ഖത്തർ: 32 ടീമുകൾ, 64 മത്സരങ്ങൾ, 29 ദിവസം. ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിന് പന്തുരുളാൻ ഇനി 21 നാളുകൾ മാത്രം ബാക്കി. അറേബ്യൻ മണ്ണിലേക്ക് ആദ്യമായി വിരുന്നെത്തുന്ന കാൽപന്ത് പൂരത്തിന് നവംബർ 20ന് ദോഹയുടെ തലസ്ഥാനമായ അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിലെ പുൽത്തകിടിയിൽ കിക്ക്‌ഓഫ് ആകും. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യത്തെ മത്സരം.
ഫുട്‌ബോൾ ഇതിഹാസങ്ങളായ ലയണൽ മെസിയുടേയും, ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും അവസാന ലോകകപ്പ്, കിലിയൻ എംബാപെ എന്ന യുഗത്തിന്‍റെ തുടക്കം, ആറാം കിരീടം ലക്ഷ്യമിടുന്ന ബ്രസീൽ. ഒരു പക്ഷേ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ ലോകകപ്പുളിലൊന്നായിക്കും ഇത്തവണത്തേത്.
നാല് ടീമുകൾ വീതമുള്ള 8 ഗ്രൂപ്പുകളായാണ് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം നോക്കൗട്ടിലേക്ക് പ്രവേശിക്കും. ഡിസംബർ 18-നാണ് ഫൈനൽ.
പ്രധാന ടീമുകൾ- ഫിഫ റാങ്കിങിന്‍റെ അടിസ്ഥാനത്തിൽ
- ബ്രസീൽ : നെയ്‌മറും വിനീഷ്യസ് ജൂനിയറും ഉൾപ്പെടെയുള്ള താരങ്ങളാണ് ബ്രസീലിന്‍റെ തുറുപ്പുചീട്ട്. 2002ന് ശേഷം ലോകകപ്പിൽ മുത്തമിടാൻ സാധിച്ചിട്ടില്ലാത്ത ബ്രസീൽ ഇത്തവണ ആറാം കിരീട നേട്ടം എന്നതാണ് ഖത്തറിൽ ലക്ഷ്യമിടുന്നത്.
- ബെൽജിയം : കെവിൻ ഡി ബ്രൂയ്‌നെ നയിക്കുന്ന ബെൽജിയവും ലോകകപ്പിലെ ശക്‌തരായ ടീമുകളിലൊന്നാണ്. അറ്റാക്കിങ് മിഡ് ഫീൽഡറായ ചാൾസ് ഡെ കെറ്റൈലറെ എന്ന 21കാരനിലാണ് ഏവരും ഉറ്റുനോക്കുന്നത്.
- അർജന്‍റീന : ഇതിഹാസ താരം മെസിയുടെ അവസാന ലോകകപ്പ് കൂടിയാകും ഇത്. അതിനാൽ തന്നെ മെസിക്കായി ലോകകപ്പ് നേടുക എന്നതാകും അർജന്‍റീനയുടെ ലക്ഷ്യം. ഇതിഹാസ താരം ഡീഗോ മറഡോണയുടെ മരണ ശേഷമുള്ള ആദ്യ ലോകകപ്പ് കൂടിയാണിത്.
- ഫ്രാൻസ് : തുടർച്ചയായ രണ്ടാം കിരീടമാണ് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് ലക്ഷ്യമിടുന്നത്. ഈ ലോകകപ്പിൽ പരിക്ക് ഏറ്റവുമധികം ബാധിച്ച ടീമാണ് ഫ്രാൻസ്. എൻഗോളോ കാന്‍റെ, പോൾ പോഗ്‌ബെ, റാഫേൽ വരാനെ എന്നീ താരങ്ങൾ പരിക്കേറ്റ് പുറത്തായിട്ടുണ്ട്. എംബാപ്പെയും കരിം ബെൻസെമയുമാണ് ടീമിന്‍റെ പ്രധാന ശക്‌തി.
- ഇംഗ്ലണ്ട് : കഴിഞ്ഞ ലോകകപ്പിലെ ഫേവറേറ്റുകളായിരുന്ന ഇംഗ്ലണ്ട് ഇത്തവണ മോശം ഫോമിന്‍റെ പിടിയിലാണ്. 2018 ലോകകപ്പിലെ സെമിഫൈനലിസ്റ്റും, 2021 യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ ഫൈനലിസ്റ്റുമായി ഇംഗ്ലണ്ടിന് അടുത്തിടെ നടന്ന മത്സരങ്ങളിലൊന്നും വിജയിക്കാനായിട്ടില്ല.
പ്രധാന താരങ്ങൾ
- ലയണൽ മെസി (അർജന്‍റീന): ലയണൽ മെസിയുടെ അഞ്ചാമത്തെയും ഒരു പക്ഷേ അവസാനത്തെയും ലോകകപ്പായിരിക്കും ഇത്തവണ ഖത്തറിൽ നടക്കുക. ഇപ്പോഴും തകർപ്പൻ ഫോമിലാണെങ്കിലും 35 കാരനായ താരം ഇനിയൊരു ലോകകപ്പ് കളിക്കാനുള്ള സാധ്യതകൾ വളരെ കുറവാണ്. നിലവിൽ പിഎസ്‌ജിക്കായി മികച്ച ഫോമിൽ കളിക്കുകയാണ് താരം.
- ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ): റൊണാൾഡോയുടേയും അവസാനത്തെ ലോകകപ്പ് ആയിരിക്കും ഇത്തവണത്തേത്. ലോകഫുട്‌ബോളിലെ ഗോൾ സ്‌കോറർമാരിൽ ഒന്നാം സ്ഥാനത്താണെങ്കിലും റൊണാൾഡോയ്‌ക്ക് ഇതുവരെ ലോകകപ്പ് ഫൈനലിൽ കളിക്കാൻ സാധിച്ചിട്ടില്ല. ലോകകപ്പ് കിരീടത്തോടെ ഇതിഹാസത്തിന് യാത്രയയപ്പ് നൽകാനാകും പോർച്ചുഗലിന്‍റെ ലക്ഷ്യം.
- കിലിയൻ എംബാപ്പെ (ഫ്രാൻസ്): 19-ാം വയസിൽ ലോകകപ്പ് കളിച്ച് ചരിത്രത്തിൽ ഇടം നേടിയ താരമാണ് കൈലിയൻ എംബാപ്പെ. അരങ്ങേറ്റ ലോകകപ്പിൽ തന്നെ നാല് ഗോളുകളുമായി തിളങ്ങിയ താരം ഫ്രാൻസിന് കിരീടം നേടിക്കൊടുക്കുന്നതിലും പ്രധാന പങ്ക് വഹിച്ചിരുന്നു. ഇത്തവണ കിരീടം നേടിയാൽ ആദ്യ രണ്ട് ലോകകപ്പുകളിൽ കിരീടം നേടുന്ന താരം എന്ന പെലെയുടെ റെക്കോഡിനൊപ്പമെത്താൻ എംബാപ്പെക്ക് കഴിയും.
- കെവിൻ ഡി ബ്രൂയിൻ (ബെൽജിയം): ലോകത്തെതന്നെ ഏറ്റവും മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാളാണ് കെവിൻ ഡി ബ്രൂയിൻ. താരത്തിന്‍റെ ഡ്രൈവിംഗ് റണ്ണുകൾ ഫുട്ബോളിലെ ഏറ്റവും മികച്ച കാഴ്‌ചകളിൽ ഒന്നാണ്.
- നെയ്‌മർ (ബ്രസീൽ): ബ്രസീലിനെ ആറാം കിരീടത്തിലേക്ക് എത്തിക്കാൻ നെയ്‌മറിന് കഴിയും എന്നാണ് ആരാധകരുടെ വിശ്വാസം. നിലവിൽ പിഎസ്‌ജിയിൽ മികച്ച ഫോമിൽ കളിക്കുന്ന നെയ്‌മർ ലോകകപ്പിലും അതേ ഫോം തുടരുമെന്നാണ് പ്രതീക്ഷ.
ഗ്രൂപ്പുകൾ
- ഗ്രൂപ്പ് എ: ഖത്തർ, സെനഗൽ, നെതർലാൻഡ്‌സ്, ഇക്വഡോർ.
- ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, വെയ്ൽസ്
- ഗ്രൂപ്പ് സി: അർജന്റീന, മെക്‌സിക്കോ, പോളണ്ട്, സൗദി അറേബ്യ.
- ഗ്രൂപ്പ് ഡി: ഫ്രാൻസ്, ഡെന്മാർക്ക്, ടുണീഷ്യ, ഓസ്‌ട്രേലിയ
- ഗ്രൂപ്പ് ഇ: സ്‌പെയിൻ, ജർമനി, ജപ്പാൻ, കോസ്റ്റാറിക്ക
- ഗ്രൂപ്പ് എഫ്: ബെൽജിയം, മൊറോക്കോ, ക്രൊയേഷ്യ, കാനഡ.
- ഗ്രൂപ്പ് ജി: ബ്രസീൽ, സെർബിയ, സ്വിറ്റ്‌സർലാൻഡ്, കാമറൂൺ.
- ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ, യുറഗ്വായ്, ദക്ഷിണ കൊറിയ, ഘാന
മത്സരം ക്രമം: നാല് ടീമുകൾ വീതമുള്ള എട്ട് ടീമുകളാണ് ഇത്തവണ ലോകകപ്പിൽ പങ്കെടുക്കുന്നത്. ഓരോ ടീമിലേയും ആദ്യ രണ്ട് സ്ഥാനക്കാർ 16 ടീമുകൾ ഉൾപ്പെടുന്ന നോക്കൗട്ട് ഘട്ടത്തിലേക്ക് എത്തുന്നു. ഒരു ദിവസം നാല് മത്സരങ്ങൾ വീതമാണ് ഇത്തവണത്തെ ലോകകപ്പിൽ ഉണ്ടാവുക. ഗ്രൂപ്പ് ഘട്ടം അവസാനിച്ചതിന്‍റെ അടുത്ത ദിവസം മുതൽ ആരംഭിക്കുന്ന നോക്കൗട്ട് ഘട്ടത്തിന് ഇടവേളയുണ്ടാകില്ല. ടൂർണമെന്‍റിന്‍റെ 17-ാം ദിവസമായ ഡിസംബർ ഏഴിന് മത്സരങ്ങൾ ഇല്ല.
കാണേണ്ട മത്സരങ്ങൾ
- ഖത്തർ vs ഇക്വഡോർ (നവംബർ 20): ഖത്തർ ലോകകപ്പിന്‍റെ ഉദ്‌ഘാടന മത്സരം.
- അർജന്‍റീന vs മെക്‌സിക്കോ (നവംബർ 26): ഗ്രൂപ്പ് ഘട്ടത്തിലെ വലിയ കോണ്ടിനെന്റൽ മത്സരങ്ങളിൽ ആദ്യത്തേത്.
- സ്പെയിൻ vs ജർമ്മനി (നവംബർ 27): ലോകകപ്പിലെ തന്നെ ഏറ്റവും വലിയ ടീമുകളുടെ മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ തന്നെ ഏറ്റവും വലിയ മത്സരങ്ങളിൽ ഒന്ന്.
- ഇറാൻ vs യുണൈറ്റഡ് സ്റ്റേറ്റ്സ് (നവംബർ 29): ഫുട്‌ബോൾ എന്നതിലുപരി രണ്ട് രാജ്യങ്ങൾ തമ്മിലുള്ള രാഷ്‌ട്രീയ പോര് കൂടിയാകും ഈ മത്സരം. 1980ൽ വിച്ഛേദിക്കപ്പെട്ട ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഇനിയും പുനസ്ഥാപിച്ചിട്ടില്ലാത്തതിനാൽ തന്നെ മത്സരം എന്നതിലുപരി ഫുട്‌ബോൾ യുദ്ധത്തിനാകും കാണികൾ സാക്ഷ്യം വഹിക്കുക.
- ഘാന vs ഉറുഗ്വേ (ഡിസംബർ 2): 2010 ജൂലൈ 2ന് നടന്ന ഉറുഗ്വേ- ഘാന ലോകകപ്പ് ക്വാർട്ടർ ഫൈനൽ ആരും മറക്കാനിടയില്ല. മത്സരത്തിൽ അധിക സമയത്തിന്‍റെ അവസാന മിനിട്ടിൽ ലൂയിസ് സുവാരസ് മനപൂർവം ഗോൾലൈനിൽ വെച്ച് പന്തിനെ കൈകൊണ്ട് തട്ടി മാറ്റുകയും ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്‌തിരുന്നു. ഇതിനെത്തുടർന്ന് ലഭിച്ച പെനാൽറ്റി ഘാന നഷ്‌ടപ്പെടുത്തുകയും മത്സരത്തിൽ തോൽക്കുകയും ചെയ്‌തു. അതിനാൽ തന്നെ ഇത്തവണ മധുര പ്രതികാരം വീട്ടാനാകും ഘാനയുടെ ശ്രമം.