ബീജിങ്: നീണ്ട നാളത്തെ ആശ്വാസത്തിന് ശേഷം വീണ്ടും കൊവിഡിന്‍റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് ചൈന. ഒക്‌ടോബർ ആദ്യം മുതൽ ചൈനയിലുടനീളം നിരവധി ഹോട്ട്‌സ്‌പോട്ടുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ ഏകദേശം 2,50,000 ആളുകൾക്ക് ക്വാറന്‍റൈൻ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്‍റെ തിരക്കിലാണ് രാജ്യത്തെ ഭരണകൂടം.
ഏറ്റവും വലുതും 13 ദശലക്ഷം ജനങ്ങളുള്ളതുമായ നഗരമായ ഗ്വാങ്‌ഷൂവിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,680 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട 23,276 കേസുകളിൽ 40 ശതമാനമാണിത്. സ്‌കൂളുകളും വ്യാപാരസ്ഥാപനങ്ങളും ഉൾപ്പടെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത് ജനങ്ങളുടെ നിരാശയ്‌ക്കും ആരോഗ്യപ്രവർത്തകരുമായുള്ള തർക്കത്തിനും വഴിവച്ചിട്ടുണ്ട്.
2020 ൽ മഹാമാരിയുടെ തുടക്കം മുതൽ ചൈനയിൽ ദ്രുതഗതിയിൽ ആയിരക്കണക്കിന് കിടക്കകളുള്ള ആശുപത്രികളാണ് നിർമിച്ചത്. വരാനിരിക്കുന്ന ഒരു സാമ്പത്തിക ആഘാതം ചൈന മുന്നിൽ കാണുന്നുണ്ട്. രാജ്യത്തെ ദശലക്ഷക്കണക്കിന് പ്രായമായ ആളുകൾക്ക് സർക്കാർ വാക്‌സിനേഷൻ നൽകേണ്ടതിനാൽ അടുത്ത ഒരു വർഷം വരെ സീറോ കൊവിഡ് എന്ന നയം തുടരേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്‌ദരും ആരോഗ്യ വിദഗ്‌ദരും പറഞ്ഞു.
അതിനിടെ വ്യാഴാഴ്‌ച സെൻട്രൽ സിറ്റിയായ ഷെങ്‌ഷൗവിലെ ഒരു ഹോട്ടലിൽ ക്വാറന്‍റൈനിൽ കഴിയുന്നതിനിടെ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട നാല് മാസം പ്രായമുള്ള പെൺകുട്ടി മരിച്ചിരുന്നു. നിയന്ത്രണങ്ങൾ കാരണം 11 മണിക്കൂർ വൈകിയാണ് കുഞ്ഞിന് വൈദ്യസഹായം ലഭിച്ചത്. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്‌ത ചില കേസുകൾ രാജ്യത്ത് പലയിടത്തും സംഘർഷാവസ്ഥയ്‌ക്ക് കാരണമായിട്ടുണ്ട്.
ഐഫോൺ കമ്പനിയുടെ ആസ്ഥാനമായ ഷെങ്‌ഷോ വ്യാവസായിക മേഖലയിലേക്കുള്ള പ്രവേശനം ഈ മാസം താത്‌കാലികമായി നിർത്തിവച്ചു. ഇതോടെ ഐഫോൺ 14 മോഡലിന്‍റെ ഡെലിവറികൾ വൈകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. തലസ്ഥാനമായ ബീജിങിൽ എലൈറ്റ് പീക്കിങ് സർവകലാശാലയിലേക്കുള്ള പ്രവേശനം ബുധനാഴ്‌ച താത്‌കാലികമായി നിർത്തിവച്ചു.