ഗേറ്റ് മുതൽ ചുവരുകൾ വരെ.. വിളക്കുകൾ മുതൽ പാചക പാത്രങ്ങൾ വരെ.. എല്ലാം തിളങ്ങുന്നു.. കാണാൻ രണ്ട് കണ്ണുകൾ പോരാ..
വീട് എങ്ങനെ മനോഹരമാക്കാം എന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ് പലരും. കാലഘട്ടങ്ങൾ മാറുന്നതിനനുസരിച്ച് വീട് എന്ന സങ്കൽപ്പത്തിനും അടിമുടി മാറ്റമാണ്.
എന്നാൽ, വീട് ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് വിയറ്റ്നാം സ്വദേശി വാൻ ട്രംഗ്. വിയറ്റ്നാമിലെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ വാൻ ട്രംഗ് സദാസമയവും ബിസിനസ് വിദേശയാത്രയിലാണ്. എന്നാൽ ഒരു പോയിന്‍റിൽ എത്തിയപ്പോൾ വാൻ ട്രംഗിന് ഒരു മോഹം, ഇനി നാട്ടിൽ തന്നെ സ്ഥിര താമസമാക്കാമെന്ന്. അതിനായി പുതിയൊരു വീട് നിർമിക്കണമെന്നും തീരുമാനിച്ചു.
വെറുമൊരു വീടല്ല വാൻ ട്രംഗിന് വേണ്ടിയിരുന്നത്. തന്‍റെ വീട് വ്യത്യസ്‌തവും മനോഹരവുമായിരിക്കണമെന്ന് വാൻ ട്രംഗിന് നിർബന്ധമുണ്ടായിരുന്നു. പല ഇന്‍റീരിയർ ഡിസൈനർമാരുമായും സംസാരിച്ചു. വിവിധ ആശയങ്ങൾ പലരും പങ്കുവച്ചു. ഒടുവിൽ വീടിനകത്തും പുറത്തും സ്വർണം പൂശിയതെന്ന് തോന്നിക്കുംവിധം വീട് ഡിസൈൻ ചെയ്യാൻ തീരുമാനിച്ചു. മൂന്ന് വർഷമെടുത്ത് വാൻ ട്രംഗ് തന്‍റെ സ്വപ്‌ന ഭവനം പണിതു. വീടിനകത്തും പുറത്തും സ്വർണം പൂശിയതുപോലെ പെയിന്‍റടിച്ചു. മൂന്ന് നിലകളുള്ള വെട്ടിത്തിളങ്ങുന്ന ഒരു സ്വർണമാളിക.
സ്വർണം കൊണ്ടൊരു വീടോ? കാണുന്നവർക്കൊക്കെ അതിശയം. വീടിന്‍റെ പുറത്ത് ഇങ്ങനെയെങ്കിൽ അകത്തെങ്ങനെയാകും? കൗതുകത്തോടെ ആളുകൾ വീടിനകം ഒന്ന് കാണണമെന്ന ആവശ്യവുമായി വാൻ ട്രംഗിനടുത്തെത്തി. അതോടെ, വാൻ ട്രംഗിനുള്ളിലുള്ള ബിസിനസുകാരനും ഉണർന്നു. വീടിനകം കാണണമെങ്കിൽ ടിക്കറ്റ് എടുക്കണമെന്ന് വീട് കാണാനെത്തിയവരോട് അദ്ദേഹം പറഞ്ഞു. ടിക്കറ്റിന് 400 രൂപ.
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ആ വീട് ഒരു വിനോദസഞ്ചാര കേന്ദ്രമായി ആയി മാറി. ബിസിനസ് അവിടം കൊണ്ടും തീർന്നില്ല.. വിനോദസഞ്ചാരികൾക്ക് ഭക്ഷണം കഴിക്കുന്നതിനായി വീടിനോട് ചേർന്ന് ഒരു കഫേയും അദ്ദേഹം തുറന്നു.
അതെ..ഗേറ്റ് മുതൽ ചുവരുകൾ വരെ.. വിളക്കുകൾ മുതൽ പാചക പാത്രങ്ങൾ വരെ.. എല്ലാം തിളങ്ങുന്നു..എല്ലാത്തിനും സ്വർണമയമെന്ന് സഞ്ചാരികൾ.