വാഷിങ്ടണ്‍ : യുക്രൈനിലെ ഭക്ഷ്യോത്പാദനത്തിനും അതിന്‍റെ കയറ്റുമതിക്കും തടസം വരുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും റഷ്യ ഉടന്‍ അവസാനിപ്പിക്കണമെന്ന് ജി 7 രാജ്യങ്ങള്‍. കാര്‍ഷികോത്പന്നങ്ങള്‍ വലിയ രീതിയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് യുക്രൈന്‍. എന്നാല്‍ യുദ്ധം ഇത് ഏറെക്കുറെ തടസപ്പെടുത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ കാര്‍ഷികോത്പന്നങ്ങളുടെ വിലക്കയറ്റത്തിനാണ് ഇത് വഴിവച്ചത്.
പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍റെ യുക്രൈനെതിരായുള്ള യുദ്ധം ആഗോള ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കിയിരിക്കുകയാണെന്ന് ജി 7 സംയുക്‌ത പ്രസ്താവനയില്‍ വ്യക്തമാക്കി. ഭക്ഷ്യ കയറ്റുമതിക്കും ഭക്ഷ്യോത്പാദനത്തിനും തടസം വരുത്തുന്നത് അന്താരാഷ്ട നിയമങ്ങള്‍ക്ക് എതിരാണെന്നും ജി 7 രാജ്യങ്ങള്‍ റഷ്യയെ ഓര്‍മിപ്പിച്ചു. റഷ്യ ഇത്തരം നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഭക്ഷ്യ ലഭ്യതയ്‌ക്കെതിരായുള്ള ആക്രമണമായി ഇതിനെ കണക്കാക്കുമെന്ന് ജി 7 രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
യുക്രൈനിലെ ഭക്ഷ്യോത്പാദനം തുടരുന്നതിന് ആവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തും. സുരക്ഷിതമായ മറ്റ് വഴികളിലൂടെ യുക്രൈന് ഭക്ഷ്യോത്പന്നങ്ങള്‍ കയറ്റുമതി നടത്താന്‍ ആവശ്യമായ ശ്രമങ്ങള്‍ നടത്തുമെന്നും ജി 7 രാജ്യങ്ങള്‍ അറിയിച്ചു. യുക്രൈന്‍ റഷ്യ യുദ്ധം ആഗോള വിപണയില്‍ ഭക്ഷ്യ ക്ഷാമം ഉണ്ടാക്കിയതിനോടൊപ്പം ഇന്ധനങ്ങളുടേയും , വളത്തിന്‍റെയും വിതരണ ശൃഖലയെ താറുമാറാക്കിയിരിക്കുകയാണ്.
റഷ്യയ്‌ക്കെതിരായ ഉപരോധം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളേയോ ഭക്ഷ്യോത്പാദന വിതരണത്തേയോ ബാധിക്കാത്ത രീതിയിലാണ് നടപ്പാക്കുന്നതെന്നും ജി 7 രാജ്യങ്ങള്‍ പറഞ്ഞു. ആഗോള ഭക്ഷ്യ രംഗത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ തങ്ങള്‍ ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ഫുഡ് സെക്യൂരിറ്റി രൂപീകരിച്ചെന്നും ജി7 രാജ്യങ്ങള്‍ പറഞ്ഞു.