ടെല്‍അവീവ്: ഹമാസ് ബന്ദികളാക്കിയ പതിനാല് പേരെ താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് ആറാം ദിവസം (truce between Hamas and Israel) വിട്ടയച്ചതായി ഇസ്രയേല്‍ സേന സ്ഥിരീകരിച്ചു. ഇതില്‍ പത്ത് പേര്‍ ഇസ്രയേലികളും നാല് പേര്‍ തായ്‌ലന്‍ഡ് പൗരന്‍മാരുമാണ് (4 Thai hostage released by Hamas). ടൈംസ് ഇസ്രയേലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
താത്ക്കാലിക വെടിനിര്‍ത്തല്‍ കരാറിന്‍റെ ഭാഗമായാണ് നടപടി. ഗാസമുനമ്പിലെ റാഫാ ഇടനാഴി വഴി റെഡ്ക്രോസിനാണ് ബന്ദികളെ കൈമാറിയത്. നേരത്തെ രണ്ട് റഷ്യന്‍-ഇസ്രയേലി പൗരന്‍മാരെയും ഹമാസ് വിട്ടയച്ചിരുന്നു. ഇത് പക്ഷേ വെടിനിര്‍ത്തല്‍ കരാറിന്‍റെ ഭാഗമായല്ല. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുട്ടിന്‍ നേരിട്ട് ഇടപെട്ടതോടെയാണ് യെലേന ട്രുപണോവിനെയും ഇവരുടെ മാതാവ് ഇറേന താതിയേയും ഹമാസ് വിട്ടയച്ചത്. ഇവരെ ഇസ്രയേലിലെത്തിച്ച ശേഷം ഷേബ മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചു.
റാസ് ബെന്‍ അമി, യാര്‍ദന്‍ റോമന്‍, ലിയാത് അത്സി, മൊറാന്‍ സ്തെല യാനായ്, ലിയാം ഓര്‍, ഇറ്റായി റെജെവ്, ഒഫിര്‍ എയ്ഞ്ചല്‍, അമിത് ഷാനി, ഗലി ടാര്‍ഷന്‍സ്‌കി, റയാ റോട്ടം എന്നീ പത്ത് ഇസ്രയേലികളെയാണ് ഹമാസ് മോചിപ്പിച്ചത്. കെരെം ഷാലോം അതിര്‍ത്തിയില്‍ ഇസ്രയേല്‍ സേന ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചു. വിട്ടയച്ച ബന്ദികളുടെ കുടുംബങ്ങളെയും വിവരം അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച മുതല്‍ തിങ്കളാഴ്‌ച വരെ ഹമാസ് വിട്ടയച്ചവരുടെ എണ്ണം ഇതോടെ അന്‍പതായി.
ഗാസയില്‍ നാല് ദിവസത്തേക്ക് കൂടി സൈനിക നടപടികള്‍ ഉണ്ടാകില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗാസയില്‍ നിന്ന് ഓരോ അന്‍പത് പേരെ മോചിപ്പിക്കുമ്പോഴും മൂന്ന് പലസ്‌തീന്‍ സുരക്ഷ തടവുകാരെ വിട്ടയക്കാമെന്നും ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവശേഷിക്കുന്ന മുഴുവന്‍ ബന്ദികളെയും വിട്ടയക്കുന്നത് സംബന്ധിച്ച് കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദുബായിലെത്തുന്ന ഇസ്രയേല്‍ പ്രസിഡന്‍റ് ഇസാക്ഹെര്‍സോഗ് ലോകനേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.
ഒക്ടോബര്‍ ഏഴ് മുതല്‍ ഹമാസ് നടത്തുന്ന അക്രമപ്രവൃത്തികളും ലോകനേതാക്കളുടെ ശ്രദ്ധയില്‍ പെടുത്തും. ഇസ്രയേലിനെ യുദ്ധത്തിന് നിര്‍ബന്ധിതമാക്കിയ സുരക്ഷ ഭീഷണികളെക്കുറിച്ചും ലോകനേതാക്കളെ ബോധ്യപ്പെടുത്തുമന്ന് ഹെര്‍സോഗിന്‍റെ ഓഫിസ് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ച ശേഷം ഹമാസുമായുള്ള പോരാട്ടം തുടരുമെങ്കിലും ഗാസയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ലോകനേതാക്കളെ ഇസ്രയേല്‍ ബോധ്യപ്പെടുത്തും.
Also Read: അമേരിക്കയിൽ മൂന്ന് പലസ്‌തീൻ വിദ്യാർഥികൾക്ക് വെടിയേറ്റു; വിദ്വേഷ കുറ്റകൃത്യമെന്ന് ആരോപണം