ചർച്ചിൽ/കാനഡ: നാം എല്ലാവരും കാർ പാർക്ക് ചെയ്‌ത ശേഷം കാറിന്‍റെ ഡോറുകൾ ലോക്ക് ചെയ്യാറുണ്ട്. ശേഷം ലോക്ക് ആയോ എന്നറിയൻ ഒന്ന് രണ്ട് തവണ പരിശോധിക്കാറുമുണ്ട്. എന്നാൽ കാറുകൾ ലോക്ക് ചെയ്യാതെ പാർക്ക് ചെയ്‌ത് പോകുന്ന ഒരു നഗരമുണ്ട് കാനഡയിൽ. മാനിറ്റോബയിലെ ചർച്ചിൽ പ്രദേശത്താണ് ജനങ്ങൾ തങ്ങളുടെ കാറുകൾ ലോക്ക് ചെയ്യാതെ പോകുന്നത്.
എന്നാൽ അത് ലോക്ക് ചെയ്യാനുള്ള മടികൊണ്ടോ, കള്ളൻമാർ ഇല്ലാത്തതുകൊണ്ടോ അല്ല. മറിച്ച് ധ്രുവക്കരടികളിൽ നിന്ന് പൗരൻമാരുടെ രക്ഷയ്‌ക്ക് വേണ്ടിയാണ്. ധ്രുവക്കരടികളുടെ ആവാസ കേന്ദ്രമാണ് മാനിറ്റോബ. ധ്രുവക്കരടികളുടെ തലസ്ഥാനം എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.
കാണാൻ മനോഹരമാണെങ്കിലും ഏറെ അപകടകാരികളാണ് ധ്രുവക്കരടികൾ. മാംസമാണ് അവയുടെ പ്രധാന ഭക്ഷണം. അതിനാൽ തന്നെ ചർച്ചിൽ പ്രദേശത്ത് ആർക്കെങ്കിലും കരടിയുടെ ആക്രമണം നേരിടേണ്ടി വന്നാൽ അവർക്ക് കാറിൽ കയറി രക്ഷപ്പെടുന്നതിനായാണ് കാറുകൾ ലോക്ക് ചെയ്യാതെ ഉടമകൾ പോകുന്നത്.
കരടികൾ ഇടക്കിടെ നഗരത്തിൽ പ്രവേശിച്ച് ജനങ്ങൾക്ക് ഭീക്ഷണിയുണ്ടാക്കാറുണ്ടിവിടെ. കരടികൾ പ്രവേശിക്കുന്നത് തടയാൻ അധികൃതർ പല നടപടികളും ഇവിടെ സ്വീകരിക്കുന്നുണ്ട്. ഭക്ഷണത്തിനായി കരടികൾ നഗരത്തിൽ പ്രവേശിക്കുന്നത് തടയാൻ മാലിന്യങ്ങൾ തുറസായ സ്ഥലത്ത് നിക്ഷേപിക്കരുതെന്നും ഇവിടെ നിർദേശം നൽകിയിട്ടുണ്ട്.