മോസ്‌കോ: സോവിയറ്റ് യൂണിയന്‍റെ അവസാനത്തെ പ്രസിഡന്‍റായിരുന്ന മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു. 91 വയസായിരുന്നു. ഏറെ കാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ച മോസ്‌കോയിലെ സ്വകാര്യ ആശുപത്രിയിൽ മരണം സംഭവിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 1988 മുതല്‍ 1991 വരെ സോവിയറ്റ് യൂണിയൻ തകരുന്നത് വരെ യുഎസ്എസ്ആറിന്‍റെ പ്രസിഡന്‍റ് സ്ഥാനത്ത് തുടർന്നു.
1985 മുതല്‍ 1991 വരെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. അമേരിക്കയും റഷ്യയും തമ്മില്‍ നിലനിന്ന ശീതയുദ്ധം അവസാനിപ്പിച്ച ലോക നേതാവ് കൂടിയാണ് മിഖായേല്‍ സെർഗേവിച്ച് ഗോർബച്ചേവ്. 1990 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടി. സോവിയറ്റ് യൂണിയന്‍റെ ജനാധിപത്യം, നവീകരണം എന്നിവയെ അധിഷ്‌ഠിതമാക്കി യഥാക്രമം ഗ്ലാസ്‌നോസ്റ്റ്, പെരിസ്ട്രോയിക്ക എന്നി സിദ്ധാന്തങ്ങൾ അവതരിപ്പിച്ചു. സോവിയറ്റ് യൂണിയന്‍റെ തകർച്ചക്ക് കാരണക്കാരനായി ലോകം വിമർശിച്ച നേതാവ് കൂടി ആയിരുന്നു മിഖായേൽ ഗോർബച്ചേവ്.
കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെ റഷ്യൻ ആധിപത്യത്തിൽ നിന്ന് മോചിപ്പിക്കപ്പെടുകയും ദശാബ്‌ദങ്ങൾ നീണ്ട കിഴക്കുപടിഞ്ഞാറൻ ആണവ ഏറ്റുമുട്ടലിന് അന്ത്യം സംഭവിക്കുന്നതിനും കാരണക്കാരനായി എന്നതാണ് മിഖായേല്‍ സെർഗേവിച്ച് ഗോർബച്ചേവിന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രത്യേകത. പ്രസിഡന്‍റ് സ്ഥാനം നഷ്‌ടമായ ശേഷം സാമൂഹിക പ്രവർത്തനങ്ങളില്‍ സജീവമായിരുന്നു.