ദുബായ്: പ്രവാചക നിന്ദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി കൂടുതൽ രാജ്യങ്ങള്‍ രംഗത്ത്. ഇറാഖ്, ലിബിയ, മലേഷ്യ, തുർക്കി എന്നീ രാജ്യങ്ങളും പ്രസ്‌താവനയെ അപലപിച്ചു. ഇതോടെ 15 രാജ്യങ്ങളാണ് വിവാദ പരാമർശത്തിൽ ഇന്ത്യക്കെതിരെ ഔദ്യോഗികമായി പ്രതികരിച്ചത്. സംഭവത്തെ ശക്തമായി അപലപിച്ച ഇറാഖ് ഇന്ത്യൻ അംബാസിഡറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു.
നയപരമായി ഇന്ത്യ: അതേസമയം നബി വിരുദ്ധ പരാമർശം ഇന്ത്യയുടെ നിലപാടായി കാണരുതെന്ന് ഇറാഖിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യ എല്ലാ മതങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നതായും എംബസി വ്യക്തമാക്കി. നിരുത്തരവാദപരമായ പ്രസ്‌താവന നടത്തിയവർക്കെതിരെ ഇന്ത്യ ശക്തമായ നടപടി സ്വീകരിച്ചു. ഇന്ത്യ-ഇറാഖ് ബന്ധത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.
അധിക്ഷേപകരമായ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നായിരുന്നു ലിബിയൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. ആക്രമണത്തിന്‍റെയും, വിദ്വേഷത്തിന്‍റെയും പരാമർശം നിരാകരിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്‌തു. സംഭവത്തെ ശക്തമായി വിമർശിച്ച മലേഷ്യ ഇസ്‌ലാമോഫോബിയ അവസാനിപ്പിക്കാനും സമാധാനത്തിന് ഒരുമിച്ച് നിൽക്കാനും ഇന്ത്യയോട് ആവശ്യപ്പെട്ടു. അതേസമയം കുറ്റക്കാരെ സസ്പെൻഡ് ചെയ്‌ത നടപടി സ്വാഗതം ചെയ്യുന്നതായും മലേഷ്യ അറിയിച്ചു.
തുർക്കിയിൽ ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് ഡെവലപ്‌മെന്‍റ് പാർട്ടി വക്താവ് ഒമർ സെലിക് പ്രസ്‌താവനയെ അപമാനകരമെന്നാണ് വിശേഷിപ്പിച്ചത്. സംഭവത്തിൽ ഇന്ത്യൻ അംബാസിഡറെ വിളിച്ചു വരുത്തി തുർക്കി പ്രതിഷേധം അറിയിച്ചു.
വിവാദ പരമാര്‍ശങ്ങള്‍ക്കെതിരേ ഖത്തറും കുവൈറ്റും സൗദിയും ശക്തമായ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറയണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കുവൈത്തും ഖത്തറും. ജിസിസി രാജ്യങ്ങള്‍ക്കു പുറമെ ജോര്‍ദ്ദാന്‍, ഇന്തോനേഷ്യ, മാലിദ്വീപ് അടക്കമുള്ള രാജ്യങ്ങളും പ്രവാചക നിന്ദയിൽ ഇന്ത്യക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മെയ് 28ന് ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിൽ, ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ, ആളുകൾ എന്നിവ പരിഹാസ പാത്രമാണെന്നായിരുന്നു ബിജെപി വക്താവ് നുപുര്‍ ശര്‍മ്മയുടെ പ്രസ്‌താവന.