ന്യൂഡല്‍ഹി : ചൈനയിലെ കുട്ടികളില്‍ എച്ച് 9 എന്‍ 2 ബാധയും ശ്വാസ കോശ സംബന്ധമായ അസുഖങ്ങളും പടരുന്ന സാഹചര്യം സസൂക്ഷ്‌മം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഏത് തരത്തിലുളള അടിയന്തര സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്‌ത ഇന്‍ഫ്ലുവന്‍സയും ശ്വാസകോശ രോഗവും മൂലം ഇന്ത്യയില്‍ അപകടസാഹചര്യം ഉണ്ടാകാനിടയില്ലെന്നും പ്രസ്‌താവനയില്‍ പറയുന്നുണ്ട് (central govt statement on outbreak of H9N2 in china).
വടക്കന്‍ ചൈനയില്‍ ശ്വാസകോശരോഗം വ്യാപിക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ പ്രസ്‌താവന. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ ഇന്‍ഫ്ലുവന്‍സ രോഗം പകരാനും ഗുരുതര സാഹചര്യങ്ങള്‍ ഉണ്ടാകാനുളള സാഹചര്യവും കുറവാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും നിരീക്ഷണം ശക്തമാക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഇത്തരം പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യ സമഗ്രവും സംയോജിതവുമായ ഇടപെടലാണ് നടത്തുന്നതെന്നും കൊവിഡ് മഹാമാരിക്ക് ശേഷം ആരോഗ്യ സംവിധാനം കാര്യമായി ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ പ്രസ്‌താവനയിലുണ്ട്. മനുഷ്യ, മൃഗസംരക്ഷണ, വന്യജീവി മേഖലകൾക്കിടയിൽ നിരീക്ഷണം ശക്തമാക്കേണ്ടതിന്‍റെയും ഏകോപനം മെച്ചപ്പെടുത്തേണ്ടതിന്‍റെയും ആവശ്യകത തിരിച്ചറിഞ്ഞു. ഏത് തരത്തിലുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്കും ഇന്ത്യ തയ്യാറാണ്, മന്ത്രാലയം കൂട്ടിച്ചേർത്തു.