ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യയുടെ സമുദ്ര നിരീക്ഷണ വിമാനമായ ഡോർണിയർ 228 രണ്ട് വർഷത്തേക്ക് സൗജന്യമായി ശ്രീലങ്കയ്‌ക്ക് കൈമാറും. ഡോർണിയർ എയർക്രാഫ്റ്റിന്‍റെ കൈമാറ്റ ചടങ്ങ് ഇന്ന് നടക്കും. ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയും ഇന്ത്യൻ ഹൈക്കമ്മിഷണർ ഗോപാൽ ബഗ്ലേയും ചടങ്ങിൽ പങ്കെടുക്കും
ഡോർണിയർ 228: ഇന്ത്യൻ നേവൽ ഡോർണിയർ (INDO - 228) അടിസ്ഥാനപരമായി ഒരു ചെറിയ ടേക്ക്-ഓഫ് ആൻഡ് ലാൻഡിങ് (STOL), ഇലക്ട്രോണിക് യുദ്ധ ദൗത്യങ്ങൾ, സമുദ്ര നിരീക്ഷണം, ദുരന്ത നിവാരണം, ടർബോപ്രോപ്പ് ഇരട്ട എഞ്ചിൻ ഉള്ള മറ്റ് പ്രവർത്തനങ്ങൾ എന്നിവയ്‌ക്കായി ഇന്ത്യൻ നാവികസേന ഉപയോഗിക്കുന്ന മൾട്ടിറോൾ ലൈറ്റ് ട്രാൻസ്‌പോർട്ട് വിമാനമാണ്.
ശ്രീലങ്കയ്‌ക്കായി ഇന്ത്യയിൽ നിർമിക്കുന്ന ഒരു വിമാനം തയ്യാറാകുന്നത് വരെയുള്ള കാലയളവിലേക്കാണ് വിമാനം നൽകുന്നത്. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ 2018 ജനുവരി 9 ന് ന്യൂഡൽഹിയിൽ നടന്ന ചർച്ചയുടെ തുടർച്ചയായാണ് വിമാനം കൈമാറ്റം. ഇന്ത്യയിൽ നിന്ന് രണ്ട് ഡോർണിയർ റെക്കണൈസൻസ് എയർക്രാഫ്റ്റുകൾ ശ്രീലങ്കൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു.
വിമാന കൈമാറ്റത്തിന്‍റെ സവിശേഷത: ചൈനീസ് കപ്പൽ 'യുവാൻ വാങ് 5' നാളെ(16.08.2022) ഇന്ധനം നിറയ്‌ക്കുന്നതിനായി ശ്രീലങ്കന്‍ തുറമുഖത്ത് നങ്കൂരമിടുന്നതിന് ഒരു ദിവസം മുമ്പാണ് ഇന്ത്യ ഡോർണിയർ വിമാനം കൈമാറുന്നത് എന്നത് ശ്രദ്ധേയമാണ്. ചാരക്കപ്പലെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ചൈനീസ് കപ്പൽ 'യുവാൻ വാങ്-5' ഓഗസ്റ്റ് 16 ന് ഹംബന്‍തോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ചൈനയുടെ വായ്‌പകൾ ഉപയോഗിച്ചാണ് ഹംബന്‍തോട്ട തുറമുഖം ശ്രീലങ്ക വികസിപ്പിച്ചത്. ചൈനീസ് സര്‍ക്കാരിന്‍റെ നിയന്ത്രണത്തിന് കീഴിലുള്ള ചൈന മെര്‍ച്ചന്‍റ്‌സ് ഗ്രൂപ്പിന്‍റെ കീഴില്‍ വരുന്ന ചൈന മെർച്ചന്‍റ്‌സ് പോർട്ട് എന്ന ഹോങ്കോങ് ആസ്ഥാനമായുള്ള കമ്പനിക്ക് 2017ൽ ഹംബന്‍തോട്ട തുറമുഖം 99 വർഷത്തേക്ക് ശ്രീലങ്ക പാട്ടത്തിന് നൽകി. ചൈനയില്‍ നിന്നെടുത്ത വായ്‌പ തിരിച്ചടയ്‌ക്കാന്‍ കഴിയാതെ വന്നതിനെ തുടർന്നാണ് ശ്രീലങ്ക ചൈനയ്‌ക്ക് തുറമുഖം പാട്ടത്തിന് നല്‍കിയത്.
1.4 ബില്യണ്‍ ഡോളര്‍ ചിലവഴിച്ച് വികസിപ്പിച്ച തുറമുഖം 1.12 ബില്യണ്‍ ഡോളറിനാണ് 99 വര്‍ഷത്തേക്ക് ശ്രീലങ്ക ചൈനയ്‌ക്ക് പാട്ടത്തിന് നല്‍കിയെന്നത് മറ്റൊരു വൈരുദ്ധ്യം. ഇതിന് പിന്നാലെ ശ്രീലങ്കന്‍ തുറമുഖം ചൈന സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്ന ആശങ്ക ഇന്ത്യ പ്രകടമാക്കിയിരുന്നു.
അതേസമയം, ഇന്ത്യൻ ഹൈക്കമ്മിഷണർ ഗോപാൽ ബഗ്ലേ ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനം കൊളംബോയിൽ ഇന്ന് രാവിലെ ആഘോഷിച്ചു.