ഹവായ്: അമേരിക്കയിലെ ഹവായ് ദ്വീപിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 67 ആയി. അതേസമയം തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല എന്നാണ് മൗയി കൗണ്ടി സര്‍ക്കാര്‍ നല്‍കുന്ന വിവരം. മരണ സംഖ്യ ഇനിയും ഉയരുമെന്ന് ഹവായ് ഗവര്‍ണര്‍ ജോഷ് ഗ്രീന്‍ അറിയിച്ചു.
ജനങ്ങള്‍ തീയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും തുറസായ സ്ഥലത്താണ് കൂടുതല്‍ പേരും മരിച്ചതെന്നും ജോഷ് ഗ്രീന്‍ പറഞ്ഞു. കാട്ടുതീ പടരാന്‍ ഉണ്ടായ സാഹചര്യം, ദുരന്ത ബാധിത മേഖലയിലെ സ്ഥിതിഗതികള്‍ എന്നിവ വിലയിരുത്താനായി സമഗ്രമായ അവലോകനത്തിന് ഉത്തരവിട്ടതായും ഗവര്‍ണര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മൗയി മേയര്‍ റിച്ചാര്‍ഡ് ബിസ്സിനൊപ്പം ജോഷ് ഗ്രീന്‍ ദുരന്ത മേഖല സന്ദര്‍ശിച്ചു.
ചൊവ്വാഴ്‌ച രാത്രിയോടെയാണ് ഹവായ് ദ്വീപില്‍ കാട്ടുതീ പടര്‍ന്നത്. ആയിരത്തില്‍ അധികം കെട്ടിടങ്ങള്‍ തീപിടിത്തത്തില്‍ നശിച്ചു. ലഹൈനയിലെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നതും ചരിത്രപ്രസിദ്ധവും വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണവുമായിരുന്ന ആൽമരവും തീപിടിത്തത്തിൽ കത്തി നശിച്ചു എന്നാണ് റിപ്പോർട്ട്. 1873ൽ ഇന്ത്യയിൽ നിന്നെത്തിച്ച് നട്ടുപിടിപ്പിച്ച ആല്‍മരമാണ് ഇത്. തീപടർന്നതിന് പിന്നാലെ നിരവധി ആളുകളെ മാറ്റിപ്പാർപ്പിച്ചു. വൈദ്യുതി, വാർത്താവിനിമയം തുടങ്ങിയ സംവിധാനങ്ങൾ താറുമാറായി.