ന്യൂയോര്‍ക്ക് : ഇസ്രയേലിന്‍റെ ദീർഘകാല അധിനിവേശത്തിന്‍റെയും പലസ്‌തീൻ പ്രദേശം പിടിച്ചടക്കിയതിന്‍റെയും നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അന്താരാഷ്‌ട്ര നീതിന്യായ കോടതിയോട് അഭിപ്രായം ചോദിച്ച യുഎൻ ജനറൽ അസംബ്ലി പ്രമേയത്തിന്‍റെ വോട്ടിംഗില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. കിഴക്കൻ ജറുസലേം ഉൾപ്പടെയുള്ള അധിനിവേശ പ്രദേശത്തെ പലസ്‌തീന്‍ ജനതയുടെ മനുഷ്യാവകാശങ്ങളെ ബാധിക്കുന്ന ഇസ്രയേലി കീഴ്‌വഴക്കങ്ങളെ കുറിച്ചുള്ള കരട് പ്രമേയത്തെ 87 അംഗങ്ങള്‍ അനുകൂലിക്കുകയും 26 അംഗങ്ങള്‍ എതിര്‍ക്കുകയും ചെയ്‌തു. ഇന്ത്യയുൾപ്പടെ 53 അംഗങ്ങളാണ് പ്രമേയത്തില്‍ നിലപാട് എടുക്കുന്നതില്‍ നിന്ന് വിട്ടുനിന്നത്.
ഇസ്രയേലിനെ പിന്തുണച്ച് അമേരിക്ക : പലസ്‌തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശം ഉള്‍പ്പടെ, മനുഷ്യാവകാശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന ഇസ്രയേല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഉണ്ടായേക്കാവുന്ന നിയമപരമായ അനന്തരഫലങ്ങള്‍ എന്താണെന്ന് ഉപദേശിക്കാന്‍ പരമോന്നത ജുഡീഷ്യൽ ബോഡിയോട് അഭ്യർഥിക്കാൻ പ്രമേയം തീരുമാനിച്ചു. അമേരിക്കയും ഇസ്രയേലും പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്‌തപ്പോൾ ബ്രസീൽ, ജപ്പാൻ, മ്യാൻമർ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ഉപദേശം ആവശ്യപ്പെട്ടുള്ള പ്രസ്‌തുത പ്രമേയം ഐക്യരാഷ്‌ട്ര സഭയ്ക്കും പിന്തുണക്കുന്ന രാജ്യങ്ങള്‍ക്കും കളങ്കമുണ്ടാക്കുന്നതാണെന്ന് യുഎന്നിലെ ഇസ്രയേൽ അംബാസഡർ ഗിലാഡ് എർദാൻ പറഞ്ഞു. 'യഹൂദ ജനത സ്വന്തം മാതൃരാജ്യത്ത് അധിനിവേശക്കാരാണെന്ന് ഒരു അന്താരാഷ്‌ട്ര വേദിക്കും തീരുമാനിക്കാൻ കഴിയില്ല. ധാർമികമായി പാപ്പരത്തം നിലനില്‍ക്കുന്നതും രാഷ്‌ട്രീയവത്‌കരിക്കപ്പെട്ടതുമായ യുഎന്നിൽ നിന്ന് ഉത്തരവുകൾ സ്വീകരിക്കുന്ന ഒരു ജുഡീഷ്യൽ ബോഡിയിൽ നിന്നുള്ള ഏതൊരു തീരുമാനവും പൂർണമായും നിയമവിരുദ്ധമാണ്' - അദ്ദേഹം പറഞ്ഞു. ഇസ്രായേലുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടത്താനുള്ള തീരുമാനം ഐക്യരാഷ്‌ട്ര സഭയുടെ ധാർമിക അപചയത്തിന്‍റെ മറ്റൊരു ഉദാഹരണമാണെന്നും എർദാൻ ആരോപിച്ചു.
മഹ്‌മൂദ് അബ്ബാസിന്‍റെ അന്ത്യശാസനം : 2021 സെപ്‌റ്റംബറില്‍ യുഎൻ ജനറൽ അസംബ്ലിയില്‍ പലസ്‌തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ്‌മൂദ് അബ്ബാസ്, പലസ്‌തീനിലെ അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ഇസ്രയേല്‍ പിന്‍വാങ്ങിയില്ലെങ്കില്‍ അവിടുത്തെ ജനത ഹേഗിലേക്ക് കടക്കുമെന്ന് പ്രസ്‌താവന നടത്തിയിരുന്നു. അബ്ബാസ് നടത്തിയ അന്ത്യശാസനത്തിന്‍റെ സാക്ഷാത്കാരമാണ് വോട്ടെടുപ്പിലൂടെ ഐക്യരാഷ്‌ട്ര സഭ നടത്തിയതെന്നും എര്‍ദാന്‍ പറഞ്ഞു.
'ഐക്യരാഷ്‌ട്ര സഭയിലെ വോട്ടെടുപ്പ് ഇസ്രയേലിനെതിരായ പക്ഷപാതത്തിന്‍റെ മാതൃകയാണ്. ഈ ലജ്ജാകരമായ പ്രമേയത്തിനെതിരെ വോട്ട് ചെയ്‌ത അമേരിക്ക ഉൾപ്പടെ 26 രാജ്യങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു' - വോട്ടെടുപ്പിന് ശേഷം, വേൾഡ് ജൂത കോൺഗ്രസ് പ്രസിഡന്‍റ് റൊണാൾഡ് എസ് ലോഡർ പ്രസ്‌താവനയിൽ പറഞ്ഞു. പ്രമേയത്തിന്‍റെ അടിസ്ഥാനത്തില്‍ വിഷയം അന്താരാഷ്‌ട്ര നീതിന്യായ കോടതിയിലേക്ക് അയക്കുന്നത് ഇസ്രയേലും പലസ്‌തീനും തമ്മിലുള്ള ആശയ വിനിമയം തടസപ്പെടുത്തുമെന്നും നേരിട്ടുള്ള ഇടപെടലുകള്‍ക്ക് മാത്രമേ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളൂവെന്നും ലോഡര്‍ പറഞ്ഞു.