ടെല്‍ അവീവ് : ഹമാസ് ഇസ്രയേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ അവശ്യ സാധനങ്ങള്‍ ലഭിക്കാതെ ഗാസയിലെ ജനങ്ങള്‍ (Hamas Israel Conflict). ഗാസയിലേക്ക് മെഡിക്കല്‍ സംവിധാനങ്ങള്‍ അടക്കമുള്ള അവശ്യ സാധനങ്ങള്‍ എത്തിക്കണമെന്ന് അന്താരാഷ്‌ട്ര ദുരിതാശ്വാസ സംഘടനകളോട് ഹമാസ് അഭ്യര്‍ഥിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. മരുന്നുകളും ഭക്ഷണ വസ്‌തുക്കളും കുടിവെള്ളവും അടക്കം എത്തിക്കണമെന്ന ആവശ്യം ശക്തമാണ് (Lack Of Vital Supplies In Gaza).
ഇസ്രയേല്‍ ഹമാസ് ആക്രമണം രൂക്ഷമായ പശ്ചാത്തലത്തില്‍ ഗാസയിലേക്കുള്ള വൈദ്യുതി വിതരണം അടക്കം ഇസ്രയേല്‍ നിര്‍ത്തിവച്ചു. ഇതോടെ ഗാസയിലെ ഏക വൈദ്യുതി ഉത്‌പാദന കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം നിലച്ചു. ഗാസയിലേക്ക് വൈദ്യുതി നല്‍കരുതെന്ന് വൈദ്യുത വിതരണ കമ്പനികള്‍ക്ക് നേരത്തെ ഇസ്രയേല്‍ നിര്‍ദേശം നല്‍കുകയും ചെയ്‌തിരുന്നു. ഇതോടെ ഗാസ പൂര്‍ണമായും ഇരുട്ടില്‍ മറഞ്ഞു.
വൈദ്യുതിക്ക് പുറമെ ഗാസയിലേക്കുള്ള അവശ്യ സാധനങ്ങളുടെ കയറ്റുമതിയും ഇസ്രയേല്‍ നിര്‍ത്തിവച്ചു. ഇതോടെ പ്രദേശം മുഴുവന്‍ പട്ടിണിയിലായി. രണ്ട് ദശലക്ഷത്തിലധികം വരുന്ന പലസ്‌തീന്‍ നിവാസികളുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് അറബ്, ഇസ്‌ലാമിക് അന്തര്‍ദേശീയ കമ്മ്യൂണിറ്റികളിലെ മുഴുവന്‍ ദുരിതാശ്വാസ, ആരോഗ്യ ജീവകാരുണ്യ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു കൊണ്ട് ഹമാസ് പ്രസ്‌താവനയിറക്കി.
മെഡിക്കല്‍ ഉപകരണങ്ങള്‍, ശസ്‌ത്രക്രിയ സാമഗ്രികള്‍, മരുന്നുകള്‍, ബ്ലഡ് ബാഗുകള്‍ എന്നിവയുടെ കടുത്ത ക്ഷാമം കാരണം ഗാസയിലെ ആരോഗ്യ സംവിധാനം തകര്‍ച്ചയുടെ വക്കിലാണെന്ന് പലസ്‌തീന്‍ ആരോഗ്യ മന്ത്രി മൈ അല്‍കൈല പറഞ്ഞു. അതേസമയം ഗാസയിലെ സിവിലിയന്‍സിന് ആവശ്യമായ വൈദ്യുതി, വെള്ളം, ഭക്ഷണം എന്നിവ തടഞ്ഞതില്‍ ശക്തമായ വിയോജിപ്പിച്ച് പ്രകടിപ്പിച്ച് നോര്‍വീജിയന്‍ വിദേശകാര്യ മന്ത്രി ആനികെന്‍ ഹ്യൂറ്റ്‌ഫെല്‍ഡ് (Norwegian Minister of Foreign Affairs Anniken Huitfeldt) രംഗത്തെത്തി. മാനുഷിക സഹായം അനുവദിക്കുന്നതിനും സാധാരണ ജനങ്ങള്‍ക്ക് സഹായം ഉറപ്പാക്കുന്നതിനും ഇസ്രയേലിന് ഉത്തരവാദിത്തമുണ്ടെന്ന് ആനികെന്‍ (Palestinian Minister of Health Mai Alkaila) പറഞ്ഞു. ഗാസയിലെ ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിന് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഗാസയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ഐക്യരാഷ്‌ട്ര സഭ. ഗാസയിലെ ഇസ്രയേല്‍ ഉപരോധത്തിനെതിരെ അറബ് ലീഗും രംഗത്തെത്തിയിട്ടുണ്ട്. ഗാസയിലെ സിവിലിയന്‍സിനുള്ള കുടിവെള്ളവും വൈദ്യുതി വിതരണവും അടക്കമുള്ള പുനഃസ്ഥാപിക്കണമെന്ന് ഇസ്രയേലിനോട് അറബ് ലീഗ് ആവശ്യപ്പെട്ടു. എന്നാല്‍ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കും വരെ വൈദ്യുതിയും വെള്ളവും നല്‍കില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍.
ഗാസയില്‍ തുടരുന്ന ഇസ്രയേല്‍ ഹമാസ് ആക്രമണത്തില്‍ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടതെന്ന് പലസ്‌തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏതാനും ദിവസമായി തുടരുന്ന ഹമാസ് ആക്രമണത്തില്‍ 6,612 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ഗാസയിലെ ഇസ്രയേലിന്‍റെ ബോംബാക്രമണത്തിന് പിന്നാലെ 330,000ത്തിലധികം പേര്‍ ഗാസയില്‍ നിന്നും പലായനം ചെയ്‌തിട്ടുണ്ടെന്ന് ഐക്യരാഷ്‌ട്രസഭയുടെ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ (United Nations Office for Coordination of Humanitarian Affairs) കാര്യലയത്തിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു.