ടൊറന്‍റോ : ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ നിരീക്ഷിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നിജ്ജറിന്‍റെ കൊലപാതകത്തിൽ (Hardeep Singh Nijjar murder) ഇന്ത്യയുടെ പങ്ക് കണ്ടെത്തിയതെന്ന് കനേഡിയൻ ഉദ്യോഗസ്ഥൻ. ഈ കൊലപാതകം സംബന്ധിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്രജ്ഞരും ആശയവിനിമയം നടത്തിയതായി രഹസ്യാന്വേഷണത്തിൽ വിവരം ലഭിച്ചു. യു എസ്, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവ ഉൾപ്പെടുന്ന 'ഫൈവ് ഐസ്' (Five Eyes) ഇന്‍റലിജൻസ് ഷെയറിങ് സഖ്യത്തിലെ അംഗമാണ് ഇത് സംബന്ധിച്ച രഹസ്യാന്വേഷണ വിവരങ്ങൾ നൽകിയതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏത് സഖ്യകക്ഷിയാണ് വിവരങ്ങൾ നൽകിയതെന്നോ ആശയവിനിമയത്തിൽ എന്താണ് അടങ്ങിയിരിക്കുന്നതെന്നോ അവ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചോ പ്രത്യേക വിശദാംശങ്ങൾ നൽകിയിട്ടില്ല എന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. ഈ വിഷയം പരസ്യമായി ചർച്ച ചെയ്യാൻ അധികാരമില്ലാത്തതിനാൽ പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് ഉദ്യോഗസ്ഥൻ സംസാരിച്ചത്. കനേഡിയൻ ബ്രോഡ്‌കാസ്റ്റിങ് കോർപ്പറേഷനാണ് രഹസ്യാന്വേഷണ വിവരം ആദ്യം റിപ്പോർട്ട് ചെയ്‌തത് (India Canada Row).
കനേഡിയൻ സിഖ് പ്രവർത്തകൻ ഹർദീപ് സിങ് നിജ്ജറിന്‍റെ (Hardeep Singh Nijjar Murder) കൊലപാതകത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാവുകയായിരുന്നു. ഇന്ത്യയ്‌ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കാനഡയുടെ ആരോപണം. എന്നാൽ ഈ ആരോപണം ഇന്ത്യ തള്ളുകയായിരുന്നു.
കഴിഞ്ഞ ജൂണ്‍ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു സിഖ് സാംസ്‌കാരിക കേന്ദ്രത്തിന് പുറത്ത് വച്ച് നിജ്ജര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. നിരോധിത സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്‍റെ (കെടിഎഫ്) തലവനും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളുമാണ് നിജ്ജർ. 2020ലാണ് നിജ്ജറിനെ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ചത്. 2016ൽ സിഖ് ജനത കൂടുതലുള്ള പഞ്ചാബിൽ ഇയാൾ ബോംബ് സ്‌ഫോടനം നടത്തുകയും വാൻകൂവറിന് തെക്ക് കിഴക്കുള്ള ഒരു ചെറിയ നഗരത്തിൽ ഭീകരർക്ക് പരിശീലനം നൽകുകയും ചെയ്‌തിരുന്നു എന്ന് സംശയിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
വളരെക്കാലം മുമ്പ് നിജ്ജർ ഇന്ത്യ വിട്ട് കാനഡയിൽ താമസമാക്കിയിരുന്നു. ഇയാൾ വിഘടനവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും പഞ്ചാബിലെ യുവാക്കൾക്കിടയിലും വിദേശത്തും ഇന്ത്യ വിരുദ്ധ വികാരം വളർത്താൻ ഏജന്‍റുമാരെ റിക്രൂട്ട് ചെയ്യുകയും ചെയ്‌തു. ഇന്ത്യ, നിജ്ജറിന് തലയ്‌ക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
കനേഡിയന്‍ ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ നിജ്ജറിന്‍റെ കൊലപാതകത്തിൽ ഇന്ത്യന്‍ ഭരണകൂടത്തിന് ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞതായി കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്‍റില്‍ ആരോപിച്ചു. ഇത് ഇന്ത്യ തള്ളി. തുടർന്ന് ഇരു രാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധിയെ പുറത്താക്കുകയും ചെയ്‌തു.
പിന്നാലെ കാനഡയിലെ ഇന്ത്യന്‍ വംശജർക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രത നിർദേശം നൽകി. കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും കാനഡയിലേക്ക് യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്നായിരുന്നു കേന്ദ്രസർക്കാരിന്‍റെ നിർദേശം. ഇത് കൂടാതെ കഴിഞ്ഞ ദിവസം നിജ്ജറിന്‍റെ പഞ്ചാബിലെ വീട് ഉദ്യോഗസ്ഥർ സീൽ ചെയ്‌തിരുന്നു.
Read more: India Canada Row: കാനഡയിൽ കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജാറിന്‍റെ പഞ്ചാബിലെ വീട് സീൽ ചെയ്‌തു