ബീജിങ് : ഡിസംബര്‍ എട്ട് മുതല്‍ ജനുവരി 12 വരെയുള്ള കാലയളവില്‍ കൊവിഡ് ബാധിക്കപ്പെട്ട 60,000ത്തിനടുത്ത് ആളുകള്‍ രാജ്യത്ത് മരണപ്പെട്ടെന്ന് ചൈനീസ് അധികൃതര്‍. കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നില്ല എന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടയിലാണ് ചൈന പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ 5,503 പേര്‍ ശ്വസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലമാണ് മരിച്ചത്. 54,435 പേര്‍ക്ക് കൊവിഡിനോടൊപ്പം മറ്റ് രോഗങ്ങളുമുള്ളതിനാലാണ് അന്ത്യം സംഭവിച്ചതെന്നും ചൈനീസ് അധികൃതര്‍ അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങള്‍ ആശുപത്രിയില്‍ സംഭവിച്ചതാണെന്നാണ് ദേശീയ ആരോഗ്യ കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്. വീടുകളില്‍ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം കൂടി കണക്കാക്കുമ്പോള്‍ എണ്ണം ഇതിലും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ കണക്കുകള്‍ വന്നതോടെ ചൈനയിലെ ഔദ്യോഗിക കൊവിഡ് മരണങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ച് 10,775 ആയി. ശ്വസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം മരിച്ചാല്‍ മാത്രമേ ചൈനയില്‍ കൊവിഡ് മരണത്തിന്‍റെ ഗണത്തില്‍പ്പെടുത്തുകയുള്ളൂ. സീറോ കൊവിഡ് നയം പിന്‍വലിച്ചതിനെ തുടര്‍ന്ന് കൊവിഡുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിടുന്നത് ചൈന നിര്‍ത്തിയിരുന്നു. ലോകാരോഗ്യ സംഘടനയും മറ്റ് രാജ്യങ്ങളും കൊവിഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ചൈനയോട് ആവശ്യപ്പെട്ടിരുന്നു.