ബീജിങ് : പടിഞ്ഞാറൻ ചൈനയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 93 ആയി ഉയർന്നു. കഴിഞ്ഞ ആഴ്‌ച സിചുവാൻ പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. റിക്‌ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പ്രവിശ്യയിലെ ഗാൻസെ ടിബറ്റൻ സ്വയംഭരണ പ്രദേശത്താണ് ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായത്.
ഭൂകമ്പത്തില്‍ കാണാതായ 25 ഓളം പേരെ കണ്ടെത്താനുണ്ടെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. കനത്ത മഴയും മണ്ണിടിച്ചിലും കാരണം രക്ഷാപ്രവർത്തനം സങ്കീർണമാണ്. പ്രദേശത്തെ താമസക്കാരെ താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
പ്രവിശ്യയുടെ തലസ്ഥാനമായ ചെഹ്‌ഡുവിലും ഭൂകമ്പം ബാധിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രദേശത്ത് കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പ്രദേശവാസികളെ വീട്ടിൽ നിന്നും പുറത്തിറങ്ങുവാൻ അനുവദിച്ചിട്ടില്ല. ദശലക്ഷക്കണക്കിന് ആളുകളാണ് കൊവിഡ് നിയന്ത്രണ മേഖലകളിലായുള്ളത്.
പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലാത്ത ഏതാനും ജില്ലകൾ മാത്രം ഇന്ന് (തിങ്കളാഴ്‌ച) പൂർവസ്ഥിതിയിൽ പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് ചെഹ്‌ഡുവിലെ പ്രാദേശിക സർക്കാർ അറിയിച്ചു. അതേസമയം ഭൂരിഭാഗം പേരും നിയന്ത്രണ മേഖലകളിൽ തന്നെ തുടരേണ്ടി വരും.
തിങ്കളാഴ്‌ച നഗരത്തിൽ റിപ്പോർട്ട് ചെയ്‌ത 143 കേസുകളിൽ പകുതിയിലധികവും രോഗലക്ഷണങ്ങൾ ഇല്ലാത്തവരായിരുന്നു. മറ്റ് രാജ്യങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചപ്പോഴും ചൈന ഇപ്പോഴും അത് തുടരുകയാണ്. ഇതിലൂടെ മരണ നിരക്ക് കുറയ്ക്കാൻ സാധിച്ചെങ്കിലും മാസങ്ങളായി ജനങ്ങൾ വീടുകളിൽ കഴിയുകയാണ്.