ഇന്തോനേഷ്യ : ഇവിടുത്തെ ഒരു ദ്വീപിൽ ഒരു കുടുംബം പ്രായമായ ബന്ധുവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. അതേസമയം മറ്റൊരു കുടുംബം തങ്ങളുടെ മൂത്ത പൂർവികരിൽ ഒരാളെ വസ്ത്രം ധരിപ്പിക്കാൻ ശ്രമിക്കുന്നു. അതിൽ അസാധാരണമായി ഒന്നുമില്ല.
പക്ഷേ,അവരിന്ന് ഭൂമിയിൽ ജീവനോടെ ഇല്ലാത്തവരാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കണമെന്നില്ല. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലെ രണ്ട് ചെറിയ പട്ടണങ്ങളിലാണ് വിചിത്രമായ ഈ ആചാരം നടക്കുന്നത്.
ഈ പ്രദേശത്തെ താമസക്കാർ മനേനെ എന്ന പേരിൽ ആചരിക്കുന്ന ദിവസങ്ങൾ നീണ്ട ചടങ്ങാണിത്. പൂർവികരുടെ ആത്മാക്കളെ ബഹുമാനിക്കുന്നതിനും വഴിപാടുകൾ നൽകുന്നതിനുമായുള്ള ആചാരത്തിന്‍റെ ഭാഗമായി ടൊറിയ ഗ്രാമത്തിൽ നൂറുകണക്കിന് മൃതദേഹങ്ങൾ പുറത്തെടുക്കുകയാണ്. മനേനെ ചെയ്യുമ്പോൾ ശവക്കുഴികൾ തുറന്ന് കല്ലറയും അതിന്‍റെ പരിസരവും ജീവിച്ചിരിക്കുന്നവർ വൃത്തിയാക്കും.
മൃതദേഹങ്ങൾ വെയിലിൽ ഉണക്കി എടുക്കും. ശേഷം പുതിയ വസ്‌ത്രം ധരിപ്പിക്കും. പർവതത്തിൽ കൊത്തിയെടുത്ത ഒരു ശ്‌മശാന ഗുഹയിലാണ് പ്രിയപ്പെട്ടവരുടെ സംരക്ഷിത മൃതദേഹങ്ങൾ സൂക്ഷിക്കുന്ന ശവപ്പെട്ടികൾ പുതിയ തലമുറ സൂക്ഷിച്ചുവയ്ക്കുന്നത്. മക്കളുടെയും കൊച്ചുമക്കളുടെയും കൃതജ്ഞത രേഖപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ വഴിപാടുകൾ നടത്തുന്നതെന്ന് ടൊറിയ ഗ്രാമത്തലവൻ റഹ്മാൻ ബാദസ് പറയുന്നു.
ആത്മാക്കളോടുള്ള ബഹുമാനാർഥമായാണ് അവർ ഈ ചടങ്ങുകളെ കാണുന്നത്. സുരക്ഷിതത്വവും സമാധാനവും സന്തോഷവും കൊണ്ട് ജീവിക്കുന്നവരെ ആത്മാക്കൾ അനുഗ്രഹിക്കും എന്നാണ് ഈ ദ്വീപ സമൂഹത്തിന്‍റെ വിശ്വാസം. ഒരു കുടുംബം അവരുടെ പുതുതായി പുറത്തെടുത്ത ബന്ധുവിന് ഒരു സിഗരറ്റ് വാഗ്‌ദാനം ചെയ്‌തു, മറ്റൊരാൾ ഒരു ജോടി പുതിയ സൺഗ്ലാസുകൾ വച്ചുകൊടുത്തു.
ചില മൃതദേഹങ്ങൾ മമ്മിഫിക്കേഷൻ പ്രക്രിയ നടത്തിയതിനാൽ താരതമ്യേന കേടുകൂടാതെയിരിക്കും, മറ്റുള്ളവ അസ്ഥികൂടത്തിന്‍റെ അവശിഷ്‌ടങ്ങളായി മാറിയിരിക്കും. എന്നാൽ ഇതൊന്നും യുവ തലമുറയെ ബാധിക്കുന്നില്ല. അവർ അവരുടെ കർത്തവ്യം കൃത്യമായി തന്നെ ചെയ്യും. ഏകദേശം ഒരു ദശലക്ഷം ആളുകൾ താമസിക്കുന്ന ഒരു വംശീയ വിഭാഗമാണ് ടൊറജൻമാര്‍. എംബാം ചെയ്‌ത മൃതദേഹവുമായി സംസാരിക്കുന്നതും, അവരെ വസ്ത്രം ധരിപ്പിക്കുന്നതും മമ്മിവത്കരിച്ച ബന്ധുവിനൊപ്പം ചിത്രങ്ങൾ എടുക്കുന്നതുമെല്ലാം അവരുടെ ആചാരത്തിന്‍റെ ഭാഗമാണ്.
സാധാരണയായി ഏതാനും വർഷങ്ങൾ കൂടുമ്പോൾ ജൂലൈയിലോ ഓഗസ്‌റ്റ് മാസത്തിലോ ആണ് മനേനെ നടത്തുന്നത്. മരിച്ചവരുടെ ആത്മാക്കൾ അവരുടെ ശവസംസ്‌കാര ചടങ്ങുകൾക്ക് മുമ്പ് ലോകത്ത് തങ്ങിനിൽക്കുമെന്നും ശാന്തി ലഭിച്ചശേഷം അവരുടെ യാത്ര ആരംഭിക്കുമെന്നും ടൊറാജര്‍ വിശ്വസിക്കുന്നു. വിശദമായ ശവസംസ്‌കാര ചടങ്ങുകൾക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നത് വരെ കുടുംബാംഗങ്ങൾ മൃതദേഹം സൂക്ഷിക്കും.
പുളിച്ച വിനാഗിരി, തേയില തുടങ്ങിയ പ്രകൃതിദത്ത വസ്‌തുക്കൾ ഉപയോഗിച്ച് എംബാമിംഗ് പ്രക്രിയയിലൂടെ മരിച്ചവരെ മുമ്പ് മമ്മികളാക്കിയിരുന്നു. ഈ ചിത്രം വിത്യസ്‌തതയ്ക്കപ്പുറം ഒരു സമൂഹത്തിന്‍റെ വിശ്വാസമാണ് കാണിക്കുന്നത്.