കാൻബെറ: ഓസ്‌ട്രേലിയയുടെ തെക്കുകിഴക്കൻ തീരത്തുള്ള ദ്വീപിൽ 14 സ്‌പേം വെയിലുകൾ(ഒരിനം തിമിംഗലങ്ങള്‍) ചത്ത നിലയിൽ കണ്ടെത്തി. മെൽബണിനും ടസ്‌മാനിയയുടെ വടക്കൻ തീരത്തിനും ഇടയിലുള്ള ബാസ് കടലിടുക്കിലെ കിങ് ഐലൻഡിൽ തിങ്കളാഴ്‌ചയാണ് തിമിംഗലങ്ങളെ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഓസ്‌ട്രേലിയൻ വന്യജീവി ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗവൺമെന്‍റ് മറൈൻ കൺസർവേഷൻ പ്രോഗ്രാം സംഘവും അന്വേഷണം നടത്തി വരികയാണ്. തിമിംഗലങ്ങൾ ദ്വീപിന്‍റെ പാറയിടുക്കിൽ ആഴം കുറഞ്ഞ ഭാഗത്ത് ചത്തുകിടക്കുന്നതായാണ് ദൃശ്യങ്ങൾ. ഈ പ്രദേശം ഇവയുടെ ആവാസ പരിധിക്കുള്ളിലുള്ളതാണെന്നും അതുകൊണ്ട് തന്നെ ഇവിടെ തിമിംഗലങ്ങളെ കണ്ടത് അസാധാരണമായ ഒരു സംഭവം അല്ലെന്നും വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
തിമിംഗലങ്ങളുടെ ശവശരീരങ്ങൾ സ്രാവുകളെ സമീപത്തേക്ക് ആകർഷിക്കുന്ന സാഹചര്യത്തിൽ സർഫർമാർക്കും നീന്തലുകാർക്കും അടുത്തുള്ള പ്രദേശം ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ട് വർഷം മുമ്പ്, ടസ്‌മാനിയയുടെ പടിഞ്ഞാറൻ തീരത്ത് മണൽത്തിട്ടകളിൽ 470 ഓളം നീളമുള്ള പൈലറ്റ് തിമിംഗലങ്ങളെ കണ്ടെത്തി. ഒരാഴ്‌ച നീണ്ട പരിശ്രമത്തിനൊടുവിൽ 111 തിമിംഗലങ്ങളെ രക്ഷിച്ചെങ്കിലും ബാക്കിയുള്ളവ ചത്തിരുന്നു.