ക്വീൻസ്‌ലൻഡ് : സൈനിക അഭ്യാസത്തിനിടെ ഹെലികോപ്‌റ്റർ തകർന്നുവീണ് നാല് സൈനികരെ കാണാതായതായി ഓസ്‌ട്രേലിയ. ഇന്നലെ ഹാമിൽട്ടൺ ദ്വീപിന് സമീപം ക്വീൻസ്‌ലാൻഡ് തീരത്ത് അമേരിക്കയുമായുള്ള സംയുക്ത വ്യോമ അഭ്യാസത്തിനിടെയാണ് അപകടം നടന്നത്. പരിശീലനപ്പറക്കലിനിടെ എംആർഎച്ച് 90 ഹെലികോപ്‌റ്റർ (MRH90 Helicopter) ഓസ്‌ട്രേലിയൻ പ്രദേശിക സമയം രാത്രി 10.30നാണ് സംസ്ഥാന തലസ്ഥാനമായ ബ്രിസ്ബേനിൽ നിന്ന് 890 കിലോമീറ്റർ (550 മൈൽ) വടക്ക് ഭാഗത്തായി തകർന്നുവീണത്. ദേശീയ വാർത്ത ഏജൻസിയായ ഓസ്‌ട്രേലിയൻ ബ്രോഡ്‌കാസ്റ്റിങ് കോർപ്പറേഷനാണ് അപകടവിവരം പുറത്തുവിട്ടത്.
വ്യോമാഭ്യാസത്തിൽ പങ്കെടുക്കുന്നതിനിടെ തായ്‌പാൻ എന്നറിയപ്പെടുന്ന എംആർഎച്ച് 90 വിഭാഗത്തിൽപെട്ട ഹെലികോപ്‌റ്റർ രാത്രി 10:30 ഓടെ തകരുകയായിരുന്നു. ഹെലികോപ്‌റ്ററിൽ നാല് ക്രൂ അംഗങ്ങൾ ഉണ്ടായിരുന്നതായും ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് സ്ഥിരീകരിച്ചു. പരിശീലനത്തിൽ പങ്കെടുത്ത രണ്ടാമത്തെ ഹെലികോപ്‌റ്റർ ഉടൻ തന്നെ തെരച്ചിൽ ആരംഭിച്ചെന്നും രക്ഷാപ്രവർത്തനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും മാർലെസ് പറഞ്ഞു.
ക്വീൻസ്‌ലൻഡ് സ്‌റ്റേറ്റ് അധികൃതരും പൊതുജനങ്ങളും യുഎസ് സൈനിക ഉദ്യോഗസ്ഥരും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രതിരോധ സേന മേധാവി ജനറൽ ആംഗസ് കാംബെൽ പറഞ്ഞു. വിറ്റ്‌സണ്ടേസ് ഐലൻഡ്‌സ് ഗ്രൂപ്പിലെ ഡെന്‍റ് ദ്വീപിന് സമീപം ഇന്ന് രാവിലെ ഒരു രക്ഷാപ്രവർത്തന ഹെലികോപ്റ്റർ അവശിഷ്‌ടങ്ങൾ കണ്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഈ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ 'താലിസ്‌മാൻ സാബർ' (Talisman Sabre) എന്ന് പേരിൽ അറിയപ്പെടുന്ന സൈനിക അഭ്യാസം തത്‌കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പരിശീലനത്തിന്‍റെ ഭാഗമായി യുഎസ് നാവികരും ഓസ്‌ട്രേലിയൻ സൈനികരും സംയുക്തമായി വിറ്റ്‌സണ്ടേസ് ദ്വീപിൽ അഭ്യാസം നടത്തുന്നുണ്ടെന്ന് ഓസ്‌ട്രേലിയൻ ബ്രോഡ്‌കാസ്റ്റിങ് കോർപറേഷൻ റിപ്പോർട്ട് ചെയ്‌തു.
യുഎസ്, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ 13 രാജ്യങ്ങളിലെ ഏകദേശം 30,000 സൈനികർ ഉൾപ്പെടുന്നതാണ് ടാലിസ്‌മാൻ സാബർ സൈനിക അഭ്യാസം. ഉയർന്ന യുദ്ധസാഹചര്യത്തിനായുള്ള തയ്യാറെടുപ്പിനും നിർവഹണത്തിലും പരിശീലനം നേടുക എന്നതാണ് ഇതിന്‍റെ പ്രധാന ഉദ്ദേശം. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന സൈനിക അഭ്യാസത്തിന്‍റെ പത്താം വാർഷികമാണിത്. പസഫിക് രാജ്യങ്ങളായ പപ്പുവ ന്യൂ ഗിനിയ, ഫിജി, ടോംഗ എന്നീ രാജ്യങ്ങൾ ആദ്യമായാണ് പരിശീലനത്തിൽ പങ്കെടുക്കുന്നതാണ് ന്യൂസിലൻഡ് ആസ്ഥാനമായുള്ള മാധ്യമം ആർഎൻസെഡ് റിപ്പോർട്ട് ചെയ്യുന്നത്.
സൈനിക അഭ്യാസം നിർത്തിവച്ച് ഓസ്‌ട്രേലിയ; അഭ്യാസത്തിൽ പങ്കെടുത്ത ഒരു പ്രതിരോധ ഹെലികോപ്റ്റർ പസഫിക്കിൽ തകർന്നുവീണ് നാല് എയർക്രൂവുകളെ കാണാതായതിനെത്തുടർന്ന് അമേരിക്കയുമായുള്ള ഒരു പ്രധാന സൈനികാഭ്യാസം താത്‌കാലികമായി നിർത്തിവച്ച് ഓസ്‌ട്രേലിയ. താലിസ്‌മാൻ സബർ എക്‌സർസൈസ് രണ്ടാം വാരത്തിലേക്ക് കടക്കുന്നതിനിടെ സംഭവിച്ച അപകടത്തിന്‍റെ കാരണമെന്തെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ALSO READ : കശ്‌മീരിലെ കിഷ്ത്വറിൽ സൈനിക ഹെലികോപ്‌ടർ തകർന്നുവീണു ; ഒരു മരണം