മോസ്‌കോ : റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍റെ വിശ്വസ്‌തന്‍റെ മകൾ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. യുക്രൈൻ യുദ്ധത്തിന് തന്ത്രങ്ങൾ മെനയുന്നയാൾ എന്ന് കരുതപ്പെടുന്ന അലക്‌സാണ്ടർ ഡഗിൻ എന്നയാളുടെ മകളായ ഡാരിയ ഡഗിന (29) ആണ് കാർ പൊട്ടിത്തെറിച്ച് മരിച്ചത്. ശനിയാഴ്‌ച രാത്രി മോസ്‌കോയുടെ പ്രാന്തപ്രദേശത്താണ് ഡഗിന ഓടിച്ചിരുന്ന വാഹനം പൊട്ടിത്തെറിച്ചത്.
എഴുത്തുകാരനായ അലക്‌സാണ്ടർ ഡഗിനെ ‘പുടിന്‍റെ തലച്ചോറ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. റഷ്യൻ ലോക സങ്കൽപ പ്രത്യയശാസ്ത്രത്തിന്‍റെ പ്രമുഖ വക്താവും യുക്രൈനിലേക്ക് റഷ്യൻ സൈന്യത്തെ അയക്കുന്നതിനെ ശക്തമായി പിന്തുണച്ചിരുന്നയാളുമാണ് അലക്‌സാണ്ടർ ഡഗിൻ. ദേശീയ ടിവി ചാനലായ സാർഗ്രാഡിൽ കമന്‍റേറ്ററായിരുന്ന ഡഗിനയും സമാനമായ വീക്ഷണങ്ങൾ വച്ചുപുലർത്തിയിരുന്നു.
പിതാവിനൊപ്പം സാംസ്‌കാരികോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. പിതാവിന്‍റെ കാറാണ് പൊട്ടിത്തെറിച്ചത്. ഇരുവരും ഒരു കാറിൽ യാത്ര ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം ഡഗിൻ മറ്റൊന്നില്‍ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ സംശയാസ്‌പദമായി ആരെയും തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ യുക്രൈൻ ഭരണകൂടം അലക്‌സാണ്ടർ ഡഗിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് വിഘടനവാദിയായ ഡൊനെറ്റ്സ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കിന്‍റെ പ്രസിഡന്‍റ് ഡെനിസ് പുഷിലിൻ ആരോപിച്ചു.