ബെയ്‌ജിങ് : 20-ാമത്, കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന് മുന്നോടിയായി പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിനെതിരായ പ്രതിഷേധം തടയാന്‍ ചൈനയില്‍ വ്യാപക നീക്കം. ഇതിന്‍റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ നിന്നും പ്രസിഡന്‍റിനെതിരായ പോസ്റ്റുകള്‍, കീവേഡുകള്‍, ഹാഷ്‌ടാഗുകള്‍ എന്നിവ പൂര്‍ണമായും നീക്കം ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്‌ടോബർ 16നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) സമ്മേളനം.
ഷി ജിന്‍പിങ് മൂന്നാം തവണയും തലപ്പത്തെത്താന്‍ ഇടയുള്ള പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കാനിരിക്കെ രാജ്യത്തിന്‍റെ പല കോണുകളില്‍ നിന്നായി അസാധാരണമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയയില്‍ തിരക്കിട്ട നീക്കം നടക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സിസിപിയുടെ നേതൃപദവിയില്‍ നിന്നും രാജ്യഭരണ പദവിയില്‍ നിന്നും ഷിയെ പുറത്താക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. രാജ്യത്തെ കര്‍ശനമായ കൊവിഡ് നയങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. അഞ്ച് വർഷത്തിലൊരിക്കല്‍ നടക്കുന്ന സമ്മേളനത്തിന് ഞായറാഴ്‌ച തുടക്കമാവും. മൂന്നാം തവണയും ഷി ജിന്‍പിങ് തന്നെ പാര്‍ട്ടി തലപ്പത്തെത്തുമെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.