കറാച്ചി : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട് (Dawood Ibrahim Hospitalized). വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നാണ് ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കറാച്ചിയിലെ ആശുപത്രിയില്‍ വന്‍ സുരക്ഷയിലാണ് ദാവൂദിനെ ചികിത്സിക്കുന്നതെന്നും വിവരമുണ്ട്.
ദാവൂദ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയുടെ ഒരു നിലയില്‍ നിലവില്‍ അദ്ദേഹം മാത്രമാണ് ഉള്ളത്. ആശുപത്രിയിലെ ഉന്നത ജീവനക്കാരെയും ദാവൂദിന്‍റെ അടുത്ത ബന്ധുക്കളെയും മാത്രമാണ് അവിടേയ്‌ക്ക് പ്രവേശിപ്പിക്കുന്നത്. രണ്ട് ദിവസം മുന്‍പായിരുന്നു ദാവൂദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാന്‍ ദേശീയ, അന്തര്‍ ദേശീയ മാധ്യമങ്ങളാണ് നിലവില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ അടക്കം ഇത് വലിയ രീതിയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ല. ദാവൂദിന്‍റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട വിവരം പുറത്തുപോകാതിരിക്കാന്‍ പാകിസ്ഥാനിലെ ചിലയിടങ്ങളില്‍ ഇന്‍റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയതായും വിവരമുണ്ട് (Dawood Ibrahim Poisoned).
ഈ വര്‍ഷം ജനുവരിയില്‍ ദാവൂദ് ഇബ്രാഹിം ഒരു പാകിസ്ഥാന്‍ യുവതിയെ പുനർവിവാഹം ചെയ്‌തെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ കറാച്ചിയിലെ ഒരു അജ്ഞാത സ്ഥലത്തേക്ക് ദാവൂദ് താമസം മാറി. ദാവൂദിന്‍റെ സഹോദരിയുടെ മകന്‍ അലി ഷാ പാര്‍ക്കാറാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) മൊഴി നല്‍കിയത്.
തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ ശ്രമിച്ച കേസില്‍ പിടികൂടിയപ്പോഴായിരുന്നു ദാവൂദിന്‍റെ സഹോദരീപുത്രന്‍ ഇക്കാര്യങ്ങള്‍ അന്വേഷണ ഏജന്‍സിയെ അറിയിച്ചത്. ആഗോള ഭീകര ശൃംഖലയുമായി ബന്ധപ്പെട്ട കേസിൽ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു വ്യക്തിയുടെ സ്വത്ത് ഇക്കഴിഞ്ഞ ജൂലൈയില്‍ എൻഐഎ കണ്ടുകെട്ടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ക്കെതിരെയാണ് അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്.
ദാവൂദ് ഇബ്രാഹിമും കൂട്ടാളികളുമാണ് കറാച്ചി വിമാനത്താവളം നിയന്ത്രിക്കുന്നതെന്നും ഇതുവഴി അവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും എന്‍ഐഎ പറയുന്നു. ഭീകരവാദ പ്രവര്‍ത്തനം, മയക്കുമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ ഇന്ത്യ അന്വേഷിക്കുന്ന കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. 1993ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്‍റ മുഖ്യസൂത്രധാരനും ദാവൂദാണ്. ഒരുകാലത്ത് മുംബൈ അധോലോകത്തിന്‍റെ നിയന്ത്രണവും ദാവൂദ് ഇബ്രാഹിമിനായിരുന്നു (Who is Dawood Ibrahim).