ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറുകൾക്ക് വേണ്ടിയുള്ള ചർച്ചകൾ ഒൻപത് വർഷങ്ങൾക്ക് ശേഷം വീണ്ടും ആരംഭിച്ചു. ജൂൺ 17ന് ബ്രസ്സൽസിലെ യൂറോപ്യൻ യൂണിയൻ ഹെഡ് ക്വാർട്ടേഴ്‌സിൽ നടന്ന ചടങ്ങിലാണ് ചർച്ചകൾ പുനരാരംഭിച്ചത്. സന്തുലിതവും സമഗ്രവുമായ വ്യാപാര ഉടമ്പടിക്ക് വേണ്ടിയുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് ഇന്ത്യയും യൂറോപ്യൻ യൂണിയനും പ്രഖ്യാപിച്ച് ഒരു വർഷത്തിന് ശേഷമാണ് ബ്രസ്സൽസിൽ ചർച്ചകൾ നടന്നത്.
വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയൽ, യൂറോപ്യൻ കമ്മിഷന്‍ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റ് വാൽഡിസ് ഡോബ്രോവ്‌സ്‌കിസും ചേർന്നാണ് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ ഔപചാരികമായി പുനരാരംഭിച്ചത്. സ്വതന്ത്ര വ്യാപാര കരാറുകൾക്ക് പുറമെ നിക്ഷേപ സംരക്ഷണ കരാറിലും ഭൂമിശാസ്‌ത്രപരമായ സൂചക ഉടമ്പടി കരാറിലും ചർച്ചകൾ ആരംഭിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു. ചർച്ചകളുടെ ആദ്യ ഘട്ടം ജൂൺ 27ന് ന്യൂഡൽഹിയിൽ ആരംഭിക്കും.
യുഎസിന് ശേഷം ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ. അതിനാൽ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒന്നായിരിക്കും ഇത്. യൂറോപ്യൻ യൂണിയനുമായി മിച്ച വ്യാപാരമാണ് ഇന്ത്യക്കുള്ളത്.
2021-22ൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ ചരക്ക് വ്യാപാരം 43.5 ശതമാനം വളർച്ചയോടെ 116.36 ബില്യൺ ഡോളറിന്‍റെ എക്കാലത്തെയും ഉയർന്ന മൂല്യം രേഖപ്പെടുത്തിയിരുന്നു. യൂറോപ്യൻ യൂണിയനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2021-22 സാമ്പത്തിക വർഷത്തിൽ 57 ശതമാനം ഉയർന്ന് 65 ബില്യൺ ഡോളറില്‍ എത്തിയിരുന്നു. സ്വതന്ത്ര വ്യാപാര കരാറുകൾക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ 2007ല്‍ ആരംഭിച്ചതാണെങ്കിലും ഇരുകക്ഷികളും തമ്മിൽ ധാരണയില്‍ എത്താത്തതിനെ തുടർന്ന് 2013ല്‍ നിര്‍ത്തിവച്ചിരുന്നു.
ഇരുകക്ഷികളുടെയും സമാനമായ അടിസ്ഥാന മൂല്യങ്ങളും പൊതുതാത്‌പര്യങ്ങളും കണക്കിലെടുത്ത് വിതരണ ശൃംഖലകളെ വൈവിധ്യവത്‌കരിക്കാനും സുരക്ഷിതമാക്കാനും ബിസിനസുകൾക്ക് സാമ്പത്തിക അവസരങ്ങൾ വർധിപ്പിക്കാനും വ്യാപാര കരാർ സഹായിക്കും. വിശാലവും സമഗ്രവും സന്തുലിതവും തത്വങ്ങളെ അടിസ്ഥാനമാക്കിയുളളതുമായ ചർച്ചകളാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നത്. ഉഭയകക്ഷി വ്യാപാരത്തെ തടസപ്പെടുത്തുന്ന ഇറക്കുമതി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകളും നടക്കും.
മൂന്ന് കരാറുകളും സമാന്തരമായി ചർച്ച ചെയ്‌ത് ഒരേസമയം അവസാനിപ്പിക്കാനാണ് ഇരുകക്ഷികളും ലക്ഷ്യമിടുന്നത്. മൂന്ന് കരാറുകൾക്കുമുള്ള ആദ്യഘട്ട ചർച്ചകൾ 2022 ജൂൺ 27 മുതൽ ജൂലൈ 1 വരെ ന്യൂഡൽഹിയിൽ നടക്കും.
ഈ വർഷം ആദ്യം ഓസ്‌ട്രേലിയയുമായും യുഎഇയുമായുമുളള വ്യാപാര കരാർ ചർച്ചകൾ റെക്കോഡ് സമയത്തിനുള്ളിൽ ഇന്ത്യ അവസാനിപ്പിച്ചിരുന്നു. കാനഡയുമായും യുകെയുമായും ചർച്ചകൾ നടക്കുന്നുണ്ട്. പ്രധാന സമ്പദ് വ്യവസ്ഥകളുമായി സന്തുലിത വ്യാപാര കരാറുകൾ ഉണ്ടാക്കുന്നതിനും വ്യാപാരവും നിക്ഷേപവും മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള വ്യാപാര ഉടമ്പടികൾ നവീകരിക്കുന്നതിനുമുളള ഇന്ത്യയുടെ വിശാലമായ തന്ത്രത്തിന്‍റെ ഭാഗമാണ് സ്വതന്ത്ര വ്യാപാര ചർച്ചകൾ.