ന്യൂഡല്‍ഹി: സംയുക്ത പ്രസ്‌താവനയിലൂടെ ഇന്ത്യയും ചൈനയും സംഘർഷഭരിതമായ ഗോഗ്ര- ഹോട്ട് സ്പ്രിംഗ്‌സില്‍ (പട്രോൾ പോയിന്‍റെ 15) നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചതോടെ ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നിലനിന്നിരുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന് മറികടക്കാനായി. ഇതോടെ കിഴക്കൻ ലഡാക്കിലെ താഴ്‌വരയുടെ 130 ചതുരശ്ര കിലോമീറ്ററിലേക്ക് ഇന്ത്യക്ക് പ്രവേശിക്കാനാകും.
ഇന്ത്യയും ചൈനയും പുറത്തിറക്കിയ സംയുക്ത പ്രസ്‌താവനയിൽ ഇങ്ങനെ പറയുന്നു: '2022 സെപ്റ്റംബർ 8 ന്, ഇന്ത്യ-ചൈന ഉന്നത തല സൈനിക ചര്‍ച്ചയുടെ 16-ാം റൗണ്ടിൽ ഉണ്ടായ സമവായമനുസരിച്ച്, ഗോഗ്ര-ഹോട്ട് സ്പ്രിംഗ്‌സ് (പിപി) പ്രദേശത്ത് ഇന്ത്യൻ, ചൈനീസ് സൈനികർ, അതിർത്തി പ്രദേശങ്ങളിലെ സമാധാനത്തിന് ഉതകുന്ന ഏകോപിതവും ആസൂത്രിതവുമായ രീതിയിൽ പ്രദേശത്തു നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു'.
2022 ജൂലൈ 17-നാണ് 16-ാം റൗണ്ട് ചർച്ച നടന്നത്. പിപി 15 പ്രശ്‌നം പരിഹരിച്ചാൽ, സെൻസിറ്റീവ് ഡെപ്‌സാങ്, ഡെംചോക്ക് മേഖലകളിലുള്ള പ്രശ്‌നങ്ങള്‍ മാത്രമാണ് അവശേഷിക്കുക. വ്യത്യാസം എന്തെന്നാൽ, ഡെപ്‌സാങ്ങിലും ഡെംചോക്കിലുമുള്ളത് പൈതൃക പ്രശ്‌നങ്ങളാണ് എന്നതാണ്.
പ്രശ്‌നത്തിന്‍റെ തുടക്കം: പിപി 15, പിപി 16 എന്നിവയിലേക്കുള്ള ഇന്ത്യൻ പട്രോളിങിനെ തടഞ്ഞുകൊണ്ട് ചൈനീസ് സൈന്യം കുഗ്രാങ് നദീതീരത്തു നിന്ന് 2-4 കിലോമീറ്റർ താഴേക്ക് പ്രവേശിച്ചതോടെയാണ് 2020-ന് ശേഷം പിപി-15 പ്രശ്‌നങ്ങൾ ആരംഭിച്ചത്. താഴ്‌വരയുടെ 130 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലേക്കുള്ള ഇന്ത്യൻ പ്രവേശനം തടഞ്ഞായിരുന്നു ചൈനയുടെ കടന്നുകയറ്റം. തൽഫലമായി, ത്സോഗ് ത്സാലു ഏരിയ എന്നും അറിയപ്പെടുന്ന ചെങ് ചെൻമോ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന പിപി -15 ൽ ഇരുവശത്തുമുള്ള സൈന്യം ഏറ്റുമുട്ടലിന് സമാനമായ രീതിയില്‍ പരസ്‌പരം അഭിമുഖീകരിക്കുന്ന സാഹചര്യം ഉണ്ടായി.
2020 ഏപ്രിൽ-മെയ് മുതലാണ് പുതിയ അതിർത്തി തർക്കം ആരംഭിച്ചത്. ഇത് കിഴക്കൻ ലഡാക്കിനെ മുമ്പെങ്ങും ഇല്ലാത്തവിധം സൈനികവൽക്കരിച്ചു. ഇരുവശത്തും സൈനികരും സൈനിക ഉപകരണങ്ങളും വര്‍ധിച്ചു. ഏതു നിമിഷവും ഒരുയുദ്ധമുണ്ടാകാമെന്ന അവസ്ഥയിലായിരുന്നു അതിര്‍ത്തി. പെട്ടെന്ന് ഒരു യുദ്ധമുണ്ടായാല്‍ നേരിടാന്‍ ആവശ്യമുള്ള എല്ലാ ആയുധങ്ങളും സജ്ജമായിരുന്നു.
പുതിയ പ്രസ്‌താവനക്ക് പിന്നില്‍: ഒരാഴ്‌ചയ്ക്കുള്ളിൽ ഉസ്ബെക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) വാർഷിക ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്‌ചയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പ്രമേയത്തിന്‍റെ പ്രഖ്യാപനം. ഈ പ്രമേയം പിരിമുറുക്കമുള്ള ഒരു ബന്ധത്തിനെ അയവുള്ളതാക്കുന്നതിന്‍റെ വ്യക്തമായ സൂചനയാണെങ്കിലും, യുഎസ് നേതൃത്വത്തിലുള്ള സംഘവും വളർന്നുവരുന്ന റഷ്യ-ചൈന അച്ചുതണ്ടും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ ലോകക്രമത്തിൽ ഒരു മാറ്റം സംഭവിക്കുന്ന സമയത്താണ് ഈ പിന്മാറ്റം സംഭവിക്കുന്നത് എന്നത് പ്രധാനമാണ്.
ഫെബ്രുവരി 24 ന് ആരംഭിച്ച യുക്രൈന്‍ സംഘർഷത്തിൽ അതാത് നിലപാടുകളെ പിന്തുണയ്ക്കാൻ ഇന്ത്യയെ ആകർഷിക്കാനാണോ ഇത്തരമൊരു പ്രസ്‌താവന എന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാലും അതിർത്തി പ്രശ്‌നം പരിഹരിച്ചാൽ മാത്രമേ ഗുണകരമായ ഉഭയകക്ഷി ബന്ധം നില നില്‍ക്കുകയുള്ളൂ.
Also Read: അതിർത്തിയിൽ സമാധാനം: ഇന്ത്യയും ചൈനയും സൈനിക പിന്മാറ്റം ആരംഭിച്ചു