ്റിലെ ശക്തമായ ഉപകരണങ്ങളായി മാറിയെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
സര്‍ക്കാരുമായി നേരിട്ട് ബന്ധമില്ലാത്തവര്‍ സാങ്കേതിക വിദ്യകള്‍ ദുരുപയോഗം ചെയ്യുന്നുവെന്നതും സര്‍ക്കാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. കഴിഞ്ഞ രണ്ട് ദശാബ്‌ദങ്ങളിലായി ഇതിന് നിരവധിയായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് യുഎന്‍എസ്‌സി. ധനസഹായം നല്‍കി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.