ഗാസ : ഇസ്രയേൽ - ഹമാസ് യുദ്ധം (Israel - Hamas Conflict ) രണ്ടാഴ്‌ച പിന്നിട്ടിട്ടും അറുതിയില്ലാതെ ഇരുരാജ്യങ്ങളും ആക്രമണം തുടരുകയാണ്. അതിനിടെ ആക്രമണത്തിന്‍റെ ഭാഗമായി ഇസ്രയേൽ ഉപരോധം ഏർപ്പെടുത്തിയ ഗാസ മുനമ്പിലേയ്‌ക്ക് രണ്ടാഴ്‌ചയ്‌ക്ക് ശേഷം ആദ്യമായി അടിസ്ഥാന സഹായം എത്തിക്കാൻ ഈജിപ്‌തിനും ഗാസയ്‌ക്കുമിടയിലുള്ള റഫാ അതിർത്തി (Rafah Crossing Opened) ശനിയാഴ്‌ച (21.10.2023) ഈജിപ്‌ത് തുറന്നുകൊടുത്തു. എന്നാൽ, 23 ലക്ഷത്തോളം പലസ്‌തീനികൾ വെള്ളവും വെളിച്ചവും ഭക്ഷണവുമില്ലാതെ കഴിയുന്ന ഇവിടേയ്‌ക്ക് വെറും 20 ട്രക്ക് സാധനങ്ങൾ മാത്രമാണ് ആദ്യഘട്ടത്തിൽ അനുവദിച്ചത് (aid Supplied to Palestine). ഇതുകൊണ്ട് ഗാസയിലെ മാനുഷിക പ്രതിസന്ധി (humanitarian crisis) പരിഹരിക്കാൻ കഴിയില്ലെന്നാണ് സഹായം എത്തിച്ചുനൽകിയ റെഡ് ക്രസന്‍റ് പറയുന്നത്.
അതേസമയം, 3,000 ടൺ സഹായവുമായി 200 ലധികം ട്രക്കുകൾ ദിവസങ്ങളായി ഗാസയ്‌ക്ക് (Gaza) പുറത്ത് കാത്തുകിടക്കുകയാണ്. ഗാസയിലെ 2.3 ദശലക്ഷം പലസ്‌തീനികളിൽ വീടുകൾ നഷ്‌ടപ്പെട്ട പകുതി പേരും വെള്ളവും ഭക്ഷണവുമില്ലാതെ നരകിക്കുന്നുണ്ട്. പ്രദേശത്തെ വൈദ്യുതിയും പൂർണമായി വിച്ഛേദിച്ചതോടെ ആശുപത്രികളിലെ മെഡിക്കൽ സപ്ലൈകൾക്കും എമർജൻസി ജനറേറ്ററുകൾക്കുള്ള ഇന്ധനത്തിനും ക്ഷാമം നേരിടുകയാണ്. ഇന്ധനക്ഷാമവും ബോംബാക്രമണവും കാരണം അഞ്ച് ആശുപത്രികളുടെ പ്രവർത്തനം ഇതിനോടകം നിർത്തിവച്ചതായി ഹമാസ് (Hamas) നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു.
സുരക്ഷ, ഭക്ഷണം, വെള്ളം, ആരോഗ്യ സംരക്ഷണം എന്നിവ നിഷേധിക്കപ്പെട്ട് ചെറിയ കുട്ടികൾ വലിയ തോതിൽ ഗാസയിൽ മരണപ്പെടുന്നുണ്ട്. ഇക്കാരണത്താൽ, യുഎൻ ജനസംഖ്യ ഫണ്ടും യുനിസെഫും ഉൾപ്പെടുന്ന ഏജൻസികൾ ഗാസയിലുടനീളം ഉടനടി ആവശ്യത്തിനുള്ള മാനുഷിക സഹായം എത്തിക്കണമെന്നും വെടിനിർത്തൽ നടപടി കൈകൊള്ളണെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗാസയുടെ ആരോഗ്യസംരക്ഷണ മേഖല തകർച്ചയെ അഭിമുഖീകരിക്കുകയാണെന്നാണ് ഡോക്‌ടർമാർ പറയുന്നത്. അതേസമയം, ഗാസയിൽ ദീർഘകാലം ഉപരോധം തുടരില്ലെന്ന് ഇസ്രയേലും അറിയിച്ചിരുന്നെങ്കിലും യുദ്ധത്തിന്‍റെ അടുത്തഘട്ടത്തിനുള്ള മുന്നൊരുക്കമെന്ന നിലയിൽ വ്യോമാക്രമണം ശക്തമാക്കാൻ രാജ്യം തീരുമാനിച്ചിട്ടുള്ളതായി ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചു. അതിനാൽ, ഗാസ നഗരത്തിലെ നിവാസികൾ തെക്ക് ഭാഗത്തേയ്‌ക്ക് മാറണമെന്നും ഇസ്രയേൽ നിർദേശിച്ചു. യുദ്ധം 16-ാം ദിവസത്തിലേയ്‌ക്ക് കടക്കുമ്പോൾ ഇതിവരെ ഇരുരാജ്യങ്ങളിമുമായി സാധാരണക്കാരും സൈനികരുമുൾപ്പടെ ആറായിരത്തിനടുത്ത് ആളുകളാണ് കൊല്ലപ്പെട്ടിട്ടുള്ളത് (Death toll in Israel Hamas war).