ഇസ്‍ലാമാബാദ്: വംശീയവും മതപരവുമായ സംഘർഷങ്ങൾ ഇല്ലാതാക്കാനും, ഇന്ത്യ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളുമായി മികച്ച ബന്ധം തുടരുന്നതിനും പാകിസ്ഥാനിലെ പുതിയ സർക്കാരിനോട് അഭ്യർഥിച്ച് ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകർ. സൗത്ത് ഏഷ്യൻസ് എഗെയിൻസ്റ്റ് ടെററിസം ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് (സാത്ത്) സംഘടിപ്പിച്ച വെർച്വൽ കോൺഫറൻസിലൂടെയാണ് ഇവർ ആവശ്യം ഉന്നയിച്ചത്.
ബലൂചിസ്ഥാനിലെ അക്രമങ്ങൾക്ക് സൗഹാർദപരമായ പരിഹാരം കാണുന്നതിന് ബലൂച് ദേശീയവാദികളുമായി ഇടപഴകണമെന്നും പുതുതായി സ്ഥാനമേറ്റ ഷെഹ്‌ബാസ് ഷെരീഫ് സർക്കാരിനോട് കോൺഫറൻസിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. അയൽ രാജ്യങ്ങളുമായി, പ്രത്യേകിച്ച് ഇന്ത്യയുമായും അഫ്‌ഗാനിസ്ഥാനുമായും ഉള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും ഇവർ ആവശ്യം ഉന്നയിച്ചു.
ഭീകരത അവസാനിപ്പിക്കണം: രാഷ്‌ട്രീയത്തിലെ സൈനികവത്കരണവും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മതത്തിന്‍റെ ഉപയോഗവും അവസാനിപ്പിക്കണമെന്ന് സാത്ത് സഹസ്ഥാപകനും അമേരിക്കയിലെ പാകിസ്ഥാൻ മുൻ അംബാസഡറുമായ ഹുസൈൻ ഹഖാനി പറഞ്ഞു. പാകിസ്ഥാൻ ഭരണകൂടത്തിന്‍റെ ശ്രദ്ധ അവിടെത്തെ ജനങ്ങളുടെ അഭിവൃദ്ധിയിലായിരിക്കണമെന്നും തെറ്റായ നിർവചിക്കപ്പെട്ട ആശയത്തിലായിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അയൽ രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുന്നതിന് ഭീകരത അവസാനിപ്പിക്കുന്നത് പ്രധാനമാണെന്നും അയൽ രാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിലൂടെ മാത്രമേ പാകിസ്ഥാനികൾക്ക് അവരുടെ സമ്പദ്‌വ്യവസ്ഥ പുനർനിർമിക്കാൻ സാധിക്കുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിൽ പ്രതീക്ഷ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ പാകിസ്ഥാനിലെ ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് നാഷണൽ അസംബ്ലി അംഗവും നാഷണൽ ഡെമോക്രാറ്റിക് മൂവ്‌മെന്‍റ് (എൻഡിഎം) നേതാവുമായ മൊഹ്‌സിൻ ദാവർ പറഞ്ഞു. എന്നാൽ ആ പ്രതീക്ഷ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ ജനാധിപത്യ ശക്തികളിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്‌ടപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പാകിസ്ഥാന്‍റെ ക്രിക്കറ്റ് കളിക്കാരനായ ഇസ്‌ലാമിസ്റ്റ് പ്രധാനമന്ത്രിയുടെ പതനം ജനാധിപത്യത്തിനുള്ള ആരോഗ്യകരമായ നീക്കമെന്നാണ് പാനലിസ്റ്റുകൾ ഇമ്രാൻ ഖാന്‍റെ പതനത്തെ വിശേഷിപ്പിച്ചത്. സാത്ത് സമ്മേളനത്തിൽ മുൻ പാർലമെന്‍റ് അംഗം ഫറഹ്‌നാസ് ഇസ്‌പഹാനി, പ്രവർത്തകരായ റാഫി ഉള്ളാ കാക്കർ, ഗുൽ ബുഖാരി, ഗുലാലായ് ഇസ്‌ലാമിൽ, കോളമിസ്റ്റ് ഡോ. മുഹമ്മദ് താഖി എന്നിവർ സംസാരിച്ചു.