ദുബായ്: ദുബായിൽ ഇലക്‌ട്രിക് ഫ്ലൈയിങ് ടാക്‌സി പരീക്ഷിച്ച് ചൈനീസ് കമ്പനി. ഗ്വാങ്ഷൂ ആസ്ഥാനമായുള്ള എക്‌സ്പെങ്ങ് (XPeng) എന്ന കമ്പനിയാണ് XPeng X2 എന്ന തങ്ങളുടെ പറക്കും കാറിന്‍റെ പരീക്ഷണം നടത്തിയത്. യാത്രക്കാരില്ലാതെയാണ് ഇത്തവണ കമ്പനി തങ്ങളുടെ പരീക്ഷണ പറക്കൽ നടത്തിയത്. എന്നാൽ 2021 ജൂലൈയിൽ യാത്രക്കാരുമായി തങ്ങൾ പരീക്ഷണം നടത്തിയതായും കമ്പനി അവകാശപ്പെടുന്നു.
രണ്ട് യാത്രക്കാരെ വഹിക്കാൻ കഴിയുന്ന ഈ വാഹനം എട്ട് പ്രൊപ്പല്ലറുകളുടെ ഒരു സെറ്റ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. മണിക്കൂറിൽ 130 കിലോമീറ്റർ (80 മൈൽ) ആണ് ഇതിന്‍റെ ഉയർന്ന വേഗതയെന്നും കമ്പനി അറിയിച്ചു. വിമാനങ്ങൾ, ഹെലികോപ്‌ടറുകൾ എന്നിവയിൽ നിന്ന് വ്യത്യസ്‌തമായി eVTOL (ഇലക്‌ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ്) എന്ന സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്.
പൈലറ്റില്ലാതെയാണ് ഈ പറക്കും ടാക്‌സികൾ പ്രവർത്തിക്കുന്നത്. അതേസമയം ബാറ്ററി ലൈഫ്, എയർ ട്രാഫിക് കണ്‍ട്രോൾ സുരക്ഷ, അടിസ്ഥാന സൗകര്യത്തിന്‍റെ പ്രശ്‌നങ്ങൾ എന്നിവ എക്‌സ്പെങ്ങിന് വെല്ലുവിളികൾ സൃഷ്‌ടിക്കുമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.