ഹൈദരാബാദ്: ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ളത് ചൈനയാണെന്നും, അധികം വൈകാതെ ഇന്ത്യ ചൈനയെ മറികടക്കുമെന്നുമെല്ലാം ബുദ്ധിജീവി ചര്‍ച്ചകളില്‍ തുടങ്ങി കോമഡി സ്‌കിറ്റുകളില്‍ വരെ കേട്ടു തഴമ്പിച്ചവരാണ് ഇന്ത്യന്‍ പൗരന്മാര്‍. അതുകൊണ്ടുതന്നെ ജനസംഖ്യയുമായി ബന്ധപ്പെട്ട ഓരോ വിവരങ്ങള്‍ പുറത്തുവരുമ്പോഴും നമ്മള്‍ ഓരോരുത്തരും വിശദമായി തന്നെ പരിശോധിക്കാറുണ്ട്. ഇങ്ങനെയിരിക്കെ ചൈനയെ പിന്തള്ളി ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറി എന്ന ഫലമാണ് നിലവില്‍ പുറത്തുവരുന്നത്.
ഐക്യരാഷ്ട്രസഭ ഏറ്റവും പുതുതായി പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയത്. ചൈനയിലുള്ള 1425.7 ദശലക്ഷം ആളുകളെ അപേക്ഷിച്ച് ഇന്ത്യയില്‍ നിലവില്‍ 1428.6 ദശലക്ഷം ആളുകളുണ്ടെന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 1950 ല്‍ ജനസംഖ്യ പഠനത്തിനായുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതിന് ശേഷം ഇന്ത്യയുടെ ജനസംഖ്യ ഒരു ബില്യണിലധികം (നൂറ് കോടിയിലധികം) വര്‍ധിച്ചുവെന്നും കണക്കുകള്‍ പറയുന്നു. അതേസമയം 1960 മുതലുള്ളതില്‍ വച്ച് കഴിഞ്ഞ വര്‍ഷം ആദ്യമായി ചൈനയുടെ ജനസംഖ്യ കുറഞ്ഞുവെന്നും ഇതില്‍ പറയുന്നു. ഐക്യരാഷ്‌ട്രസഭയുടെ ഡാറ്റ പ്രകാരം ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ ഭൂഖണ്ഡമായ ആഫ്രിക്ക, 2100 ഓടെ ജനസംഖ്യയില്‍ 1.4 ബില്യണ്‍ മുതല്‍ 3.9 ബില്യണ്‍ വരെ വളര്‍ച്ച കൈവരിക്കുമെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.
നേട്ടവും കോട്ടവും ഇങ്ങനെ: അമിത ജനസംഖ്യ ഭയം മൂലം 1980 കളിലാണ് ചൈന 'ഒറ്റ കുട്ടി നയം' കര്‍ശനമാക്കിയത്. എന്നാല്‍ 2016 ഓടെ ഇതില്‍ അയവുവരുത്തിയ ചൈന, 2021 ഓടെ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ വരെ ആകാമെന്ന് അനുവാദം നല്‍കുകയായിരുന്നു. വലിയൊരു വിഭാഗം വാര്‍ധക്യത്തിലേക്ക് നീങ്ങുന്ന പ്രശ്‌നം ചൈനയെ മാത്രമല്ല ജപ്പാനെയും വലയ്‌ക്കുന്നുണ്ട്. ഈ ഒരൊറ്റ കാരണം കൊണ്ട് 2011 നും 2021 നുമിടയില്‍ മൂന്ന് ദശലക്ഷം പേരുടെ കുറവാണ് ജപ്പാനുണ്ടായത്. കൂടാതെ ലോകത്ത് 10 ദശലക്ഷത്തിലധികം നിവാസികളുള്ള എട്ട് രാജ്യങ്ങളാണുള്ളത്. ഭൂരിഭാഗവും യൂറോപ്പിലുള്ള ഈ എട്ടു രാജ്യങ്ങളിലും കഴിഞ്ഞ ദശകത്തില്‍ ജനസംഖ്യ കുറഞ്ഞതായും യുഎന്നിന്‍റെ ഡാറ്റ അടിവരയിടുന്നു. അതേസമയം ആഗോളതലത്തിലെ ജനസംഖ്യ 10.4 ബില്യണോളം ഉയരുമെന്നും 2090 കളോടെ ഇത് കുറയുമെന്നും ഡാറ്റ പറയുന്നു.
റിപ്പോര്‍ട്ടില്‍ മറ്റെന്തെല്ലാം: ഫെർട്ടിലിറ്റി നിരക്കിനെ ആശ്രയിച്ചായിരിക്കും ഭാവിയിലെ ജനസംഖ്യ വളര്‍ച്ച. ആഗോള ഫെര്‍ട്ടിലിറ്റി നിരക്ക് ഒരു സ്‌ത്രീയില്‍ 2.3 കുട്ടികള്‍ എന്നതില്‍ നിന്ന് 2090 ഓടെ കുറയുമെന്നും ഐക്യരാഷ്‌ട്രസഭയുടെ 2022 ലെ വേള്‍ഡ് പോപുലേഷന്‍ പ്രോസ്‌പെക്‌ട്‌സ് വിലയിരുത്തുന്നു. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ ഗണ്യമായ നേട്ടമുണ്ടായിട്ടുണ്ടെന്നും ഡാറ്റ വ്യക്തമാക്കുന്നു. ജനനസമയം മുതലുള്ള ആയുർദൈർഘ്യം 2019 ലെ 72.8 വര്‍ഷം എന്നതില്‍ നിന്ന് ഉയര്‍ന്ന് 2050 ല്‍ 77.2 വര്‍ഷമാകുമെന്നും റിപ്പോര്‍ട്ട് പ്രതീക്ഷ വയ്‌ക്കുന്നു.
കുടിയേറ്റത്തിന് രണ്ടുപക്ഷം: അന്താരാഷ്‌ട്രതലത്തിലുള്ള കുടിയേറ്റം ജനസംഖ്യ മാറ്റത്തില്‍ ചെറിയ അളവില്‍ മാത്രമെ സ്വാധീനിക്കുന്നുള്ളു എന്നും ഡാറ്റയിലുണ്ട്. എന്നാല്‍ ചില രാജ്യങ്ങളിലും ചില പ്രദേശങ്ങളിലും ഇത് ജനസംഖ്യയെ വലിയ രീതിയില്‍ ബാധിക്കാമെന്നും പഠനം പറയുന്നു. അതായത് 2010 മുതല്‍ 2021 വരെ 17 രാജ്യങ്ങളില്‍ നിന്നും ചില പ്രദേശങ്ങളില്‍ നിന്നുമായി ഒരു ദശലക്ഷത്തിലധികം കുടിയേറ്റക്കാരുടെ അകത്തോട്ടുള്ള ഒഴുക്കുണ്ടായതായും എന്നാല്‍ 10 രാജ്യങ്ങളില്‍ നിന്നും സമാന അളവില്‍ പുറത്തോട്ടുള്ള ഒഴുക്ക് സംഭവിച്ചതായും ഡാറ്റ വിശകലനം ചെയ്യുന്നുണ്ട്.